/sathyam/media/media_files/2024/12/05/bNcBWRjRvxCMxCOLyQEP.jpeg)
തിരുവനന്തപുരം: ഗാർഹിക പാചക വാതകത്തിന് അപ്രതീക്ഷിത വില വർദ്ധനവ് നടത്തി ജനങ്ങളെ കൊള്ളയടിക്കുകയാണ് ബിജെപി സർക്കാർ ചെയ്യുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി. എണ്ണ കമ്പനികളുടെ നഷ്ടമാണ് വില കൂട്ടലിന് പിന്നിൽ എന്നാണ് കേന്ദ്രസർക്കാർ പറയുന്നത്.
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന് വില കുറയുമ്പോഴും എണ്ണ കമ്പനികളുടെ നഷ്ടത്തിന്റെ കണക്കുകൾ നിരത്തിയാണ് വില വർദ്ധനവിനെ കേന്ദ്ര സർക്കാർ ന്യായീകരിക്കുന്നത്. 43000 കോടി രൂപയുടെ സാമ്പത്തിക നഷ്ടത്തെക്കുറിച്ച് അവ്യക്തമായ കണക്കുകളാണ് കേന്ദ്രസർക്കാർ അവതരിപ്പിക്കുന്നത്. എന്നാൽ നഷ്ടത്തിന്റെ കാരണം വിശദീകരിക്കാനോ ജനങ്ങൾക്ക് ആവശ്യമായ വിശദാംശങ്ങൾ കൈമാറാനോ കേന്ദ്ര സർക്കാർ തയ്യാറാകുന്നില്ല.
രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില വർദ്ധിപ്പിച്ചതിന് പിന്നാലെയാണ് പാചകവാതകത്തിനും സർക്കാർ ജനങ്ങളുടെ മേൽ ഭാരം കെട്ടിവയ്ക്കുന്നത്. പെട്രോളിന്റെയും ഡീസലിന്റെയും വില വർദ്ധനവ് ജനങ്ങളെ ബാധിക്കില്ല എന്ന ന്യായമാണ് പാചകവാതക വിലവർധനവിന് സർക്കാർ വിശദീകരണം.
എങ്ങനെയാണ് ജനങ്ങളെ ബാധിക്കാതെ വില വർദ്ധിപ്പിക്കുക എന്ന് സർക്കാർ വ്യക്തമാക്കണം. നിത്യ ജീവിതത്തിലെ പച്ചക്കറി ഉൾപ്പെടെയുള്ള വിവിധ അടിസ്ഥാന ഭക്ഷണ വസ്തുക്കൾക്ക് പോലും ക്രമാതീതമായി വില വർധനവ് നടത്തി സർക്കാറും വാണിജ്യ മാഫിയ സംഘങ്ങളും ചേർന്ന് ജനങ്ങളെ വഞ്ചിക്കുകയാണ്.
ജനങ്ങൾക്ക് ഉണ്ടാകുന്ന അമിതഭാരം ലഘൂകരിക്കാനുള്ള ക്രമീകരണം നടത്തുന്നതിനു പകരം രാജ്യത്തെ കൂടുതൽ ദാരിദ്ര്യത്തിലേക്ക് തള്ളി വിടാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. പാചകവാതക വിലവർധനവിലൂടെ ജനങ്ങൾക്ക് മേൽ അമിതഭാരം കെട്ടിവയ്ക്കാനുള്ള കേന്ദ്രസർക്കാരിനെ നീക്കത്തിൽ നിന്ന് ഉടൻ പിന്മാറണമെന്ന് പാലേരി ആവശ്യപ്പെട്ടു.