Advertisment

പട്ടയവിതരണം നിറുത്താനുള്ള കോടതി ഉത്തരവ്; നടപടിയിൽ സർക്കാർ നിലപാട് ജനവഞ്ചന : സി പി മാത്യു

New Update
33

തൊടുപുഴ: പട്ടയവിതരണം തടഞ്ഞ ഹൈക്കോടതി ഉത്തരവ് പുനപരിശോധിക്കാൻ സർക്കാർ നടപടി സ്വീകരിക്കാത്തത് ജനവഞ്ചനയാണന്ന് ഡിസിസി പ്രസിഡന്റ്‌ സി.പി മാത്യു പറഞ്ഞു.  ജോയ്‌സ് ജോർജ് അടക്കമുള്ള സിപിഎം നേതാക്കളുടെ കൈയേറ്റ വിവരം  മറച്ചു വെക്കാനാണിത് .  പട്ടയ വിതരണം ഹൈക്കോടതി തടഞ്ഞിട്ട് ഒരു മാസമായി. ചീഫ് സെക്രട്ടറിയോട് വിശദമായ റിപ്പോർട്ട് നൽകാൻ കോടതി പറഞ്ഞിരുന്നു.

Advertisment

എന്നാൽ നാളിതുവരെ നൽകിയിട്ടില്ല.  കൈയേറ്റ ഭൂമിക്ക്  പട്ടയം നൽകിയിട്ടില്ലന്നും കൊട്ടക്കാമ്പൂർ, ചിന്നക്കനാൽ, പള്ളിവാസൽ തുടങ്ങിയ ടുറിസം പ്രാധാന്യമുള്ള പ്രദേശങ്ങളിലാണ് 1964 ലെ ഭൂ പതിവ് നിയമപ്രകാരമുള്ള കൈയേറ്റവും വ്യാജപട്ടയങ്ങളും ഉള്ളതെന്നും ഇവ പരിശോധിച്ച് റദ്ദ് ചെയ്തിട്ടുണ്ടെന്നും പരിശോധന തുടരുമെന്നും കോടതിയെ ബോധ്യപ്പെടുത്തി ഈ ഉത്തരവ് പുനപരിശോധിക്കാനുള്ള നടപടി   സ്വീകരിക്കാത്തത് ജോയ്‌സ് ജോർജ് അടക്കമുള്ള കൈയേറ്റക്കാരെ സംരക്ഷിക്കാനാണെന്ന് വ്യക്തമാണ്.

കൊട്ടക്കാമ്പൂരിൽ മുൻ എം.പി ജോയ്‌സ് ജോർജിന്റേയും കുടുംബത്തിന്റേയും 1964  ലെ ഭൂ പതിവ് നിയമപ്രകാരമുള്ള 20 ഏക്കർ ഭൂമിയുടെ വ്യാജപട്ടയം 2019 ൽ ദേവികുളം സബ് കളക്ടർ റദ്ദ് ചെയ്തിരുന്നു. ഇനിയും ഇവരുടെ കൈവശമുള്ള സമാന സ്വഭാവത്തിലുള്ള 12 ഏക്കർ ഭൂമിയുടെ പട്ടയം കൂടി റദ്ദ് ചെയുവാനുണ്ട്. കൂടാതെ ചിന്നക്കനാലിൽ സിപിഎം മുൻ ലോക്കൽ സെക്രട്ടറി ആൽവിന്റെയും  വ്യാജപട്ടയങ്ങൾ സർക്കാർ റദ്ദ് ചെയ്തിരുന്നു. വ്യാജ പട്ടയങ്ങൾ കണ്ടെത്താനുള്ള പരിശോധന ഇപ്പോഴും തുടരുകയാണ് . സർക്കാർ കോടതിയിൽ ഈ വിവരങ്ങൾ പറയാതിരുന്നതാണ് പട്ടയ വിതരണം തടയാനുള്ള ഉത്തരവിന് കാരണമായത്.  

കോടതിയിൽ ഈ വിവരങ്ങൾ മറച്ചുവെച്ചത് ജോയ്‌സ് ജോർജിന്റേയും എംഎം മണിയുടേയും നിർദേശപ്രകാരമണോയെന്ന് അന്വേഷിക്കണം.  ജില്ലയിൽ പട്ടയവിതരണം പാതിവഴിയിലാണ്.  മുപ്പതിനായിരത്തോളം അപേക്ഷകർക്ക് ഇനിയും പട്ടയം നൽകുവാനുണ്ട്. കൂടാതെ ഉപേക്ഷിക്കപ്പെട്ട പദ്ധതി പ്രദേശങ്ങൾ,10 ചെയിൻ, മൂന്ന് ചെയിൻ മേഖല, ലാൻഡ് രജിസ്റ്ററിൽ ഏലം കൃഷിയെന്ന് തെറ്റായിരേഖപ്പെടുത്തിയതിന്റെ പേരിൽ പട്ടയം നൽകാത്ത തോപ്രാംകുടി അടക്കമുള്ള പ്രദേശങ്ങളിലും പട്ടയം നൽകുവാനുണ്ട് . പതിറ്റാണ്ടുകളായി പട്ടയത്തിനായി കാത്തിരിക്കുന്ന ആയിരക്കണക്കിന് കർഷകരെയാണ് പട്ടയ വിതരണം തടഞ്ഞ ഹൈക്കോടതി ഉത്തരവ് പ്രതികൂലമായി ബാധിക്കുന്നത് .

കൈയേറ്റത്തിനെതിരെയുള്ള കേസിന്റെ ഭാഗമായി മുന്നാറിലെ 8 വില്ലേജുകളിൽ നിർമ്മാണപ്രവർത്തനത്തിന് എൻ.ഒ.സി ബാധകമാക്കി 9/6/2016 ൽ ഇറക്കിയ ഉത്തരവോടെയാണ്    കുടിയേറ്റ കർഷകരെ ദ്രോഹിക്കുന്ന നടപടികൾക്ക് പിണറായി സർക്കാർ തുടക്കം കുറിച്ചത്. തുടർന്ന് പട്ടയ വ്യവസ്ഥകൾ ലംഘിച്ചുള്ള നിർമ്മാണം    തടഞ്ഞുകൊണ്ട് 22/8/2019 ൽ ഉത്തരവിറക്കി.  ഒരു പഠനവും നടത്താതെ ദുരന്ത നിവാരണ നിയമപ്രകാരം 13 പഞ്ചായത്തുകളിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി  27/9/2023 ൽ ഉത്തരവിറക്കിയതും ഇതേ കേസിന്റെ ഭാഗമായാണ്.

 കൈയേറ്റ ഭൂമിക്ക് സർക്കാർ പട്ടയം നൽകിയിട്ടില്ലെന്ന കാര്യം മറച്ചുവെച്ചത് ഇപ്പോൾ പട്ടയവിതരണം തടഞ്ഞുകൊണ്ടുള്ള ഉത്തരവിനും കാരണമായി.  ഏതാനും കൈയേറ്റക്കാരെ സംരക്ഷിക്കാൻ വേണ്ടിയാണ് സർക്കാർ ഈ ജനദ്രോഹ നടപടികളെല്ലാം സ്വീകരിച്ചത്. ജില്ലയെ പ്രതികൂലമായി ബാധിക്കുന്ന ഈ കരി നിയമങ്ങൾ അടിയന്തരമായി റദ്ദ് ചെയണം. കോടതിയെ കാര്യങ്ങൾ ബോധ്യപ്പെടുത്തി കുടിയേറ്റ കർഷകർക്ക് ആവശ്യമായ നിയമ സംരക്ഷണം നൽകാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും സി.പി മാത്യു ആവശ്യപ്പെട്ടു.

Advertisment