കണ്ണൂർ ജില്ലാ സ്കൂൾ കലോത്സവം: ആരോഗ്യ വകുപ്പ് സംയുക്ത പരിശോധന നടത്തി

കലോത്സവത്തിന്റെ പ്രധാന വേദികളിലും പാചകശാലയിലും സ്റ്റോർ റൂം, കുടിവെള്ള സൗകര്യം ഉൾപ്പെടെയുള്ള ഇടങ്ങളിലും പരിശോധന നടത്തി മാർഗ നിർദ്ദേശങ്ങൾ നൽകി.

New Update
food safty dep kannur

കണ്ണൂർ: കണ്ണൂർ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ പശ്ചാത്തലത്തിൽ കണ്ണൂർ നഗരത്തിൽ ആരോഗ്യ വകുപ്പ്, ഭക്ഷ്യ സുരക്ഷാ വകുപ്പ്, കണ്ണൂർ കോർപ്പറേഷൻ ആരോഗ്യ വിഭാഗം എന്നിവരുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന നടന്നു. 

Advertisment

കലോത്സവത്തിന്റെ പ്രധാന വേദികളിലും പാചകശാലയിലും സ്റ്റോർ റൂം, കുടിവെള്ള സൗകര്യം ഉൾപ്പെടെയുള്ള ഇടങ്ങളിലും പരിശോധന നടത്തി മാർഗ നിർദ്ദേശങ്ങൾ നൽകി.

കണ്ണൂർ ടൗൺ കേന്ദ്രീകരിച്ച് ഭക്ഷ്യ പാനീയ വിതരണം നടത്തുന്ന 11 സ്ഥാപനങ്ങൾ പരിശോധിച്ച് പഴകിയ മിൽക്ക്, ഐസ്ക്രീം, ഫ്രൂട്സ് ഉൾപ്പെടെ പിടിച്ചെടുത്തു നശിപ്പിച്ചു. 


ഈ സ്ഥാപനങ്ങളിൽ ജീവനക്കാർ എല്ലാവർക്കും ഹെൽത്ത് കാർഡ് ഇല്ലാത്തതും ജലഗുണനിലവാര പരിശോധന റിപ്പോർട്ട് ഇല്ലാത്തതും അടിയന്തിരമായി പരിഹരിക്കാൻ കർശന നിർദ്ദേശം നൽകി.


ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്ത ഒരു സ്ഥാപനത്തിന് പൊതുജനാരോഗ്യ നിയമ പ്രകാരം നോട്ടീസ് നൽകി. തുടർന്നുള്ള ദിവസങ്ങളിൽ കലോത്സവവുമായി ബന്ധപ്പെട്ട പ്രധാന വേദികൾക്ക് സമീപമുള്ള ഭക്ഷ്യ പാനീയ സ്ഥാപനങ്ങളിൽ പരിശോധന ശക്തിപ്പെടുത്തും.

ജില്ലാ കലോത്സവവുമായി ബന്ധപ്പെട്ട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഷൈനി ഹരിദാസിന്റെയും ജില്ലാ സർവേലൻസ് ഓഫീസർ ഡോ. കെ.സി. സച്ചിൻ, പബ്ലിക് ഹെൽത്ത്‌ സ്പെഷ്യൽ ചാർജ് സി.പി. സലിം എന്നീ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ കലോത്സവത്തിലെ വിവിധ കൺവീനർമാരുടെയും മുഴുവൻ പ്രിൻസിപ്പൽ, ഹെഡ് മാസ്റ്റർമാരുടെയും യോഗം ചേർന്നിരുന്നു. 

ജില്ലാ മെഡിക്കൽ ഓഫീസറുടെ ചുമതല ഉള്ള ഡോ. കെ.ടി. രേഖയുടെ നിർദേശ പ്രകാരം നടന്ന പരിശോധനക്ക് ടെക്നിക്കൽ അസിസ്റ്റന്റ് കെ.ജി. ഗോപിനാഥൻ, എം.ബി. മുരളി പാപ്പിനിശ്ശേരി ഹെൽത്ത് സൂപ്പർവൈസർ എം.കെ. രാജു, ഹെൽത്ത് ഇൻസ്പെക്ടർ എൻ. അജയകുമാർ, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർമാർ എന്നിവരും ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ, കോർപ്പറേഷൻ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ എന്നിവരും നേതൃത്വം നൽകി.

Advertisment