/sathyam/media/media_files/2025/09/25/rain-in-kottayam-2025-09-25-17-24-39.jpg)
കോട്ടയം: ജില്ലയില്‍ കനത്ത മഴ.. വ്യാഴാഴ്ച ഉച്ചയോടെയാണു ജില്ലയുടെ പല ഭാഗങ്ങളിലും ശക്തമായ മഴ പെയ്തത്.. വരുന്ന നാലു ദിവസം കൂടി കോട്ടത്തു മഴമേഘങ്ങളുടെ സാന്നിധ്യം പ്രവചിച്ചിട്ടുണ്ട്. ജില്ലയില്‍ ഇന്നു യെല്ലോ അലെര്‍ട്ട് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ഇടിമിന്നലോടുകൂടിയ മഴയാണു പ്രവചിച്ചിരിക്കുന്നത്.
രഗാസ തീവ്ര ചുഴലിക്കാറ്റ് ചുഴലിക്കാറ്റ് തെക്കു കിഴക്കു ചൈനയില്‍ കരകയറി പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന സാഹചര്യത്തിലും ബംഗാള്‍ ഉള്‍കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുന്ന സാഹചര്യത്തിലും കേരളത്തില്‍ ഉള്‍പ്പെടെ മഴ ശക്തിപ്പെടുമെന്നു സ്വകാര്യ കാലാസ്ഥാ നിരീക്ഷകര്‍ പറയുന്നു.
സാധാരണ ഇതുവരെയുള്ള ന്യൂനമര്‍ദങ്ങളും മറ്റും കാരണം മഴ സജീവമാക്കിയിരുന്നതു വടക്ക ജില്ലകളില്‍ ആയിരുന്നെങ്കില്‍ ഇത്തവണ തെക്കന്‍ ജില്ലകളില്‍ കൂടുതല്‍ മഴയ്ക്കു സാധ്യത. ന്യൂനമര്‍ദത്തിനൊപ്പം ചൈനയില്‍ കരകയറിയ രഗാസ ചുഴലിക്കാറ്റിന്റെ സ്വാധീനവും മൂലം കൂടുതല്‍ ഈര്‍പ്പം കേരളം വഴി കടന്നു പോകും. ഇതു കേരളത്തിനൊപ്പം തമിഴ്‌നാട്ടിലും മഴ വര്‍ധിപ്പിക്കും. അടുത്ത മണിക്കൂര്‍ തെക്കന്‍ കേരളത്തില്‍ പലയിടങ്ങളിലും പെട്ടെന്നു ശക്തമായ മഴ ലഭിക്കുമെന്നാണു കാലാവസ്ഥാ നീരീക്ഷകര്‍ പറയുന്നത്. സമാന രീതിയില്‍ പെട്ടന്നുള്ള മഴയാണു കോട്ടയത്തു ലഭിച്ചതും.
ജില്ലയില്‍ മറ്റ് അനിഷ്ട സംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. മഴയ്ക്കിടെ കോട്ടയം നഗരത്തില്‍ വൈ.എം.സി.എ ഭാഗത്ത് നിയന്ത്രണം നഷ്ടമായ പിക്കപ്പ് വാന്‍ തെരുവുവിളക്കിന്റെ തൂണിലേക്ക് ഇടിച്ചു കയറിയിരുന്നു. ശക്തമായ മഴയില്‍ മുണ്ടക്കയം കല്ലേല്‍പാലത്തില്‍ വെള്ളക്കെട്ടുണ്ടായി. ചെളി അടിഞ്ഞൂകൂടി ഓവ് അടഞ്ഞതു നീക്കം ചെയ്യാതെ വന്നതോടെയാണു വെള്ളക്കെട്ടുണ്ടായത്. ഇരുചക്ര വാഹനങ്ങള്‍ക്കാണു വെള്ളക്കെട്ടു പ്രശ്‌നമുണ്ടാക്കിയത്.