കോഴിക്കോട്: മർകസിനു കീഴിൽ പ്രവർത്തിക്കുന്ന സീക്യു പ്രീസ്കൂൾ നെറ്റ്‌വർക്ക് പുതിയ അധ്യയന വർഷാരംഭത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അലിഫ് ഡേയുടെ ഗ്ലോബൽ ഉദ്ഘാടനം കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നിർവഹിച്ചു. ഇന്ത്യയിലെയും വിദേശ രാജ്യങ്ങളിലെയും 152 സ്കൂളുകളിൽ അയ്യായിരത്തോളം കുട്ടികൾ ഇന്ന്(തിങ്കൾ) ആദ്യാക്ഷരം എഴുതും.
മൂന്ന് മുതൽ നാല് വയസു വരെ പ്രായമുള്ള കുട്ടികൾക്ക് മൂന്ന് വർഷത്തെ പഠനത്തിനായി സജ്ജീകരിച്ചിരിക്കുന്ന സീക്യു പ്രീസ്കൂൾ, പരമ്പരാഗത നഴ്സറി സ്കൂളുകളിൽ നിന്ന് വ്യത്യസ്തമായി, കളികളിലൂടെയും പ്രത്യേക ആക്ടിവിറ്റികളിലൂടെയും ഭാഷാ വിദ്യാഭ്യാസത്തോടൊപ്പം സമഗ്രബോധനമാണ് നൽകുന്നത്.
മാതൃഭാഷ, ഇംഗ്ലീഷ്, അറബി, ഹിന്ദി എന്നീ ഭാഷകളോടൊപ്പം ഗണിതവും പരിസ്ഥിതി പഠനവും ഉൾക്കൊള്ളുന്ന ഈ സംവിധാനത്തിൽ വിശുദ്ധ ഖുർആൻ പാരയണവും മനഃപാഠവും പഠിക്കുന്നു.
മർകസ് സെൻട്രൽ ക്യാമ്പസിൽ നടന്ന അലിഫ് ഡേ ചടങ്ങിൽ സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം, സി മുഹമ്മദ് ഫൈസി, സി.പി. സിറാജുദ്ദീൻ സഖാഫി, സി.കെ.എം. ശാഫി സഖാഫി, ഇല്യാസ് അബ്ദുല്ല പങ്കെടുത്തു. സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, സയ്യിദ് ജലാലുദ്ദീൻ ജീലാനി വൈലത്തൂർ, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തന്നൂർ, സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങൾ, സയ്യിദ് സഹീർ ഹുസൈൻ ജീലാനി കവരത്തി തുടങ്ങിയവർ ഇന്ന് വിവിധ ജില്ലാ കേന്ദ്രങ്ങളിൽ അലിഫ് ഡേയ്ക്ക് നേതൃത്വം നൽകും.