/sathyam/media/media_files/2025/04/26/n5Ne5d13Ub2bCP9Bk3oB.jpg)
ഇടുക്കി: ഈ വർഷത്തെ മംഗളാദേവി ചിത്രാ പൗര്‍ണമി ഉത്സവത്തോടനുബന്ധിച്ച് ഭക്തർക്ക് യാത്രചെയ്യാനുള്ള വാഹനങ്ങൾക്ക് ഫിറ്റ്നസ് ഉറപ്പാക്കാനുള്ള നടപടികൾ മോട്ടോർവാഹനവകുപ്പ് സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർ വി വിഗ്നേശ്വരി പറഞ്ഞു.
ഉത്സവ ഒരുക്കങ്ങളോടനുബന്ധിച്ച് കളക്ടറുടെ ചേമ്പറിൽ വിളിച്ചു ചേർത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. മെയ് 12 നാണ് ഇത്തവണത്തെ മംഗളാദേവി ചിത്രാപൗര്‍ണമി ഉത്സവം നടക്കുക.
പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തില്‍ ഉത്സവത്തിന് എത്തുന്ന ഭക്തര്‍ക്കായി വിവിധ വകുപ്പുകള്‍ ഏര്‍പ്പെടുത്തുന്ന സജ്ജീകരണങ്ങള്‍ യോഗം ചർച്ച ചെയ്തു.
ട്രാക്ടറുകളില്‍ 18 വയസില്‍ താഴെയുള്ള കുട്ടികളെ അനുവദിക്കില്ല. വൈകിട്ടു 5 ന് ശേഷം ക്ഷേത്ര പരിസരത്ത് ആരെയും തുടരാന്‍ അനുവദിക്കില്ല. അതിനു മുന്‍പ് പൂജാരി ഉള്‍പ്പെടെ എല്ലാവരും തിരികെ മലയിറങ്ങണം.
ആര്‍ ടി ഓ നിഷ്‌കര്‍ശിക്കുന്ന തുക ആയിരിക്കും ട്രിപ്പ് വാഹങ്ങള്‍ക്ക് ഭക്തരില്‍ നിന്നും ഈടാക്കാന്‍ അനുവാദം ഉണ്ടായിരിക്കുക.
ഡിസ്‌പോസബിള്‍ പാത്രങ്ങളില്‍ കുടിവെള്ളമോ മറ്റു ഭക്ഷണങ്ങളോ ക്ഷേത്ര പരിസരത്തേക്ക് കൊണ്ടുപോകാന്‍ അനുവദിക്കില്ല. മല കയറുന്ന ജീപ്പ് പോലെയുള്ള നാലു ചക്രവാഹനങ്ങള്‍ മാത്രമേ അനുവദിക്കൂ.
ഇരു ചക്ര വാഹനങ്ങള്‍ അനുവദിക്കില്ല. മദ്യം, സസ്യേതര ഭക്ഷണം എന്നിവയും അനുവദിക്കില്ല.
ക്ഷേത്രത്തിലേക്കു പോകാനുള്ള വാഹനങ്ങള്‍ക്ക് ആര്‍.ടി.ഒപാസ് നല്‍കും. കുമളി ചെക്ക് പോസ്റ്റിനു സമീപം മെയ് 7, 8, 9, ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ 4 വരെ ഇരു സംസ്ഥാനങ്ങളുടെയും ആര്‍ടിഓ മാരുടെ നേതൃത്വത്തില്‍ ഫിറ്റ്‌നസ് പരിശോധിച്ച് പാസ് അനുവദിക്കും.
ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് സ്റ്റിക്കര്‍ വാങ്ങി വാഹനത്തില്‍ പതിപ്പിക്കണം. ഉത്സവദിവസം വാഹനങ്ങളില്‍ ഓവര്‍ലോഡിംഗ് അനുവദിക്കില്ല. അപകടരഹിതമായ സുരക്ഷിതമായ യാത്ര ഉറപ്പ് വരുത്താന്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.
ഉത്സവ ദിവസത്തിന്റെ തലേ ദിവസം ഉച്ചയ്ക്ക് ശേഷം മൂന്ന് മുതല്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തും.
കുമളി ബസ് സ്റ്റാന്‍ഡ്, അമലാംമ്പിക സ്‌കൂള്‍, കൊക്കരകണ്ടം എന്നിവിടങ്ങളില്‍ ചെക്ക് പോസ്റ്റ് ഏര്‍പ്പെടുത്തി വാഹനങ്ങള്‍ പരിശോധിക്കും. ഒന്നാം ഗേറ്റിലും ക്ഷേത്രപരിസരത്തും കണ്‍ട്രോള്‍ റൂം സ്ഥാപിക്കും.
പരിസ്ഥിതി സൗഹൃദമല്ലാത്ത അലങ്കാര വസ്തുകള്‍ ഉപയോഗിക്കാന്‍ പാടില്ല. പടക്കങ്ങളും പൊട്ടിത്തെറിക്കുന്ന ഉല്‍പ്പന്നങ്ങളും പാടുളളതല്ല. സുരക്ഷയുടെ ഭാഗമായി റിക്കവറി വാഹനം, അസ്‌ക ലൈറ്റ്, എന്നീ സൗകര്യങ്ങളോടെ കൊക്കരകണ്ടത്ത് ദുരന്ത ലഘൂകരണ യൂണിറ്റ് പ്രവര്‍ത്തിക്കും.
പ്രഥമശുശ്രൂഷ നല്‍കാന്‍ മെഡിക്കല്‍ സംഘത്തിന്റെ സേവനവും ഒരു ഐസിയു ആംബുലന്‍സ് ഉള്‍പ്പാടെ 10 ആംബുലന്‍സ് സൗകര്യവും മല മുകളില്‍ ഏര്‍പ്പെടുത്തും. വിഷ ചികിത്സയ്ക്കുള്ള സൗകര്യവും ഏര്‍പ്പെടുത്തും.
മാധ്യമപ്രവര്‍ത്തകര്‍ക്കും രാവിലെ ആറുമണി മുതലായിരിക്കും പ്രവേശനം അനുവദിക്കുക. മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള പാസ് ഇരു സംസ്ഥാനങ്ങളിലേയും ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍മാര്‍ വിതരണം ചെയ്യും.
സാധുവായ പാസ് കൈവശമില്ലാത്തവരെ കടത്തിവിടില്ല. ഡ്രോണ്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ല. ഇരു സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും ഐഡി കാര്‍ഡ് ധരിച്ചിരിക്കണം.
കൂടുതല്‍ ടോയ്ലറ്റ് സൗകര്യം സജ്ജമാക്കും. മലയാളത്തിലും തമിഴിലും ദിശാ സൂചന ബോര്‍ഡുകള്‍ സ്ഥാപിക്കും. മലയാളത്തിലും തമിഴിലും അനൗണ്‍സ്മെന്റ് നടത്തും. താല്‍ക്കാലിക ടോയ്ലറ്റുകള്‍ ഒരുക്കും.
ഫയര്‍ഫോഴ്‌സ് സേവനം ഉണ്ടായിരിക്കും. ചൂട് വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ അടിയന്തിര ഘട്ടത്തില്‍ മുന്‍കരുതല്‍ സ്വീകരിക്കാനും ഫയര്‍ഫോഴ്‌സിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ക്ഷേത്രപാതയില്‍ ആംപ്ലിഫയര്‍, ലൗഡ് സ്പീക്കര്‍ തുടങ്ങിയവ ഉപയോഗിക്കാന്‍ അനുവദിക്കില്ല. പരസ്യസാമഗ്രികളും പാടില്ല. ഒരു തരത്തിലുള്ള മാലിന്യവും വനത്തില്‍ നിക്ഷേപിക്കരുത്. വനം ശുചിയായി സൂക്ഷിക്കാന്‍ ശുചിത്വമിഷനുമായി സഹകരിച്ച് നടപടി സ്വീകരിക്കും.
ബാരിക്കേഡുകള്‍, ലൈറ്റ് ക്രമീകരണങ്ങള്‍, മൈക്ക്, കംഫര്‍ട്ട് സ്റ്റേഷനുകള്‍, വൈദ്യസഹായം, ക്യു സംവിധാനം തുടങ്ങിയ ക്രമീകരണങ്ങള്‍ കുമളി ഗ്രാമപഞ്ചായത്ത് സജ്ജമാക്കും.