ഫുട്സാൽ അബിനിന് 'കുട്ടിക്കളി'യല്ല; ദേശീയ ടീമിൽ ഇടം നേടി കൂടാലപ്പാടുകാരൻ

New Update
5

പെരുമ്പാവൂർ: ഭാരതത്തിൽ ഫുട്ബോൾ കളിയുടെയത്ര പരിചിതമല്ലാത്ത ഒരു കളിയാണ് ഫുട്സാൽ. 1930 മുതല്‍ ലോകത്തിലെ പല രാജ്യങ്ങളിലും  പരിചിതമാണ് ഫുട്സാല്‍ എന്ന ‘കുട്ടിഫുട്ബാള്‍’ കളി. ഫുട്ബാളിനെ സെവന്‍സായി ചുരുട്ടിക്കെട്ടിയ മലയാളികള്‍ക്കുപോലും പുതുമ തോന്നിക്കുന്ന വിധമാണ് ഫുട്സാലിന്റെ കളിരീതികള്‍.  അര്‍ജന്റീനയിലും ബ്രസീലിലും മറ്റു ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും മുൻനിര ഫുട്‍ബോൾ കളിക്കാർ പോലും ഈ 'കുട്ടിക്കളി'യുടെ ആരാധകരാണ്.

Advertisment

2

മൊത്തം 40 മിനിറ്റാണ് കളി. ഹാന്റ്ബോളിലെ ഗോള്‍ പോസ്റ്റിന്റെ അത്രയും വലുപ്പമേയുള്ളൂ ഫുട്സാലിനും. ഫുട്‌ബോൾ പോലെ കൈ ഒഴികെയുള്ള ശരീരത്തിന്റെ എല്ലാ ഭാഗവും ഇവിടെയും പ്രയോഗിക്കാം .
ത്രോയും കോര്‍ണറും പെനാല്‍റ്റിയും ഫ്രീകിക്കും എല്ലാം ഫുട്സാലിലുമുണ്ട്. ചിലപ്പോള്‍ ഫ്രീകിക്ക്പോലും പെനാല്‍റ്റി പോലെയായി പോകുമെ ന്നുമാത്രം. കോര്‍ണര്‍ കിക്ക് നേരിട്ടെടുക്കാൻ  കഴിയില്ല. ഡ്രിബ്ലിംഗ് പാഠവറ്റും ഏകഗ്രതയും പന്തടക്കവും ഫിനിഷിങ് പാടവവും ഫുടബോളിനേക്കാൾ മികച്ചതായിരിക്കണം ഈ കുട്ടിക്കളിയിൽ. ഗോൾകീപ്പറുടെ മികവും ഫുട്‍ബോളിനേക്കാൾ ഒരുപടി മുന്നിലാണ്.

8

ഏഷ്യൻ ഫുട്സാൽ ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ദേശീയ ടീമിലേക്ക് കളിച്ചു കയറിക്കൊണ്ട് കായിക പ്രേമികളുടെ ശ്രദ്ധ നേടിയിരിക്കുകയാണ് പെരുമ്പാവൂർ കൂടാലപ്പാട് സ്വദേശി അബിൻ സാജു എന്ന മിടുക്കൻ. അഹമ്മദാബാദിൽ വച്ചു നടന്ന ദേശീയ ഫുട്സാൽ ചാമ്പ്യൻഷിപ്പിൽ കേരള ടീമിന്റെ  ക്യാപ്റ്റനായി കളിച്ച് മഹാരാഷ്ട്രയെ തറപറ്റിച്ച് ബഗ്ലാദേശിൽ നടക്കുന്ന ഏഷ്യൻ ഫുട്സാൽ ചാമ്പ്യൻഷിപ്പിലേക്കുള്ള ഇന്ത്യൻ ദേശീയ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണിപ്പോൾ അബിൻ. കളിയിലെ ഡ്രിബ്ളിങ് പാടവവും ഏകാഗ്രതയും പന്തടക്കവും ഫിനിഷിങ് പാടവവും കൊണ്ടാണ് അബിൻ ദേശീയശ്രദ്ധയാകർഷിച്ചതെന്ന് ഇദ്ദേഹത്തിന്റെ പരിശീലകൻ ഡോ. പ്രേകുമാർ പറഞ്ഞു.

9

കൊടുവേലിപ്പടിയിൽ ബുധനാഴ്ച പൗരപ്രമുഖരും രാഷ്ട്രീയനേതാക്കളും പങ്കെടുത്ത ചടങ്ങിൽ അബിന് ജനകീയസ്വീകരണം നൽകിയിരുന്നു. കൊടുവേലിപ്പടി യംഗ്സ്റ്റാർ ആർട്ട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് ആണ് പരിപാടി സംഘടിപ്പിച്ചത്. കൂടാലപ്പാട് എം.എസ്. കാറ്ററിംഗ് എന്ന സ്ഥാപനം നടത്തുന്ന മേപ്പിള്ളി സാജുവിന്റെയും ഒക്കൽ പഞ്ചായത്ത് മുൻ വാർഡ് മെമ്പർ ജെസ്സി സാജുവിന്റെയും മകനാണ് അബിൻ. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ഫിസിക്കൽ എജ്യൂക്കേഷൻ ബിരുദവിദ്യാർഥിയാണ് അബിൻ. അലക്സ് സഹോദരനാണ്.  

Advertisment