കണ്ണൂർ: ഫിഷറീസ് വകുപ്പിന്റെ പുനർഗേഹം പദ്ധതിയിലൂടെ വീട് ലഭിച്ച ഗുണഭോക്താക്കളുടെ അപകടാവസ്ഥയിലായ പഴയ വീടുകൾ കണ്ണൂർ അഴീക്കോട് ഗ്രാമപഞ്ചായത്തിന്റെ ദുരന്ത നിവാരണ നിധിയിൽ ഉൾപ്പെടുത്തി പൊളിച്ചുനീക്കി.
നീർക്കടവ് പ്രദേശത്തുള്ള 10 വീടുകളാണ് ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെ ഫിഷറീസ് വകുപ്പ് അധികൃതർ പൊളിച്ചു നീക്കിയത്.
കാലപ്പഴക്കത്താൽ അപകടാവസ്ഥയിലായിരുന്ന വീടുകൾ സാമൂഹ്യവിരുദ്ധരുടെ താവളമാണെന്ന വ്യാപക പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ കലക്ടറുടെ നിർദേശപ്രകാരമാണ് നടപടി.
കെ.വി സുമേഷ് എംഎൽഎ, അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ അജീഷ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ആർ ജുഗുനു എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ഇതു സംബന്ധിച്ച് തീരുമാനമായിരുന്നു. ജില്ലയിൽ ബാക്കിയുള്ള ഇത്തരം വീടുകളും പൊളിച്ചു നീക്കുമെന്ന് അധികൃതർ അറിയിച്ചു.
തഹസിൽദാറുടെ സാന്നിധ്യത്തിൽ വാർഡ് അംഗം ജലജ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർമാരായ അരുൺ സുരേഷ്, ആർ.എസ് അഖിൽ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.