കളിവിളക്കു തെളിയുന്നിടത്തൊക്കെ കൃഷ്ണന്‍കുട്ടിയുണ്ടാകുമായിരുന്നു; കഥകളി ഭ്രാന്തുമായി !

New Update
6

പെരുമ്പാവൂര്‍: കൂടാലപ്പാടുകാര്‍ക്ക് പി.എ. കൃഷ്ണന്‍കുട്ടിയെന്ന പൂഴിക്കുന്നേൽ കൃഷ്ണന്‍കുട്ടി കേവലം ഒരു കല്പണിക്കാരൻ മാത്രമായിരുന്നു.തൊഴിലിലെ മികവും മികച്ച വേഗവുമുായിരുന്നു അസാമാന്യമായ ഈ മനുഷ്യന്റെ വൈഭവം. ഇദ്ദേഹത്തിന്റെ കല്പണിയെ പുകഴ്ത്തിയിരുന്നവരാണ് നാട്ടുകാരെല്ലാം. പക്ഷെ മദ്യപാനത്തിൽ  സന്തോഷം കണ്ടെത്തി പലപ്പോഴും ജീവിതത്തിന്റെ താളംനഷ്ടപ്പെടുന്നത് സ്വയമറിഞ്ഞിട്ടും അതു തുടര്‍ന്നു.

Advertisment

യൗവ്വനകാലത്ത് വിദേശത്തു പോയി കുറച്ചുകാലം കുലത്തൊഴിൽ ചെയ്തു. ഇങ്ങനെയൊക്കെയാണെങ്കിലും കൃഷ്ണന്‍കുട്ടിയുടെയുള്ളിലെ അതിതീവ്ര കഥകളിപ്രേമത്തെക്കുറിച്ച് അറിയാവുന്നത് നാട്ടിലെ വളരെ ചുരുക്കമാളുകള്‍ക്കു മാത്രം. ഒരുതരത്തിൽ പറഞ്ഞാൽ ഒ. ചന്തുമേനോന്റെ ഇന്ദുലേഖയിലെ ഒരു സംഭാഷണശകലം പോലെയാണ്. അതിങ്ങനെ പറയാം.. കൃഷ്ണന്‍കുട്ടിയ്ക്കെന്താ ഭ്രാന്തുണ്ടോ ? കളി ഭ്രാന്ത് ? കഥകളിഭ്രാന്ത് !

അതെ, അക്ഷരാര്‍ത്ഥത്തിൽ  ഒരു കഥകളിഭ്രാന്തനായിരുന്നു കൃഷ്ണൻകുട്ടി.  നാട്ടിൽ എവിടെ കഥകളിയുണ്ടെന്നെറിഞ്ഞാലും കൃഷ്ണന്‍കുട്ടിയെന്ന കാഴ്ചക്കാരൻ അതിന്റെ മുന്നിരയിലുണ്ടാകുമായിരുന്നു. കഥയറിഞ്ഞ്, കഥാപാത്രങ്ങളെയറിഞ്ഞുള്ള  ആസ്വാദനമായിരുന്നു അത്. നാലു ദിവസങ്ങളിലായുള്ള നളചരിതവും, രുഗ്മിണീസ്വയംവരവും കല്ല്യാണ സൗഗന്ധികവുമെല്ലാം ഹൃദിസ്ഥം. കൃഷ്ണൻകുട്ടിയിലെ കഥകളിയാസ്വാദകന് കഥകളിഭ്രാന്തുള്ള ഒരുപാട് സുഹൃത്തുക്കളുണ്ടായിരുന്നു.

പെരുമ്പാവൂർ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലും ചേലാമറ്റം ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിലും ഉത്സവത്തോടനുബന്ധിച്ചുള്ള പതിവു കഥകളിയിലെ കാഴ്ചക്കാരുടെ ലിസ്റ്റിൽ ഇദ്ദേഹവുമുണ്ട്.  ക്ഷേത്രോത്സവങ്ങളിൽ കഥകളിയുണ്ടെന്നറിഞ്ഞാൽ എവിടെയാണെങ്കിലും കൃഷ്ണൻകുട്ടി ഹാജർ. പ്രശസ്തരായ നടന്മാരുടെ വേഷപ്പകര്‍ച്ചകളെക്കുറിച്ച് താത്പര്യമുള്ളവരോട് സംസാരിയ്ക്കുമായിരുന്നു. തച്ചുശാസ്ത്രക്കണക്കുള്ള പണികളിൽ പ്രത്യേക അവഗാഹമുണ്ടായിരുന്ന വിശ്വകർമ്മജൻ.

ആരും ഒരു പണിക്കുറ്റവും പറയാത്ത തീറുപണി. ചെങ്കുല്ലു പണിയിൽ അസാമാന്യ വേഗമുള്ള കൃഷ്ണന്‍കുട്ടിയോടൊപ്പം സഹായികളാകുന്ന മെയ്ക്കാടുമാരെ 'വെള്ളംകുടിപ്പിയ്ക്കുന്ന' സ്വഭാവം. മദ്യത്തോടുള്ള അമിതാസക്തിമൂലം അദ്ദേഹത്തിന് കുലത്തൊഴിലിൽ നീതിപുലർത്താനായില്ല.  ഒടുവിൽ വാർദ്ധക്യത്തിന്റെ അസ്കിതയിൽ വ്യാഴാഴ്ചയോടെ ആ ജീവന്‍ നിലച്ചു. വെള്ളിയാഴ്ച ഉച്ചയോടെ കൂടാലപ്പാട് സിദ്ധന്‍കവലയ്ക്കടുതുള്ള വീട്ടുവളപ്പിൽ നടന്ന സംസ്കാരച്ചടങ്ങിൽ നിരവധിപേര്‍ പങ്കെടുത്തു. കൃഷ്ണൻകുട്ടിയുടെ നിര്യാണത്തിൽ കൂവപ്പടി സാന്ദ്രാനന്ദം സത്സംഗസമിതി അനുശോചിച്ചു.

Advertisment