തൊടുപുഴ: അരിക്കുഴയിൽ പ്രവർത്തിക്കുന്ന കൃഷി വകുപ്പിന്റെ കീഴിലുള്ളതും ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ളതുമായ ജില്ലാ കൃഷി ഫാമിലെ എട്ട് വർഷത്തോളമായി ജോലി ചെയ്യുന്ന ലിജിമോൾ എന്ന സ്ത്രീ തൊഴിലാളിക്കാണ് ഇരട്ടത്താപ്പ് നയം നേരിടേണ്ടി വരുന്നത്. സി.ഐ.റ്റി.യു തൊഴിലാളികൾ ഫാം സൂപ്രണ്ടിനെ ഭീഷണിപ്പെടുത്തിയാണ് ജോലി നഷ്ടപ്പെടുത്തുന്ന രീതിയിലുള്ള മനുഷ്യത്വ രഹിത നടപടിയെടുക്കുന്നത്.
നടുവിന് സാരമായ പരിക്ക് പറ്റുകയും ഫാം അധികാരിയുടെ സമ്മത്തോടെ ആശുപത്രിയിൽ ചികിത്സതേടുകയും ഡോക്ടർ പതിനഞ്ച് ദിവസത്തെ വിശ്രമം വേണമെന്ന് പറഞ്ഞ സ്ത്രീയ്ക്കാണ് ഈ ഗതി. അവധി കഴിഞ്ഞ് തിരികെ എത്തിയ ലിജിമോളെ സി.ഐ.റ്റി.യുവിൻ്റെ സമ്മർദത്താൽ ഫാം സൂപ്രണ്ട് ജോലിയിൽ പ്രവേശിക്കാൻ സമ്മതിച്ചില്ല. മാത്രമല്ല, ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്നും പറഞ്ഞു.
ഫാമിലെ മോശം അന്തരീക്ഷത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് യാതൊരു സുരക്ഷിതത്വവും ഇല്ലാത്തതാണ്. ഈ ജോലിയായിരുന്നു കുടുംബത്തിന്റെ ഏക വരുമാനം. കുട്ടികൾക്ക് ആഹാരത്തിന് പോലും വകയില്ലാതെ രണ്ട് മാസമായി ബുദ്ധിമുട്ടുകയാണ് അവർ. അഡ്മിനിസ്റ്റേറ്റീവ് കോടതിയിൽ ഇതിനെതിരെ കേസ് നിലനിൽക്കുകയാണ്. ഇതിനിടയിലാണ് ഫാമിന് പുറത്ത് വെച്ചുണ്ടായ അപകടം മൂലം കാലിന് പരിക്ക് പറ്റി ചികിത്സയിൽ തുടരുന്ന പുരുഷ കാഷ്വൽ തൊഴിലാളിയായ റ്റി.കെ രാമചന്ദ്രനെ ജോലിയിൽ പ്രവേശിപ്പിച്ചുകൊണ്ട് ഫാം സൂപ്രണ്ട് അനുമതി നൽകിയത്.
ജോലി ഒന്നും ചെയ്യാതെ തന്നെ ഒപ്പ് രേഖപ്പെടുത്തിയതിന് ശേഷം വീട്ടിൽവിട്ടു. ഈ നടപടി തികച്ചും മനുഷ്യത്വരഹിതവും സ്ത്രീ തൊഴിലാളിയോട് കാണിക്കുന്ന നീതികേടുമാണ്. ഫാമിൽ പണിയെടുക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങൾക്ക് പരിഗണന നൽകണമെന്നും ഫാം നിയമന അധികാരി അടിയന്തരമായി നടപടിയെടുത്ത് ലിജിമോളെ ജോലിയിൽ പ്രവേശിപ്പിക്കണമെന്നും ഒരു ഫാമിൽ തന്നെയുള്ള ഇത്തരം ഇരട്ടത്താപ്പ് നയം അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു.