ആലപ്പുഴ: കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെ കീഴിലുള്ള സ്റ്റേറ്റ് ചെസ്സ് ടെക്നിക്കൽ കമ്മിറ്റി ആലപ്പുഴ റിലയൻസ് മാളിൽ വെച്ചു നടത്തിയ അണ്ടർ 11 വിഭാഗം ജില്ലാതല സെലക്ഷൻ ടൂർണമെന്റിൽ ഓപ്പൺ കാറ്റഗറിയിൽ ജഗത് നാരായണനും പെൺകുട്ടികളുടെ വിഭാഗത്തിൽ അയന എച്ച് നായരും ജില്ലാ ചാമ്പ്യൻമാർ ആയി.
ജഗത് നാരായണൻ മാവേലിക്കര ഇൻഫെന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ആറാം ക്ലാസ്സ് വിദ്യാർഥിയാണ്. ചെട്ടികുളങ്ങര പഞ്ചായത്തിൽ ഇന്ദീവരത്തിൽ ഗിരീഷ് കുമാറിന്റെയും രാജലക്ഷ്മിയുടെയും മകനാണ്. അയന എച്ച് നായർ മാവേലിക്കര ബിഷപ്പ്മൂർ വിദ്യാപീഠം അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്. ചെന്നിത്തല ചക്കാലത്തു വീട്ടിൽ ഹരിദാസിന്റെയും ധനജയുടെയും മകളാണ്.
രണ്ടാം സ്ഥാനം യഥാക്രമം ഋഷികേശ് വിനോദ്(കെ ഇ കാർമ്മൽ സ്കൂൾ, മുഹമ്മ), ഭാരതി സൂരജ് (സെന്റ് ജോസഫ് സ്കൂൾ, ആലപ്പുഴ) എന്നിവർ കരസ്ഥമാക്കി. ആദ്യ രണ്ടു സ്ഥാനക്കാർ കൊല്ലം ജില്ലയിൽ മെയ് 17-18 തീയതികളിൽ നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി.
സ്റ്റേഡിയം വാർഡ് കൗൺസിലർ അജേഷ് ഉദ്ഘാടനം നിർവഹിച്ചു.വിജയികൾക്ക് മുൻ ചെസ്സ് താരവും SCTC ആലപ്പുഴ ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാനുമായ എൻ രമേഷ് സമ്മാനദാനം നിർവഹിച്ചു. ജില്ലാ ഓർഗനൈസിങ് കമ്മറ്റി കൺവീനർ ബിബി സെബാസ്റ്റ്യൻ സ്വാഗതം പറഞ്ഞു , ലക്ഷ്മി അരുൺകുമാർ , മാത്യു പി.സി,എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.