/sathyam/media/media_files/2025/08/30/9d310e15-d2fa-47e5-a447-28c5fb3a856c-2025-08-30-16-45-48.jpg)
കുറവിലങ്ങാട്: ദേവമാതാ കോളേജിന് ഇത്തവണ ഓണം പൊന്നോണമാണ്. സ്വയംഭരണപദവി നേടിയതിനു ശേഷമുള്ള ആദ്യ ഓണാഘോഷം സ്റ്റുഡൻ്റ്സ് യൂണിയൻ്റെ നേതൃത്വത്തിലാണ് നടന്നത്. മാവേലിമന്നന്മാരും പുലിവേഷക്കാരും ചെണ്ടമേളക്കാരും അണിനിരന്ന വർണ്ണശബളമായ സാംസ്കാരികഘോഷയാത്രയോടെ പരിപാടികൾ ആരംഭിച്ചു. പ്രിൻസിപ്പൽ പ്രൊഫ. ഡോ. സുനിൽ സി. മാത്യു ഓണസന്ദേശം നൽകി.
ദേവമാതായുടെ സ്വന്തം വാദ്യകലാകാരന്മാർ ചെണ്ടയിൽ മേളപ്പെരുക്കം തീർത്തു.കോളേജിലെ പെൺകുട്ടികൾ ഒത്തുചേർന്ന മെഗാ തിരുവാതിര ഒരുമയുടെ ചുവടുകളാൽ ഹൃദയഹാരിയായി. ദേവമാതാ മ്യൂസിക് അക്കാദമിയിലെ ഗായകർ ഓണപ്പാട്ടിന് താളം പകർന്നു. കസേരകളി, ചാക്കിൽച്ചാട്ടം, നാരങ്ങാസ്പൂൺ, ബോൾ പാസിംഗ് തുടങ്ങിയ ഓണക്കളികൾക്ക് ശേഷം ആവേശകരമായ വടംവലി മത്സരം നടന്നു. അധ്യാപക-അനധ്യാപക-വിദ്യാർത്ഥികളുടെ മനസ്സിലും നാവിലും രുചിക്കൂട്ടൊരുക്കിയ സദ്യയോടെ ആഘോഷങ്ങൾ സമാപിച്ചു.
വൈസ് പ്രിൻസിപ്പൽ റവ. ഫാ. ഡിനോയ് മാത്യു കവളമ്മാക്കൽ, ബർസാർ റവ. ഫാ. ജോസഫ് മണിയഞ്ചിറ, ഡോ. പ്രിയ ജോസഫ്, ഡോ. റെന്നി എ. ജോർജ്, ശ്രീമതി. പ്രസീദ മാത്യു, ഡോ. അമൽ വി. തങ്കച്ചൻ യൂണിയൻ ചെയർമാൻ ബേസിൽ ബേബി, ജനറൽ സെക്രട്ടറി ജിൻസൺ സോണി എന്നിവർ ഓണാഘോഷത്തിന് നേതൃത്വം നൽകി.