/sathyam/media/media_files/2026/01/03/evm-inspection-2026-01-03-17-03-32.jpg)
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിനുപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധനയ്ക്കു ജില്ലയിൽ തുടക്കം. വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിട്ടുള്ള തിരുവാതുക്കൽ എ.പി.ജെ. അബ്ദുൾ കലാം ഓഡിറ്റോറിയത്തിലാണ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ചേതൻ കുമാർ മീണയുടെ മേൽനോട്ടത്തിൽ ശനിയാഴ്ച രാവിലെ മുതൽ പരിശോധന ആരംഭിച്ചത്.
ജില്ലയിൽ 1791 പോളിംഗ് ബൂത്തുകളാണുളളത്. ബൂത്തുകളുടെ എണ്ണത്തേക്കാൾ 25 ശതമാനം അധികം വോട്ടിംഗ് യന്ത്രങ്ങളും (കൺട്രോൾ, ബാലറ്റ് യൂണിറ്റുകൾ) 35 ശതമാനം അധികം വി.വി. പാറ്റ് യന്ത്രങ്ങളുമാണ് പരിശോധിക്കുന്നത്.
വെയർ ഹൗസിൽനിന്ന് യന്ത്രങ്ങൾ പുറത്തെടുത്ത് പഴയ സ്റ്റിക്കറുകളും ബാലറ്റുകളും സീലുകളും നീക്കം ചെയ്ത് പ്രവർത്തനക്ഷമത ഉറപ്പുവരുത്തുകയാണ് 22 ദിവസത്തോളം നീണ്ടുനിൽക്കുന്ന പരിശോധനയിൽ ചെയ്യുന്നത്. ആദ്യഘട്ട പരിശോധനയിൽ അംഗീകരിക്കുന്ന വോട്ടിംഗ് യന്ത്രങ്ങൾ മാത്രമാണ് തെരഞ്ഞെടുപ്പിന് ഉപയോഗിക്കുക.
ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡിലെ ഒൻപതു എൻജിനീയർമാരുടെ നേതൃത്വത്തിൽ റവന്യൂവകുപ്പിലെ ഉദ്യോഗസ്ഥരാണു പരിശോധന നടത്തുന്നത്. തെരഞ്ഞെടുപ്പു ഡെപ്യൂട്ടി കളക്ടർ ഷീബ മാത്യു, എഫ്.എൽ.സി (ഫസ്റ്റ് ലെവൽ ചെക്കിങ്) സൂപ്പർവൈസർ ജി. പ്രശാന്ത്, അസിസ്റ്റന്റ് സൂപ്പർവൈസർ എം. അരുൺ, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ സി.എൻ. സത്യനേശൻ, ജോയ് ചെട്ടിശ്ശേരി, ജി. രാജൻ എന്നിവർ സന്നിഹിതരായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us