ഒരുമിക്കാം ആരോഗ്യത്തിനായി: പോസ്റ്റര്‍ പ്രകാശനം ചെയ്തു

കൂടാതെ പഞ്ചായത്ത് തലത്തിൽ ഏകാരോഗ്യസമിതി കൂടണമെന്നും കിലയുടെ ട്രെയിനിങ് മോഡ്യൂളിൽ ഏകാരോഗ്യം എന്ന വിഷയം ഉൾപ്പെടുത്തി പഞ്ചായത്ത് സെക്രട്ടറി, പ്രസിഡന്റ്, മെമ്പർ എന്നിവർക്ക്  ഈ വിഷയത്തിൽ പരിശീലനം ലഭ്യമാക്കണമെന്നും കളക്ടർ പറഞ്ഞു.

New Update
IDUKKI POSTER

ഇടുക്കി: ജില്ലയിൽ ഏകാരോഗ്യം പദ്ധതിയുടെ ഭാഗമായുള്ള  പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ടിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ജില്ലാതല യോഗം ചേർന്നു. 

Advertisment

അതിന്റെ ഭാഗമായി ‘ഒരുമിക്കാം  ആരോഗ്യത്തിനായി ‘എന്ന ടാഗ് ലൈനോടു കൂടിയ പോസ്റ്റർ പ്രകാശനം ജില്ലാ കളക്ടർ നിർവഹിച്ചു. ഏകാരോഗ്യവുമായി ബന്ധപ്പെട്ട മീറ്റിങ്ങുകളിൽ എല്ലാ വകുപ്പുകളുടെയും പ്രാതിനിധ്യവും പങ്കാളിത്തവും ഉറപ്പുവരുത്തണം. 

കൂടാതെ പഞ്ചായത്ത് തലത്തിൽ ഏകാരോഗ്യസമിതി കൂടണമെന്നും കിലയുടെ ട്രെയിനിങ് മോഡ്യൂളിൽ ഏകാരോഗ്യം എന്ന വിഷയം ഉൾപ്പെടുത്തി പഞ്ചായത്ത് സെക്രട്ടറി, പ്രസിഡന്റ്, മെമ്പർ എന്നിവർക്ക്  ഈ വിഷയത്തിൽ പരിശീലനം ലഭ്യമാക്കണമെന്നും കളക്ടർ പറഞ്ഞു.

വൺ ഹെൽത്ത് നോഡൽ ഓഫീസർ ഡോ. അജീഷ് പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങൾ വിശദീകരിച്ചു. ജില്ലാ സർവൈലൻസ് ഓഫീസർ ഡോ.ജോബിൻ ജി ജോസഫ് ഏകാരോഗ്യവുമായി ബന്ധപ്പെട്ട പകർച്ചവ്യാധികളുടെ നിയന്ത്രണ പ്രവർത്തനങ്ങൾ,വകുപ്പുകളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന്റെ  പ്രാധാന്യം എന്നിവ സംബന്ധിച്ച് സംസാരിച്ചു. 

ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ഖയസ് ഇ കെ  ഏകാരോഗ്യം പദ്ധതിയെ സംബന്ധിച്ച് ജില്ലയിൽ വിഭാവനം ചെയ്ത പ്രവർത്തനങ്ങൾ വിശദീകരിച്ചു.

ആരോഗ്യമേഖലയിൽ മെച്ചപ്പെട്ട നേട്ടങ്ങൾ കൈവരിക്കുക എന്ന ലക്ഷ്യത്തോടെ മനുഷ്യരും പക്ഷി മൃഗാദികളും സസ്യങ്ങളും അവ പങ്കിടുന്ന പരിസ്ഥിതിയും തമ്മിലുള്ള പരസ്പര ബന്ധം തിരിച്ചറിഞ്ഞ് വിവിധ വിജ്ഞാന ശാഖകൾ തമ്മിൽ പല തലങ്ങളിലുള്ള സഹകരണം ഉറപ്പാക്കി കൊണ്ടുള്ള സമീപനമാണ് ഏക ആരോഗ്യം അഥവാ വൺ ഹെൽത്ത്. 

സാമൂഹ്യാധിഷ്ഠിത രോഗനിരീക്ഷണത്തിലൂടെ പകർച്ചവ്യാധികൾ എത്രയും നേരത്തെ കണ്ടെത്തി അവ തടയുകയും പ്രത്യാഘാതങ്ങൾ കുറയ്ക്കുകയും ചെയ്യുന്ന സംവിധാനമാണിത്. 

ജില്ലയിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പരിശീലനം ലഭിച്ച കമ്മ്യൂണിറ്റി വളന്റിയർമാർ, മെന്റർമാർ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് സാമൂഹികാധിഷ്ഠിത നിരീക്ഷണസംവിധാനം നടപ്പിലാക്കുന്നത്. 

നവംബർ 3 മുതൽ 15 വരെ ഏകാരോഗ്യം പക്ഷാചരണം നടപ്പിലാക്കുന്ന വേളയിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഏകാരോഗ്യവുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നുണ്ട്. 

വിവിധ വകുപ്പ് പ്രതിനിധികൾ, കമ്മ്യൂണിറ്റി മെന്റർമാർ എന്നിവരെ  പങ്കെടുപ്പിച്ചുള്ള ശില്പശാലകൾ, മഞ്ഞപ്പിത്തം കൂടുതലായി റിപ്പോർട്ട് ചെയ്ത പഞ്ചായത്ത് കേന്ദ്രീകരിച്ച് വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി ജോയിന്റ് ഔട്ട് ബ്രേക്ക് ഇൻവെസ്റ്റിഗേഷൻസ്, ഫീൽഡ് തലത്തിലുള്ള ജീവനക്കാരെ ഉൾക്കൊള്ളിച്ചുകൊണ്ട് ജന്തുജന്യരോഗങ്ങളെ സംബന്ധിച്ച്, ബോധവൽക്കരണ പ്രവർത്തനങ്ങൾ, സ്‌കൂൾ, കോളേജ് വിദ്യാർഥികൾക്കായി വിവിധങ്ങളായ  മത്സരങ്ങൾ എന്നിവ പക്ഷാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

യോഗത്തിൽ സബ് കളക്ടർ  അനൂപ് ഗാർഗ്, എ.ഡി.എം ഷൈജു പി ജേക്കബ് ,ആരോഗ്യ വിഭാഗം ജീവനക്കാർ, ആരോഗ്യ കേരളം ജീവനക്കാർ വിവിധ വകുപ്പ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Advertisment