/sathyam/media/media_files/2025/03/28/WFFM7sqiA1hjXSayQebA.jpg)
ഇടുക്കി: സംസ്ഥാന യുവജന ക്ഷേമ ബോർഡിന് കീഴിലുള്ള ദേവികുളം സാഹസികഅക്കാദമിയുടെ പുതിയ മന്ദിരത്തിന്റെ നിർമ്മാണോദ്ഘാടനം യുവജനക്ഷേമവകുപ്പ് മന്ത്രി സജി ചെറിയാൻ നിർവ്വഹിച്ചു .
അഡ്വഞ്ചർ ടൂറിസത്തിനും സാഹസിക പ്രവർത്തനങ്ങൾക്കും സഹായകരമായ കേന്ദ്രം എന്നനിലയിലാണ് പുതിയ മന്ദിരം നിർമ്മിക്കുന്നത്.
അക്കാദമിക്ക് സ്വന്തമായുള്ള ഒരേക്കർ സ്ഥലത്ത് 9.63 കോടി രൂപ ചെലവഴിച്ച് നൂറ് പേർക്ക് താമസം, പരിശീലനത്തിനുള്ള സൗകര്യം, ആംഫി തിയറ്റർ, കോൺഫറൻസ് ഹാൾ, ഡൈനിങ് ഹാൾ, വിഐപി മുറികൾ, ആധുനിക രീതിയിലുള്ള ശുചിമുറികൾ, ഉപകരണങ്ങൾ സൂക്ഷിക്കുന്നതിനുള്ള മുറികൾ തുടങ്ങിയ സൗകര്യങ്ങളോടുകൂടിയ കെട്ടിടമാണ് പുതുതായി നിർമ്മിക്കുന്നത്.
തീരദേശ വികസന അതോറിറ്റിക്കാണ് നിർമ്മാണചുമതല. ദേവികുളത്ത് നിലവിലുള്ള അക്കാദമിയിലെ പരിശീലനത്തിനുള്ള സൗകര്യക്കുറവ് പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ സാഹസിക അക്കാദമി നിർമ്മിക്കുന്നത്.
സാഹസികത ഇഷ്ടപ്പെടുന്ന യുവജനങ്ങൾക്ക് ശാസ്ത്രീയമായി പരിശീലനം നൽകി സമൂഹനന്മക്ക് ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യം മുൻനിർത്തിയുള്ള പ്രവർത്തനങ്ങളാണ് സാഹസിക അക്കാദമിയുടേത്.
ഉദ്ഘാടന പരിപാടിയിൽ അഡ്വ. എ രാജ എം എൽ എ അധ്യക്ഷത വഹിച്ചു. യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ് സതീഷ് , ത്രിതല പഞ്ചായത്തംഗങ്ങൾ, ഉദ്യോഗസ്ഥ പ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ചിത്രം : ദേവികുളം സാഹസികഅക്കാദമിയുടെ പുതിയ മന്ദിരത്തിന്റെ നിർമ്മാണോദ്ഘാടനം യുവജനക്ഷേമവകുപ്പ് മന്ത്രി സജി ചെറിയാൻ നിർവ്വഹിക്കുന്നു.