കോട്ടയം: രാവിലെ മുതല്‍ മഴയ്ക്കു നേരിയ ശമനം ഉണ്ടായിരുന്നെങ്കില്‍ ഉച്ചയ്ക്കു ശേഷം കോട്ടയം ജില്ലയില്‍ മഴയുടെ ഭാവം മാറി. കനത്ത മഴയാണ് കഴിഞ്ഞ രണ്ട് മണിക്കൂറായി കോട്ടയം ജില്ലയില്‍ അനുഭവപ്പെടുന്നത്. മഴയോടൊപ്പം ശക്തമായ കാറ്റും വെല്ലുവിളിയാകുന്നു. നിരവധിയിടങ്ങളില്‍ മരം വീണു വൈദ്യുതി വിതരണം തടസപ്പെട്ടു. ഇന്നു രാവിലെ മുടങ്ങിയ വൈദ്യുതി പലയിടത്തും വന്നിട്ടില്ല.
മഴ ശക്തമായതോടെ വൈദ്യുതി പുനസ്ഥാപിക്കുന്ന ജോലികളും പ്രതിസന്ധിയിലാണ്. കെ.എസ്.ഇ.ബി.യില്‍ വേണ്ടത്ര ആളില്ലാത്തതും വൈദ്യുതി വിതരണം പുനസ്ഥാപിക്കുന്നതിന് തടസമാണ്. ആളുകളുടെ കുറവുണ്ടെങ്കില്‍ തദ്ദേശ സ്ഥാപനങ്ങളുടെയും ഫയര്‍ഫോഴ്സിന്റെയും സഹായം തേടാമെന്നു വൈദ്യുതി വകുപ്പിന് നിര്‍ദേശമുണ്ട്. എന്നാല്‍, ഓടി നടന്നു പണിയെടുക്കേണ്ട അവസ്ഥയിലാണ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും.
ജില്ലയില്‍ കുമരകം, ഏറ്റുമാനൂര്‍, എരുമേലി എന്നിവിടങ്ങളില്‍ ഫയര്‍സ്റ്റേഷന്റെ അഭാവം ഉണ്ട്. സമീപ പ്രദേശങ്ങളില്‍ നിന്നുള്ള ഫയര്‍ സ്റ്റേഷനുകളില്‍ നിന്നുവേണം ഈ ഭാഗങ്ങളില്‍ എത്തി പ്രവര്‍ത്തനം ചെയ്യേണ്ടത്. ഈ മൂന്നു പ്രദേശങ്ങളിലും വര്‍ഷങ്ങള്‍ക്കു മുന്‍പു ഫയര്സ്റ്റേഷന് സ്ഥാപിക്കാന്‍ അനുമതി ലഭിച്ചെങ്കിലും നടപടികള്‍ ഇപ്പോഴും ഫയലില്‍ ഉറങ്ങുന്ന അവസ്ഥയാണ്.
ശക്തമായ കാറ്റില്‍ വ്യാപക നാശനഷ്ടം ഉണ്ടാകുമ്പോള്‍ ഓടിയെത്താന്‍ ഫയര്‍ഫോഴ്സിനും സാധിക്കാറില്ല. പലപ്പോഴും മരം റോഡിലേക്ക് വീണു ഏറെ നേരം കഴിഞ്ഞാകും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ എത്തുക.
അതേസമയം വരും മണിക്കൂറുകളിലും മഴയും കാറ്റും ശക്തമാകുമെന്ന മുന്നറിയിപ്പാണ് നല്‍കുന്നത്.കാറ്റില്‍ മരങ്ങള്‍ കടപുഴകിയും ചില്ലകള്‍ ഒടിഞ്ഞു വീണും അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോള്‍ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടില്‍ നില്ക്കാന് പാടുള്ളതല്ല. മരച്ചുവട്ടില്‍ വാഹനങ്ങളും പാര്‍ക്ക് ചെയ്യരുത്. വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകള്‍ വെട്ടിയൊതുക്കണം. അപകടാവസ്ഥയിലുള്ള മരങ്ങള്‍ പൊതുവിടങ്ങളില്‍ ശ്രദ്ധയില്‍ പെട്ടാല്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കണം.
ഉറപ്പില്ലാത്ത പരസ്യ ബോര്‍ഡുകള്‍, ഇലക്ട്രിക് പോസ്റ്റുകള്‍, കൊടിമരങ്ങള്‍ തുടങ്ങിയവയും കാറ്റില്‍ വീഴാന്‍ സാധ്യതയുള്ളതിനാല്‍ കാറ്റും മഴയും ഇല്ലാത്ത സമയത്ത് അവ ശരിയായ രീതിയില്‍ ബലപ്പെടുത്തുകയോ അഴിച്ചു വയ്ക്കുകയോ ചെയ്യുക. മഴയും കാറ്റുമുള്ളപ്പോള്‍ ഇതിന്റെ ചുവട്ടിലും സമീപത്തും നില്‍ക്കുകയോ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുകയോ ചെയ്യരുത്. ചുമരിലോ മറ്റോ ചാരി വച്ചിട്ടുള്ള കോണി പോലെയുള്ള കാറ്റില്‍ വീണുപോകാന്‍ സാധ്യതയുള്ള ഉപകരണങ്ങളും മറ്റു വസ്തുക്കളും കയറുപയോഗിച്ചു കെട്ടി വെക്കേണ്ടതാണ്.
കാറ്റ് വീശി തുടങ്ങുമ്പോള്‍ തന്നെ വീടുകളിലെ ജനലുകളും വാതിലുകളും അടച്ചിടേണ്ടതാണ്. ജനലുകളുടെയും വാതിലുകളുടെയും സമീപത്തു നില്‍ക്കാതിരിക്കുക. വീടിന്റെ ടെറസിലും നില്‍ക്കുന്നത് ഒഴിവാക്കുക.
ഓല മേഞ്ഞതോ, ഷീറ്റ് പാകിയതോ, അടച്ചുറപ്പില്ലാത്തതോ ആയ വീടുകളില്‍ താമസിക്കുന്നവര്‍ അധികൃതരുമായി (1077 എന്ന നമ്പറില്‍) മുന്‍കൂട്ടി തന്നെ ബന്ധപ്പെടുകയും മുന്നറിയിപ്പ് വരുന്ന ഘട്ടങ്ങളില്‍ അവര്‍ ആവശ്യപ്പെടുന്ന മുറക്ക് സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറിത്താമസിക്കേണ്ടതുമാണ്.