/sathyam/media/media_files/2025/02/15/aHV1UcR1J2nNqZlKp7QR.jpg)
കോഴിക്കോട്,: യുഎൽസിസിഎസിന്‍റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഉപസ്ഥാപങ്ങളായ യുഎൽ ടെക്നോളജി സൊല്യൂഷൻസും (യുഎൽടിഎസ്) യുഎൽ സൈബർപാർക്കും ചേർന്ന് സംഘടിപ്പിക്കുന്ന മൂന്നു ദിവസത്തെ ‘ടെക് പൾസ്’ ഹാക്കത്തോൺ യുഎൽ സൈബർപാർക്കിൽ കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക ഉദ്ഘാടനം ചെയ്തു.
യുഎൽസിസിഎസ് ചെയർമാൻ രമേശൻ പാലേരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടനയോഗത്തിൽ ഓപ്പൺ സോഴ്‌സ് ഫാർമ ഫൗണ്ടേഷന്‍റെ സഹസ്ഥാപകനും ചെയർമാനുമായ ജയകുമാർ മേനോൻ, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ലജീഷ് വിഎൽ, കോഴിക്കോട് ഗവൺമെന്‍റ് സൈബർപാർക്ക് ജനറൽ മാനേജർ വിവേക് നായർ, യുഎൽസിസിഎസ് എംഡി ഷാജു എസ് തുടങ്ങിയവർസംബന്ധിച്ചു.
സാമ്പ്രദായികതകൾ ഉപേക്ഷിച്ച് നൂതനാശയങ്ങളെ മുന്നോട്ടു കൊണ്ടുപോകുന്നതും അതിലുപരി സമൂഹത്തെ സ്വാധീനിക്കുമാറു സാങ്കേതികവിദ്യ ഉപയോഗിക്കുന്നതുമായ സർഗാത്മകതയുടെ സംസ്ക്കാരം സ്വീകരിക്കണമെന്ന് അനൂപ് അംബിക വിദ്യാർത്ഥികളെ ആഹ്വാനം ചെയ്തു.
എഐയുടെയും ഓട്ടോമേഷന്‍റെയും മുന്നേറ്റം ചൂണ്ടിക്കാട്ടിയ അദ്ദേഹം വെറുതെ പറയുന്ന നിർദ്ദേശം ബൃഹത്തായ ജോലികൾ ചെയ്യാൻ എഐ ഏജന്‍റുകളെ സഹായിക്കുന്നതുപോലെ, ഒരു 'ഏജന്‍റിക് തലം' എല്ലാ കാര്യത്തിലും ഉൾച്ചേർക്കപ്പെടുമെന്ന് അഭിപ്രായപ്പെട്ടു.
വർദ്ധിച്ചുവരുന്ന കുടിയേറ്റത്തിനിടയിലും കേരളത്തിലെ യുവപ്രതിഭകളെ ഇവിടെ പിടിച്ചുനിർത്തേണ്ടതിന്‍റെ പ്രാധാന്യം യുഎൽസിസിഎസ് ചെയർമാൻ രമേശൻ പാലേരി ഊന്നിപ്പറഞ്ഞു. യുവതലമുറയ്ക്ക് അവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള യുഎൽസിസിഎസിന്റെ പ്രതിബദ്ധത യുഎൽ സൈബർപാർക്ക്, യുഎൽ ടെക്നോളജി സൊല്യൂഷൻസ് എന്നീ സംരംഭങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം അടിവരയിട്ടു.
യുവ പ്രൊഫഷണലുകൾക്ക് അഭിവൃദ്ധി പ്രാപിക്കാനും സംസ്ഥാനത്തിന്റെ പുരോഗതിക്ക് സംഭാവന നൽകാനും, രാഷ്ട്രനിർമ്മാണത്തിൽ സജീവമായി പങ്കെടുക്കാനും കഴിയുന്ന ആവാസവ്യവസ്ഥയാണ് ഈ സംരംഭങ്ങൾ നൽകുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരളത്തിലുടനീളമുള്ള കോളേജുകളിൽനിന്നു തെരെഞ്ഞെടുത്ത 75-ഓളം വിദ്യാർത്ഥികളാണ് 16 ടീമുകളിലായി ഹാക്കത്തോണിൽ പങ്കെടുക്കുന്നത്. ഇന്നു നാം നേരിടുന്ന വെല്ലുവിളികൾക്ക് നൂതനവും സാങ്കേതികവിദ്യാധിഷ്ഠിതവുമായ പരിഹാരാശയങ്ങൾ അവതരിപ്പിക്കാനുള്ള മത്സരമാണ് ടെക് പൾസ്.
വിജയിക്കുന്ന ടീമുകൾക്ക് 1.5 ലക്ഷം രൂപ സമ്മാനത്തുക പങ്കുവയ്ക്കും. അവരുടെ ആശയങ്ങൾ കൂടുതൽ വികസിപ്പിക്കാനും വളർത്തിയെടുക്കാനുമുള്ള പിന്തുണയും ലഭ്യമാക്കും. ഹാക്കത്തോണിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് 20-ൽപ്പരം വ്യവസായവിദഗ്ധരുടെ മാർഗനിർദേശങ്ങളും വിലയിരുത്തലും ലഭിക്കാൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്.