ശബരി റെയിൽവേ നിർമ്മാണം പുനരാരംഭിക്കണം: ഡീൻ കുര്യാക്കോസ് എം.പി.

New Update
ഡീൻ കുര്യാക്കോസ് എംപി ഇടപെട്ടു; ഏജൻസിയുടെ ചതിയിൽ പെട്ട് ബഹറിനിൽ കുടുങ്ങിയ വീട്ടുജോലിക്കാരിക്ക് മോചനം

തൊടുപുഴ: 2023 -24  കേന്ദ്ര ബജറ്റിൽ 100 കോടി രൂപ അനുവദിച്ചിട്ടുള്ള  അങ്കമാലി - ശബരി റയിൽവെ പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റ് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ KRDCL തയ്യാറാക്കി റെയിൽവേ ബോർഡിന് സമർപ്പിച്ചിരിക്കുകയാണ്. പുതുക്കിയ എസ്റ്റിമേറ്റിന് ബോർഡ് നാളിതുവരെയും അനുമതി നൽകിയിട്ടില്ല.

Advertisment

അങ്കമാലി-ശബരി റെയിൽവേ നിർമ്മാണത്തിന് മുൻഗണന നല്കി പുതുക്കിയ എസ്റ്റിമേറ്റിന് അംഗീകാരം നൽകണമെന്നാവശ്യപ്പെട്ടു കേരളത്തിലെ മുഴുവൻ എം പി മാരും ഒപ്പിട്ട നിവേദനം റെയിൽവേ മന്ത്രിയ്ക്ക് സമർപ്പിച്ചിട്ടുണ്ട്. ഈ  സാഹചര്യത്തിൽ സംസ്ഥാന സർക്കാരും ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്ന് ഡീൻ കുര്യാക്കോസ് എം.പി. ആവശ്യപ്പെട്ടു.

25 വർഷം മുൻപ് അനുമതി ലഭിച്ചതും കല്ലിട്ട് തിരിച്ചതും നിർമ്മാണമാരംഭിച്ചതും 264 കോടി രൂപയുടെ നികുതി പണമുപയോഗിച്ചു 8  കിലോമീറ്റർ റെയിൽപാതയും കാലടി റെയിൽവേ സ്റ്റേഷനും ഒരു കിലോമീറ്റർ ദൈർഘ്യത്തിൽ  പെരിയാറിന് കുറുകെ റെയിൽവേ പാലവും നിർമ്മിച്ചു കഴിഞ്ഞ പദ്ധതി വർഷങ്ങളായി നിലച്ചിരിക്കുകയാണ്.

അങ്കമാലിയിൽ നിന്ന് തിരുവനന്തപുരത്തിനുള്ള  സമാന്തര റെയിൽവേയുടെ ആദ്യ ഘട്ടമായ അങ്കമാലി- ശബരി റെയിൽവേയുടെ രണ്ടാം ഘട്ടം കൂടി പൂർത്തിയാകുമ്പോൾ  25 പുതിയ റെയിൽവേ സ്റ്റേഷനുകൾ കേരളത്തിന് പുതിയതായി ലഭ്യമാക്കുന്നതും എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവന്തപുരം ജില്ലകളിലെ  ഗതാഗത സൗകര്യങ്ങളിൽ വൻ വികസനം   സാധ്യമാകുന്നതുമായ പദ്ധതിയാണ്.

റബ്ബർ തടി സംസ്കരിക്കുന്ന പെരുമ്പാവൂരിലെ 540 പ്ലൈ വുഡ് നിർമ്മാണ യൂണിറ്റുകളെയും  ഐരാപുരം കിൻഫ്രാ റബ്ബർ പാർക്കിനെയും, കോതമംഗലം- നെല്ലികുഴിയിലെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഫർണ്ണീച്ചർ നിർമ്മാണ  ക്ലസ്റ്ററിനെയും, മൂവാറ്റുപുഴ-നെല്ലാടിലെ കിൻഫ്രാ ഫുഡ് പാർക്കിനെയും,  കേരളത്തിൽ ഉപയോഗിക്കുന്ന അരിയുടെ 80 % വും സംസ്കരിക്കുന്ന  കാലടിയിലെ അരിമില്ലുകളെയും തൊടുപുഴയിലെ കിൻഫ്രാ സ്പൈസസ് പാർക്കിനെയും വിഴിഞ്ഞം തുറമുഖവുമായി ബന്ധിപ്പിച്ചു കേരളത്തിലെ വ്യവസായ വികസനത്തിന് വേഗം കൂട്ടാൻ തിരുവന്തപുരത്തിനുള്ള സമാന്തര റെയിൽവേയായി വികസിപ്പിക്കാവുന്ന  അങ്കമാലി - ശബരി റെയിൽവേ  പദ്ധതി വഴി സാധിക്കും. 600 ട്രക്ക് പ്ലൈവുഡ് ദിവസേന ദേശിയ- അന്തർദേശിയ മാർക്കറ്റുകളിലേയക്ക് കയറ്റി അയക്കുന്നുണ്ടെന്നാണ് പ്ലൈവുഡ് മാനുഫാക്ച്ചേർസ് അസോസിയേഷന്റെ കണക്കുകളിൽ  പറയുന്നത്.

ഇന്ത്യയുടെ പൈനാപ്പിൾ സിറ്റിയായ മുവാറ്റുപുഴ-വാഴക്കുളം വഴി എറണാകുളം , ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നിന്ന് ശരാശരി 250 ട്രക്ക് പൈനാപ്പിൾ ദിനം പ്രതി ദേശിയ-അന്തർദേശിയ മാർക്കറ്റുകളിലേയക്ക് കയറ്റി അയക്കുന്നതായാണ് പൈനാപ്പിൾ ഗ്രോവെർസ് അസോസിയേഷന്റെ കണക്കുകൾ പറയുന്നത്. ഏലം , കുരുമുളക്, റബർ തുടങ്ങിയ കാർഷിക ഉത്പന്നങ്ങൾക്കും മെച്ചപ്പെട്ട വിപണന സൗകര്യത്തിനായി അങ്കമാലി - എരുമേലി, ശബരി റെയിൽവേയെ തിരുവനന്തപുരത്തേയ്ക്കുള്ള  / സമാന്തര  റെയിൽവേയാക്കി, വിഴിഞ്ഞം പോർട്ടുമായി ബന്ധിപ്പിക്കുന്നത് ഗുണകരമാണ്.

മൂന്നാർ, ഭൂതത്താൻകെട്ട് , തട്ടേക്കാട് , മലങ്കര ഡാം, ഇടുക്കി ഡാം,  കുളമാവ്, രാമക്കൽമേട്, ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽ കല്ല്, വാഗമൺ, കുട്ടിക്കാനം, പീരുമേട്, പഞ്ചാലിമേട്, തേക്കടി, ഗവി, അടവി, തെന്മല ഡാം, പൊന്മുടി, തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ സമീപത്തുള്ള ടൗണുകളിൽ റെയിൽവേ സ്റ്റേഷനുകൾ വരുന്നത് വിഴിഞ്ഞം പോർട്ട് വഴി ക്രൂയിസ് ഷിപ്പിൽ വരുന്ന വിനോദ സഞ്ചാരികൾക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന  വിനോദ സഞ്ചാരികൾക്കും മെച്ചപ്പെട്ട യാത്രാ സൗകര്യം ലഭ്യമാക്കുന്നതിനാൽ കേരളത്തിന്റെ സമ്പത്ത് ഘടനയ്ക്ക് വളരെ ഗുണകരമാണ്. ശബരിമലയുടെ കവാടവും മത സഹോദരത്തിന്റെ പുണ്യഭൂമിയുമായ എരുമേലിയ്ക്കും, പ്രമുഖ ക്രിസ്ത്യൻ തീർഥാടന കേന്ദ്രങ്ങളായ ഭരണങ്ങാനത്തിനും  മലയാറ്റൂരിനും റെയിൽവേ സ്റ്റേഷനുകളില്ലാത്ത ഇടുക്കി ജില്ലയ്ക്കും റെയിൽവേ സൗകര്യം ലഭ്യമാക്കാൻ അങ്കമാലി-ശബരി റെയിൽവേ നിർമ്മാണം അനിവാര്യമാണ്.

പുതുക്കിയ എസ്റ്റിമേറ്റിന് നാളിതുവരെയും അനുമതി ലഭിക്കാത്തതിനാലും  ശബരി റയിൽവെയുടെ പുതിയ അലൈൻമെന്റാണെന്നു പറഞ്ഞു ചെങ്ങന്നൂരിൽ നിന്ന് പമ്പയിലേയ്ക്ക് ആകാശ റെയിൽവേയ്ക്ക്  സർവ്വേ നടത്തുന്നതിനാലും 25  വർഷം മുൻപ് കല്ലിട്ട് തിരിച്ച്  മരവിപ്പിച്ചിട്ടുള്ളതുമായ അങ്കമാലി- ശബരി  റയിൽവേയുടെ സ്ഥലമുടമകളും 6 ജില്ലകളിലെ ജനങ്ങളും  ആശങ്കയിലായിരിക്കുകയാണ്. 

തീർത്ഥടകാരുടെ വിശ്വാസവും ആചാരവും അനുസരിച്ച് എരുമേലിയിൽ പേട്ട തുള്ളി ശബരിമലയ്ക്ക് പോകാൻ സഹായിക്കുന്ന എരുമേലി വഴിയുള്ള  അങ്കമാലി ശബരി റെയിൽവേയുടെ നിർമ്മാണത്തിന് മുൻഗണന നൽകണമെന്നും പുതുക്കിയ എസ്റ്റിമേറ്റിന് അടിയന്തിരമായി അനുമതി നല്കന്നതിന് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്നും പ്രധാനമന്ത്രിക്കും കേന്ദ്ര റെയിൽവേ വകുപ്പ് മന്ത്രിക്കും മുഖ്യമന്ത്രി കത്ത് അയക്കണമെന്നും പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കൽ  നടപടികൾ  പുനരാരംഭിക്കണമെന്നും ഡീൻ കുര്യാക്കോസ് എം.പി. ആവശ്യപ്പെട്ടു.

Advertisment