കാഴ്ച്ചകളുടെ വിരുന്നായി ഗാന്ധി ഉത്സവം; രാഷ്ട്രപിതാവിനെ അടുത്തറിഞ്ഞ് കുട്ടികള്‍

New Update
gandhi ulsav

കോട്ടയം: ചരിത്രം വിവരിക്കുന്ന ചിത്രങ്ങളായി മഹാത്മാ ഗാന്ധി കണ്‍മുന്നിലെത്തിയപ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് കൗതുകം. ഓരോ ചിത്രത്തിന്‍റെയും അടിക്കുറിപ്പ് വായിച്ചും ഗാന്ധിയന്‍ സാഹിത്യ  പുസ്തകങ്ങള്‍ മറിച്ചു നോക്കിയും ചര്‍ക്കയുടെ പ്രവര്‍ത്തനം കണ്ടറിഞ്ഞും നീങ്ങുമ്പോള്‍ ഗാന്ധി ഉത്സവം അവര്‍ക്ക്  വേറിട്ട അനുഭവമായി.

Advertisment

ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പും കേരള യൂത്ത് പ്രമോഷന്‍ കൗണ്‍സിലും സംയുക്തമായി സംഘടിപ്പിച്ച ഗാന്ധിദര്‍ശന്‍ പരിപാടിയുടെ ഭാഗമായാണ് ചങ്ങനാശേരി ഗവണ്‍മെന്‍റ് എല്‍.പി സ്കൂളില്‍ ഗാന്ധി ഉത്സവം സംഘടിപ്പിച്ചത്. ഗാന്ധിയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചനയും ഹാരാര്‍പ്പണവും നടത്തിയാണ് രാവിലെ പരിപാടിക്ക് തുടക്കം കുറിച്ചത്. കേരള യൂത്ത് പ്രമോഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ സുമന്‍ജിത്ത് മിഷയും സ്കൂള്‍ ഹെഡ്മിസ്ട്രസ് മിനി മാത്യുവും നേതൃത്വം നല്‍കി. 

ചങ്ങനാശേരിയിലെ വിവിധ സ്കൂളുകളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ പ്രദര്‍ശനം കാണാനെത്തി. ഉച്ചകഴിഞ്ഞ് ചങ്ങനാശേരി പ്രസ് ക്ലബില്‍ നടന്ന പൊതുസമ്മേളനം അഖിലേന്ത്യ ഗാന്ധി സ്മാരക നിധി മുന്‍ ട്രസ്റ്റി കെ.ജി. ജഗദീശന്‍ ഉദ്ഘാടനം ചെയ്തു.   കേരള യൂത്ത് പ്രമോഷന്‍ കൗണ്‍സിലിന്‍റെ ഈ വര്‍ഷത്തെ ഗാന്ധിദര്‍ശന്‍ പുരസ്കാരം കോട്ടയം നട്ടാശ്ശേരി ഗാന്ധി സ്മാരക സേവാ കേന്ദ്രം സെക്രട്ടറി എം. അരവന്ദാക്ഷന്‍ നായര്‍ക്ക് അദ്ദേഹം സമ്മാനിച്ചു.

കേരള യൂത്ത് പ്രമോഷന്‍ കൗ‍ണ്‍സില്‍ ചെയര്‍മാന്‍ സുമന്‍ജിത്ത് മിഷ അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജസ്റ്റിന്‍ ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. കോട്ടയം  മുനിസിപ്പല്‍ കൗണ്‍സിലര്‍ സാബു മാത്യു, ചങ്ങനാശേരി മുനിസിപ്പല്‍ കൗണ്‍സിലർ ശ്യാം സാംസണ്‍, ഹരജിസന്‍ സേവക് സംഘ് സെക്രട്ടറി ഗോപാലകൃഷ്ണപ്പണിക്കര്‍, കേരള യൂത്ത് പ്രമോഷന്‍ കൗണ്‍സില്‍ സംസ്ഥാന നിര്‍വാഹക സമിതി അഗം എം.എ. സജ്ജാദ്, ജില്ലാ കണ്‍വീനര്‍ ബിനു ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

Advertisment