പൊന്നാനി: യുഡിഎഫ് പ്രവർത്തകരുടെ കഠിനാധ്വാനം കൊണ്ട് എംപിയും, കോൺഗ്രസ് പാർട്ടിയിൽ ഉന്നത സ്ഥാനവും ലഭിച്ചവർ സ്വന്തം പാർട്ടിയെയും ഇന്ദിരാഗാന്ധിയെയും ഇപ്പോൾ വിമർശിക്കുന്നതിലെ ഗൂഢ ലക്ഷ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് മുൻ കെപിസിസി പ്രസിഡണ്ട് കെ മുരളീധരൻ കുറ്റപ്പെടുത്തി.
പൊന്നാനി നിയോജകമണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച സൈദ് മുഹമ്മദ് തങ്ങൾ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുരളീധരൻ.
പാക്ക് ഭീകരതയെ പറ്റി വിശദീകരിക്കുവാൻ ശശി തരൂർ എംപിയുടെ നേതൃത്വത്തിൽ അമേരിക്കയിൽ പോയ സർവ്വക സംഘത്തിലെ ബിജെപി എംപി പ്രോട്ടോകോൾ ലംഘനം നടത്തി അമേരിക്കൻ പ്രസിഡണ്ടിനെ കാണുകയും അമേരിക്കൻ പ്രസിഡണ്ട് ഇന്ത്യയിൽ നിന്നും പോയ സർവ്വകക്ഷി സംഘത്തിലെ എംപിയോട് രോഷം പ്രകടിപ്പിക്കുകയും ചെയ്ത സംഭവം ഭാരതത്തിനു തന്നെ അപമാനമാണ് ഉണ്ടാക്കിയതെന്ന് മുരളീധരൻ പറഞ്ഞു.
ആയതിനെപ്പറ്റി സർവകക്ഷി സംഘത്തിന് നേതൃത്വം നൽകിയ ശശി തരൂർ ഒന്നും പ്രതികരിക്കാതെ വർഷങ്ങൾക്കു മുൻപ് നടന്ന അടിയന്തരാവസ്ഥയുടെ പേരിൽ ഇന്ദിരാഗാന്ധിയെ അധിക്ഷേപിക്കുന്ന പ്രസ്താവന നടത്തിയതും കൂടി കൂട്ടി വായിച്ചാൽ ചിലരുടെ രാഷ്ട്രീയ നിലപാട് എങ്ങോട്ടാണ് പോകുന്നതെന്ന് ജനം തിരിച്ചറിയുമെന്നും കെ മുരളീധരൻ വ്യക്തമാക്കി.
യുഡിഎഫ് ജില്ലാ ചെയർമാൻ പിടി അജയ് മോഹൻ അധ്യക്ഷ വഹിച്ചു. ഡിസിസി പ്രസിഡണ്ട് വിഎസ് ജോയ്, കെപിസിസി ജനറൽ സെക്രട്ടറി പി പി സലീം, മൈനോറിറ്റി കോൺഗ്രസ് സംസ്ഥാന ചെയർമാൻ ടി എച്ച് സാക്കിർ ഹുസൈൻ, സി, മുസ്തഫ വടമുക്ക്, ടി പി ഖാദർ, എ എം രോഹിത്, ഷാജി കാളിയത്തെൽ, കെ ശിവരാമൻ, ടി കെ അഷ്റഫ്, പി പി ഹംസ, സിദ്ദിഖ് പന്താവൂർ, ഇ പി രാജീവ്, എം.വി ശ്രീധരൻ മാസ്റ്റർ, പി നാസില്‍, പി പി എ ബാവ, അനിത പത്മകുമാർ എന്നിവർ സംസാരിച്ചു.