കോട്ടയം ജില്ലയിൽ കനത്തമഴ തുടരുന്നു; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി; 36 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു ; 210 കുടുംബങ്ങൾ സുരക്ഷിത കേന്ദ്രങ്ങളിൽ

New Update
KTM MAZHA

കോട്ടയം: കനത്തമഴ, വെള്ളപ്പൊക്കം എന്നിവയെത്തുടർന്ന് ജില്ലയിൽ 210 കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ജില്ലയിൽ 36 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. കോട്ടയം താലൂക്കിലാണ് കൂടുതൽ ക്യാമ്പുകളുള്ളത്, 29. ചങ്ങനാശേരി 5,  വൈക്കം 2 എന്നിങ്ങനെയാണ് മറ്റു താലൂക്കുകളിലെ ക്യാമ്പുകളുടെ എണ്ണം. 675 പേരാണ് ക്യാമ്പുകളിലുള്ളത്. 283 സ്ത്രീകളും 261 പുരുഷന്മാരും 131 കുട്ടികളുമുണ്ട്.

Advertisment

ഇന്നു രാവിലെ അതിശക്ത മഴ പെയ്തതോടെ ഇന്നു കൂടുതല്‍ സ്ഥലങ്ങള്‍ വെള്ളത്തില്‍ മുങ്ങി. പതിവു മണ്‍സുണ്‍ തുടക്കത്തില്‍ നിന്നു വ്യത്യസ്തമായി മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും വീശുന്നതു നഷ്ടക്കണക്കു വര്‍ധിപ്പിക്കുന്നു. ഇന്നു രാവിലെയും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കാറ്റു കനത്ത നാശം വിതച്ചു.

ഇന്നലെയും ജില്ലയില്‍ നേരത്തെ ഓറഞ്ച് അലേര്‍ട്ടാണു പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, മഴ ശക്തമായതോടെ ഉച്ചകഴിഞ്ഞു റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കുകയായിരുന്നു. പ്രഖ്യാപനത്തിനു പിന്നാലെ അതിശക്തമായ മഴ പെയ്തു. ഇന്നും സാമാന അവസ്ഥയാണുള്ളത്.

വൈക്കം മേഖലയില്‍ മാത്രം ഏഴുനൂറോളം വീടുകള്‍ വെള്ളത്തിലാണ്. ഇതിനോടകം പല പാടശേഖരങ്ങളിലും മട വീണു കൃഷ്ടി നാശം സംഭവിച്ചു.

മലങ്കര ഡാമിന്റെ ഷട്ടറുകള്‍ ഘട്ടംഘട്ടമായി തുറക്കുന്നതു വൈക്കം, വെള്ളൂര്‍, തലയോലപ്പറമ്പ് പ്രദേശങ്ങളില്‍ ആശങ്ക വര്‍ധിപ്പിക്കുകയാണ്. മൂവാറ്റുപുഴയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശവും അധികൃതര്‍ നല്‍കിയിട്ടുണ്ട്.

Advertisment