/sathyam/media/media_files/2025/08/15/indipendance-day-chinchu-rani-2025-08-15-14-02-44.jpg)
കോട്ടയം: ഏറെ പ്രകീർത്തിക്കപ്പെട്ട കേരളത്തിന്റെ ഒരുമയും മതനിരപേക്ഷതയും മുന്നോട്ടുള്ള യാത്രയിൽ കൂടുതൽ ശക്തിപ്പെടുത്തണമെന്നു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പു മന്ത്രി ജെ. ചിഞ്ചുറാണി. കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന ജില്ലാതല സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ ദേശീയപതാക ഉയർത്തിയശേഷം സ്വാതന്ത്ര്യദിന സന്ദേശം നൽകുകയായിരുന്നു മന്ത്രി.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണ് ഇന്ത്യയെന്നതിൽ ഓരോ ഇന്ത്യാക്കാരനും അഭിമാനിക്കാം. സാമ്പത്തിക, സൈനികശക്തിയിലും വലിയ ടൂറിസം കേന്ദ്രമെന്ന നിലയിലും ഇന്ത്യ ശക്തിയായി. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 50 ശതമാനം തീരുവ ഏർപ്പെടുത്താനുള്ള അമേരിക്കയുടെ നീക്കം രാജ്യത്തിന്റെ സാമ്പത്തികനില തകർക്കുന്നതും ആത്മാഭിമാനത്തെ വെല്ലുവിളിക്കുന്നതുമാണ്.
ഏറെ പ്രകീർത്തിക്കപ്പെട്ട കേരളത്തിന്റെ ഒരുമയും മതനിരപേക്ഷതയും മുന്നോട്ടുള്ള യാത്രയിൽ കൂടുതൽ ശക്തിപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. ഭരണഘടനയുടെ അന്തസത്തയും ചൈതന്യവും സംരക്ഷിക്കാൻ കേരളം നടത്തിയ ശ്രമങ്ങൾ രാജ്യമാകെ ശ്രദ്ധ നേടിയതാണ്. രാജ്യത്തെ ഏറ്റവും നിക്ഷേപാന്തരീക്ഷമുള്ള സംസ്ഥാനങ്ങളിലൊന്നായി കേരളംമാറി.
പൊതുവിദ്യാഭ്യാസരംഗം ലോകോത്തരമായി വികസിപ്പിക്കാൻ കേരളത്തിനു കഴിഞ്ഞു. കേരളത്തെ മാലിന്യമുക്തമാക്കുമെന്ന പ്രതിജ്ഞയെടുക്കാൻ ഈ സ്വാതന്ത്ര്യദിനത്തിൽ നമുക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു. തെരുവ്നായ പെരുപ്പം നിയന്ത്രിക്കുന്നതിനും ടൂറിസം പദ്ധതികൾക്കുമൊക്കെ വിനയായ മാലിന്യപ്രശ്‌നം പരിഹരിച്ചേ തീരുവെന്നും മന്ത്രി പറഞ്ഞു.
പരേഡ് പരിശോധിച്ച ശേഷം മന്ത്രി പരേഡിന്റെ അഭിവാദ്യം സ്വീകരിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ, ജില്ലാ കളക്ടർ ചേതൻകുമാർ മീണ, ജില്ലാ പോലീസ് മേധാവി എ. ഷാഹുൽ ഹമീദ്, കോട്ടയം നഗരസഭാ അധ്യക്ഷ ബിൻസി സെബാസ്റ്റിയൻ, എ.ഡി.എം. എസ്. ശ്രീജിത്ത്, സബ് കളക്ടർ ആയുഷ് ഗോയൽ, നഗരസഭാംഗങ്ങളായ റീബ വർക്കി, മോളിക്കുട്ടി സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.