പാലക്കാട് : ജില്ലയിലെ രൂക്ഷമായ പ്ലസ് വൺ സീറ്റ് പ്രതിസന്ധി ഉടൻ പരിഹരിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. 2025-26 അക്കാദമിക വർഷത്തിലേക്കുള്ള എച്. എസ്. ഇ,വി.എച്.എസ്. ഇ, ഐ. ടി. ഐ, പോളി മുതലായ കോഴ്സുകളിലേക്ക് അഡ്മിഷൻ നടക്കാനിരിക്കെ ജില്ലയിലെ രൂക്ഷമായ പ്ലസ് വൺ സീറ്റ് പ്രതിസന്ധി മറികടക്കാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ പ്രസിഡന്റ് ആബിദ് വല്ലപ്പുഴ പ്രസ്താവിച്ചു.
മതിയായ പുതിയ ബാച്ചുകൾ അനുവദിക്കണമെന്നും പ്രൊഫ വി കാർത്തികേയൻ കമ്മീഷൻ റിപ്പോർട്ട് ഉടൻ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് നടത്തുന്ന മലബാർ വിദ്യാഭ്യാസ അവകാശ പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലയിൽ കളക്ടറേറ്റ് മാർച്ച് സംഘടിപ്പിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു.
39809വിദ്യാർഥികൾ ഇപ്രാവശ്യം SSLC പാസ്സ് ആയപ്പോൾ 24150 ഹയർ സെക്കണ്ടറി സീറ്റുകൾ, 1725 വി. എച്. എസ്. സി സീറ്റുകൾ, 2468 ഐ. ടി. ഐ സീറ്റുകൾ, 480 പോളിടെക്നിക്ക് സീറ്റുകൾ അടക്കം 28823 സീറ്റുകളിൽ ആണ് ഉപരിപഠന സാധ്യത. ഇത് പ്രകാരം 10986 വിദ്യാർത്ഥികൾക്ക് തുടർപഠനം സാധ്യമാവില്ല. ഐ. സി എസ്. ഇ, സി. ബി. എസ്. ഇ വിദ്യാർഥികളും എസ്. എസ്. എൽ. സി സേ പരീക്ഷ വിജയിക്കുന്ന വിദ്യാർഥികൾ കൂടി വരുന്നതോടെ പ്രതിസന്ധി സങ്കീർണ്ണമാവും.