കരിമണ്ണൂർ രാഷ്ട്രീയം കലങ്ങിമറിയുന്നു: കോൺഗ്രസിൽ കുതികാൽവെട്ടും സ്ഥാനാർത്ഥിത്തർക്കവും!തെരഞ്ഞെടുപ്പ് വിജ്ഞാപനത്തോടെ കോൺഗ്രസിൽ തമ്മിലടി: ഗ്രൂപ്പുപോര് രൂക്ഷം

New Update
election

കരിമണ്ണൂർ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തുവന്നതോടെ കരിമണ്ണൂരിലെ കോൺഗ്രസ് പാർട്ടിയിൽ തമ്മിലടിയും ശക്തമായ കുതികാൽവെട്ടും ആരംഭിച്ചു. ചതിയുടെയും വഞ്ചനയുടെയും പ്രതികാര രാഷ്ട്രീയത്തിന്റെയും പുതിയ അധ്യായങ്ങളാണ് സ്ഥാനാർത്ഥി നിർണ്ണയത്തിലൂടെ കരിമണ്ണൂരിൽ തുറന്നുവരുന്നത്. സംഘടനാ സംവിധാനം തീർത്തും ദുർബലമായ കോൺഗ്രസ്സിൽ സ്ഥാനാർത്ഥി നിർണയം മുന്നോട്ട് പോകുന്നത് വളരെ പരിതാപകരമായ അവസ്ഥയിലാണ്. ഇത് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് (എൽഡിഎഫ്) വീണ്ടും ഭരണത്തുടർച്ചയ്ക്ക് അവസരമൊരുക്കുമോ എന്ന ആശങ്ക പാർട്ടി അനുഭാവികൾക്കിടയിൽ ശക്തമാണ്.

Advertisment

ആരാകും കരിമണ്ണൂരിലെ ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി?
ടോണി തോമസിലേക്ക് ചർച്ചകൾ ചുരുങ്ങുന്നു

ഇടതുപക്ഷ ജനാധിപത്യമുന്നണിയും ആം ആദ്മി പാർട്ടിയും സ്ഥാനാർത്ഥി നിർണയവുമായി മുന്നോട്ടുപോകുമ്പോൾ, യുഡിഎഫിൽ കോൺഗ്രസ് മത്സരിക്കുന്ന കരിമണ്ണൂർ ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ സ്ഥാനാർത്ഥി നിർണയ കാര്യത്തിൽ മെല്ലെപ്പോക്കാണ് കാണുന്നത്.

ആദ്യം ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻറ് മാത്യു കെ. ജോൺ, യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ല വൈസ് പ്രസിഡൻറ് ടോണി തോമസ്, കെപിസിസി ന്യൂനപക്ഷ സെൽ മുൻ നേതാവ് മനോജ് കോക്കാട്ട് എന്നിവരുടെ പേരുകളാണ് പരിഗണനയിലുണ്ടായിരുന്നത്. എന്നാൽ, ഇപ്പോൾ ചർച്ചകൾ ടോണി തോമസിലേക്ക് ചുരുങ്ങിയിരിക്കുന്നു എന്നാണ് അണിയറ സംസാരം.

സീറ്റ് നിഷേധം: മാത്യു കെ. ജോണും മനോജ് കോക്കാട്ടും

മാത്യു കെ. ജോണിന് ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥിത്വം നിഷേധിക്കപ്പെടുമെന്ന് ഏതാണ്ട് ഉറപ്പാണ്. ഉടുമ്പന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലോ, പഞ്ചായത്തിലെ ഏതെങ്കിലും വാർഡിലോ മത്സരിക്കാൻ നിർദ്ദേശം ലഭിച്ചെങ്കിലും മാത്യു ഇനിയും തീരുമാനമെടുത്തിട്ടില്ല.
അതുപോലെ, സ്ഥാനാർത്ഥി നിർണയ ചർച്ചകളിൽ ഏറെ ഉയർന്ന് കേട്ട പേരുകാരനായ മനോജ് കോക്കാട്ടിനും സീറ്റ് നിഷേധിക്കുവാനുള്ള നീക്കങ്ങൾ സജീവമാണ്. കോൺഗ്രസിൽ പി.ടി. തോമസ് വിഭാഗക്കാരനായി അറിയപ്പെടുന്ന മനോജിന് മറ്റ് ഗ്രൂപ്പുകളിൽ നിന്നെല്ലാം ശക്തമായ എതിർപ്പാണ് നേരിടേണ്ടിവരുന്നത്. പ്രവർത്തനങ്ങളിൽ മുന്നോട്ട് ആണെങ്കിലും ജനകീയതയിൽ പിന്നോട്ട് ആണെന്നുള്ള വാദമാണ് മനോജിനെതിരെയുള്ള നീക്കത്തിന് പ്രധാന കാരണം. അന്തിമമായി കരിമണ്ണൂരിൽ ടോണി തോമസ് സ്ഥാനാർത്ഥിയായി വരാനുള്ള ഒരുക്കങ്ങളാണ് പിന്നണിയിൽ നടക്കുന്നത്. പ്രദേശവാസി അല്ലെങ്കിലും കെപിസിസി വൈസ് പ്രസിഡൻറ് റോയി കെ പൗലോസിന്റെ ശക്തമായ പിന്തുണയാണ് ടോണി തോമസിൻ്റെ കൈമുതൽ. 

ഗ്രാമപഞ്ചായത്തിൽ അട്ടിമറി: ജോളി അഗസ്റ്റിന് സീറ്റ് നിഷേധിച്ചു; വിവാദ സ്ഥാനാർത്ഥിക്ക് പരിഗണന

കരിമണ്ണൂർ ഗ്രാമപഞ്ചായത്തിലെ സ്ഥാനാർത്ഥി നിർണയത്തിലും നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ് ജോളി അഗസ്റ്റിൻ കരിമണ്ണൂർ ടൗൺ വാർഡിൽ മത്സരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, 'വാർഡ് കമ്മിറ്റി' എന്ന നാടകത്തിലൂടെ അദ്ദേഹത്തിന് സീറ്റ് നിഷേധിക്കപ്പെട്ടു. ഷാജൻ ജെയിംസ്, പി.എം. ഐസക്, ജോസഫ് ജോൺ എന്നിവരാണ് നിലവിൽ ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചിട്ടുള്ളത്. ഇതിൽ, ജോസഫ് ജോണിന്റെ സ്ഥാനാർത്ഥിത്വ ചർച്ച തന്നെ വലിയ വിവാദമായിരിക്കുകയാണ്. സാധാരണ ജനങ്ങളുമായി ബന്ധമില്ലാത്തതും, കരിമണ്ണൂരിന്റെ വികസന ആവശ്യങ്ങളായ സബ് രജിസ്ട്രാർ ഓഫീസ്, ഹൈസ്കൂൾ ജംഗ്ഷൻ വികസനം എന്നിവയ്ക്കെതിരെ നിലകൊള്ളുകയും ചെയ്ത ജോസഫ് ജോണിനെതിരെ കടുത്ത പ്രാദേശിക വികാരം നിലനിൽക്കുന്നുണ്ട്.

ജനപ്രതിനിധി എന്ന നിലയിൽ വലിയ പരാജയമായി മാറിയ ആൻസി സിറിയക്, നിഷ്പക്ഷ നിലപാട് സ്വീകരിക്കുമെന്ന് കരുതപ്പെട്ടെങ്കിലും,  നിർദ്ദേശിച്ചത് ജോസഫ് ജോണിന്റെ പേരായിരുന്നു. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ടി.കെ. നാസറിനായിരുന്നു വാർഡിലെ സ്ഥാനാർത്ഥിനിർണയ ചുമതല. ജോളി അഗസ്റ്റിന് സീറ്റ് നിഷേധിക്കാനുള്ള ഗൂഢാലോചനയിൽ ടി.കെ. നാസറും പങ്കാളിയായി എന്നാണ് ആരോപണം.

 ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥിത്വത്തിൽ അഴിമതിയുടെ ഗന്ധം

ബ്ലോക്ക് പഞ്ചായത്ത് കരിമണ്ണൂർ ഡിവിഷനിലെ സ്ഥാനാർത്ഥി നിർണയ ചർച്ചകളിലും കടുത്ത അതൃപ്തിയാണ് യുഡിഎഫിൽ പുകയുന്നത്. ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് ബീന ജോളി, ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് ഡെയ്സി ജോർജ് എന്നിവർക്ക് വേണ്ടിയാണ് അണിയറ നീക്കങ്ങൾ നടക്കുന്നത്. ബീന ജോളിയെ പിന്തുണയ്ക്കുന്നത് കോൺഗ്രസ് നേതാവ് ജോൺ നെടിയപാലയും ഗ്രാമപഞ്ചായത്തംഗം എ. എൻ ദിലീപ്കുമാറുമാണ്. ആംബുലൻസോ ഫയർ എഞ്ചിനോ മറ്റു വാഹനങ്ങളോ എളുപ്പത്തിൽ എത്തിച്ചേരാൻ ആവാത്ത വേനപ്പാറയിൽ സ്ഥലം വാങ്ങിയതുമായി ബന്ധപ്പെട്ട ആരോപണങ്ങൾ നേരിടുന്ന വ്യക്തിയെ സ്ഥാനാർത്ഥിയാക്കുന്നതിലാണ് യുഡിഎഫിലെ കടുത്ത അതൃപ്തി.
ഘടന പൂർണമായി മാറിയ കരിമണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിൽ ഏഴുമുട്ടം കാരിയായ ഡെയ്സി ജോർജിനാണ് വിജയസാധ്യതയെന്ന് ഒരു വിഭാഗം വാദിക്കുന്നു. ബീന ജോളിക്കു സീറ്റ് നൽകിയാൽ കരിമണ്ണൂർ ഗ്രാമപഞ്ചായത്തിൽ യുഡിഎഫ് പരാജയപ്പെടുമെന്ന് കേരള കോൺഗ്രസ്സും മുസ്ലിം ലീഗും കോൺഗ്രസിലെ ഭൂരിപക്ഷവും കണക്കുകൂട്ടുന്നു.

തകർന്നടിഞ്ഞ കോൺഗ്രസ് സംഘടനാ സംവിധാനം

സമീപകാലത്ത് മണ്ഡലം പദയാത്ര നടന്നെങ്കിലും കരിമണ്ണൂരിലെ കോൺഗ്രസ് സംഘടനാ സംവിധാനം അതിന്റെ പൂർണ്ണ ജീർണ്ണാവസ്ഥയിലാണ്. ചെറുപ്പക്കാർ പൂർണ്ണമായും അകന്നുപോയ പാർട്ടിയിൽ ചില ഗ്രൂപ്പ് നേതാക്കന്മാർ മാത്രമാണ് അവശേഷിക്കുന്നത്. മഹിളാ കോൺഗ്രസ് പ്രവർത്തനം നിലച്ച മട്ടിലാണ്. സർക്കാർ സർവീസിൽ നിന്ന് വിരമിച്ച ചില ആളുകളുടെ ഒഴിവുകാല വിനോദ ക്ലബ്ബ് എന്ന നിലയിലേക്ക് കോൺഗ്രസ് ചുരുങ്ങിപ്പോയിരിക്കുന്നു എന്നതാണ് കരിമണ്ണൂരിലെ ഇപ്പോഴത്തെ സ്ഥിതി.


കരിമണ്ണൂർ സർവീസ് സഹകരണ ബാങ്ക് അഴിമതി വിഷയത്തിൽ നിലപാടെടുക്കാതെ, അഴിമതിക്കാർക്ക് ഭരണത്തുടർച്ചയ്ക്ക് പിന്തുണ നൽകുന്ന സമീപനം കോൺഗ്രസ് അനുഭാവികൾക്കിടയിൽ അവമതിപ്പ് ഉണ്ടാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ഉണ്ടായ ഈ കുതികാൽ വെട്ടിലൂടെ വീണ്ടും കരിമണ്ണൂരിൽ ഇടതുപക്ഷ ഭരണത്തിന് അവസരം ഒരുക്കുവാനാണ് കോൺഗ്രസ് പാർട്ടിയിലെ സംഭവവികാസങ്ങൾ കാരണമാകുന്നത്.

Advertisment