കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൈത്തറി സംഘങ്ങൾക്കുള്ള ധനസഹായം വിതരണം ചെയ്തു.
34 സംഘങ്ങളിൽ 22 സംഘങ്ങൾക്ക് ഒരു ലക്ഷം രൂപ വീതവും ബാക്കിയുള്ളവർക്ക് അസംസ്‌കൃത വസ്തുക്കൾ വാങ്ങുന്നതിന് ആവശ്യമായ തുകയും ഉൾപ്പെടെ ആകെ 26,12002 രൂപയാണ് ധനസഹായമായി നൽകിയത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ.കെ രത്‌നകുമാരി ധനസഹായ വിതരണ പരിപാടി ഉദ്ഘാടനം ചെയ്തു.
പരമ്പരാഗത വ്യവസായങ്ങളുടെ പുനരുദ്ധാരണം, പ്രവർത്തന പുരോഗതി എന്നിവ ലക്ഷ്യമാക്കിയാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് അവർ പറഞ്ഞു.
കോവിഡ് കാലത്ത് പ്രതിസന്ധിയിലായ കൈത്തറി മേഖലയ്ക്ക് ഒരു കൈത്താങ്ങ് എന്ന രീതിയിലും അന്യം നിന്നുപോകുന്ന പരമ്പരാഗത വ്യവസായങ്ങളെ പുനരുജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുമാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.
കഴിഞ്ഞ വർഷങ്ങളിലും കൈത്തറി സംഘങ്ങൾക്ക് ഇത്തരത്തിൽ ധനസഹായം നൽകിയിരുന്നു. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ ബിനോയ് കുര്യൻ അധ്യക്ഷനായി.
കണ്ണൂർ ജില്ലാ വ്യവസായ കേന്ദ്രം മാനേജർ എസ്.കെ സുരേഷ് കുമാർ പദ്ധതി വിശദീകരണം നടത്തി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺമാരയ ടി സരള, യു.പി ശോഭ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടൈനി സൂസൻ ജോൺ എന്നിവർ സംസാരിച്ചു.