തലശ്ശേരി: ഇല്ലിക്കുന്നിലെ വാടക വീട്ടിൽ നിന്ന് പുകയില ഉൽപന്നങ്ങളുടെ വൻ ശേഖരം പിടികൂടി. ഫരീദാബാദിൽനിന്ന് കൊറിയർ വഴി എത്തിച്ച 400 കിലോ ഹാൻസാണ് എക്സൈസ് അധികൃതർ പിടിച്ചെടുത്തത്. കണ്ണൂർ എക്സൈസ് ഇന്റലിജൻസ് ബ്യൂറോയിലെ പ്രിവന്റിവ് ഓഫിസർ സുകേഷ് വണ്ടിച്ചാലിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന നടത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് ഇല്ലിക്കുന്ന് സ്വദേശി ടി.കെ. റഷ്ബാൻ, കണ്ണൂർ വലിയന്നൂരിലെ സഫ് വാൻ മൻസിലിൽ മുഹമ്മദ് സഫ്വാൻ എന്നിവരെ കസ്റ്റഡിയിലെടുത്തു. പരിശോധനയിൽ വനം വന്യജീവി സംരക്ഷണ നിയമവുമായി ബന്ധപ്പെട്ട സംശയകരമായ വസ്തുവും കസ്റ്റഡിയിലെടുത്തു. ഇത് വനം വകുപ്പിന് കൈമാറുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഇല്ലിക്കുന്ന് ചിറമ്മൽ റോഡിലെ ബദരിയ മസ്ജിദിന് സമീപം യാസിൻ എന്ന വാടകവീട്ടിൽനിന്നാണ് ഹാൻസ് പിടികൂടിയത്. വിപണിയിൽ ഏഴു ലക്ഷം രൂപ വരുന്ന ഹാൻസാണ് പിടികൂടിയത്. കൂത്തുപറമ്പ് സർക്കിൾ ഇൻസ്പെക്ടർ എ.കെ. വിജേഷിന്റെ നേതൃത്തിലുള്ള സംഘവും കണ്ണൂർ ഇന്റലിജൻസ് ബ്യൂറോ ഇൻസ്പെക്ടർ കെ.പി. പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘവും ചേർന്നാണ് പരിശോധന നടത്തിയത്.