/sathyam/media/media_files/U8izk21b5Di1KjwaJNgS.jpg)
തൊടുപുഴ : ഓൾഡ് ആലുവ - മൂന്നാർ റോഡ് സംബന്ധിച്ച തുടർ നടപടികൾക്കായി വനംവകുപ്പ് തന്നെ അന്വേഷണ സമിതിയെ നിയോഗിച്ചതിൽ എന്ത് പ്രയോജനമാണുള്ളത് എന്ന് സർക്കാർ വ്യക്തമാക്കണമെന്ന് ഡീൻ കുര്യാക്കോസ് എം പി
കോതമംഗലം രൂപതാ മുൻ പിതാവ് മാർ ജോർജ് പുന്നക്കോട്ടിലിനെതിരെ പോലും കള്ളക്കേസ് എടുത്ത് ജനകീയ ആവശ്യം സമ്പൂർണ്ണമായി നിരാകരിക്കുന്ന വനം വകുപ്പ് ഉദ്യോഗസ്ഥർ എന്ത് തീരുമാനമാണ് എടുക്കുക എന്നത് വ്യക്തമാണ്. ഈ സാഹചര്യത്തിൽ പഴയ രാജപാത സംബന്ധിച്ച് പ്രിൻസിപ്പൽ കൺസർവറ്റർ ഓഫ് ഫോറസ്റ്റ് രാജേഷ് രവീന്ദ്രൻ നൽകുന്ന റിപ്പോർട്ടിന് ആസ്പദമായി തുടർ നടപടികൾ സ്വീകരിക്കും എന്നാണ് മന്ത്രി പി. രാജീവിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൻ്റെ തീരുമാനം.
കേസ് പിൻവലിക്കുമെന്ന് പറഞ്ഞത് ശക്തമായ സാമൂഹ്യ സമ്മർദ്ദത്തിൻ്റെ പശ്ചാത്തലത്തിലാണ്.അത് സർക്കാറിൻ്റെ ഔദാര്യവുമല്ല, കേസിനെ ഭയക്കുന്നുമില്ല. പൊതുമരാമത്ത് വകുപ്പിൻ്റെ ഉടമസ്ഥതയിൽ ഉള്ള റോഡിനെ സംബന്ധിച്ച്, അന്വേഷണം നടത്താൻ കമ്മറ്റിയെ നിയോഗിക്കുമ്പോൾ ആ വകുപ്പുദ്യോഗസ്ഥരും, റവന്യു ഉദ്യോഗസ്ഥരും ന്യായമായും ഉൾപ്പടേണ്ടതായിരുന്നു.എന്നാൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി മാത്രമാണ് വനം വകുപ്പിൻ്റെ മാത്രമായി ഒരു റിപ്പോർട്ട് വരാൻ പോകുന്നത്.
ഈ സാഹചര്യത്തിൽ പദ്ധതി അട്ടിമറിക്കുന്നതിനുള്ള ഗൂഢനീക്കമാണ് സർക്കാരിൻ്റെ ഭാഗത്ത് നിന്നും ഉണ്ടായിരുക്കുന്നത് എന്നും ഈ തീരുമാനം അംഗീകരിക്കാനാവില്ലെന്നും ഡീൻ കുര്യാക്കോസ് MP വ്യക്തമാക്കി.