സർക്കാർ സേവനങ്ങൾ ഒരു കുടക്കീഴിൽ; കടപ്ലാമറ്റം മിനി സിവിൽ സ്റ്റേഷൻ നിർമാണം പുരോഗമിക്കുന്നു

New Update
Kadaplamattam mini civil station

കോട്ടയം: കടപ്ലാമറ്റം ഗ്രാമപഞ്ചായത്തിലെ മിനി സിവിൽ സ്റ്റേഷൻ കെട്ടിട നിർമാണ പ്രവർത്തനങ്ങൾ പുരോഗതിയിൽ. മോൻസ് ജോസഫ് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നനുവദിച്ച രണ്ടു കോടി രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 

Advertisment

 രണ്ടു ഘട്ടങ്ങളിലായിട്ടാണു നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നത്. 2019-2020 വർഷത്തിലെ ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ച ഒരു കോടി രൂപയിലാണ് താഴത്തെ നിലയുടെ പണി പൂർത്തീകരിച്ചത്. മുകളിലത്തെ നിലയുടെ പൂർത്തീകരണത്തിനായി 2023- 24 ലെ ആസ്തി വികസന ഫണ്ടിൽനിന്ന് ഒരു കോടി രൂപയാണ് ചെലവഴിച്ചത്. 


കടപ്ലാമറ്റം ഗ്രാമപഞ്ചായത്തിൽനിന്ന് 50 മീറ്റർ ദൂരത്തിലാണ് മിനി സിവിൽ സ്റ്റേഷൻ നിർമിക്കുന്നത്. 1198.5 ചതുരശ്ര മീറ്ററിൽ നിർമിക്കുന്ന കെട്ടിടത്തിൽ  വിവിധ സർക്കാർ സ്ഥാപനങ്ങൾക്ക് തൃപ്തികരമായി പ്രവർത്തിക്കാനുള്ള അടിസ്ഥാനസൗകര്യങ്ങളാണ് ഒരുക്കുന്നത്. പെയിന്റിംഗ് ജോലികളും ഇന്റീരിയർ ജോലികളുമാണ് ഇനി പൂർത്തീകരിക്കാനുള്ളത്. 

പഞ്ചായത്ത് ഓഫീസ്,  വില്ലേജ് ഓഫീസ്, ഹോമിയോ ആശുപത്രി, വി.ഇ.ഒ ഓഫീസ്, കുടുംബശ്രീ ഓഫീസ്, തദ്ദേശ സ്വയംഭരണവകുപ്പ് ഓഫീസ് എന്നിവയാണ് ഉണ്ടാവുക. കടപ്ലാമറ്റം പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന വില്ലേജ് ഓഫീസ് ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങൾ മിനി സിവിൽ സ്റ്റേഷൻ പൂർത്തിയാകുന്നതോടെ ഒരു കുടക്കീഴിലാകും.

Advertisment