/sathyam/media/media_files/2025/11/03/pakal-veed-aymanam-inauguration-2025-11-03-18-22-56.jpg)
കോട്ടയം: അയ്മനം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നിർമിച്ച പകൽ വീട് സഹകരണം-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ വയോജനങ്ങൾക്കായി തുറന്നുകൊടുത്തു. ക്ഷേമപെൻഷൻ വർദ്ധനവ് പോലെയുള്ളവ സംസ്ഥാന സർക്കാർ നടപ്പിലാക്കിയത് വയോജനങ്ങളെ ചേർത്തു പിടിക്കുന്ന നിലപാടിന്റെ ഭാഗമാണെന്ന് മന്ത്രി പറഞ്ഞു.
പകൽസമയങ്ങളിൽ വീടുകളിൽ ഒറ്റയ്ക്കാവുന്ന വയോജനങ്ങൾക്ക് ഒന്നിച്ചിരിക്കാനും സമയം ചെലവഴിക്കാനുമായി പഞ്ചായത്തിന്റെ നാലാം വാർഡിലെ പുലിക്കുട്ടിശ്ശേരിയിലാണ് പകൽവീട് നിർമിച്ചിരിക്കുന്നത്. ഗ്രാമപഞ്ചായത്തിന്റെ പ്ളാൻ ഫണ്ടിൽനിന്ന് 22 ലക്ഷം രൂപയാണ് ഇതിനായി ചെലവിട്ടത്.
2023-ൽ ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പുലിക്കുട്ടിശ്ശേരിയിൽ വയോജന പാർക്ക് നിർമിച്ചിരുന്നു. ഇതിന് സമീപമാണ് പകൽവീടും ഒരുക്കിയിരിക്കുന്നത്.
ഉദ്ഘാടനച്ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിജി രാജേഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് മനോജ് കരീമഠം, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ കെ.കെ. ഷാജിമോൻ, പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ കെ.ആർ. ജഗദീഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിജു മാന്താറ്റിൽ, പി.വി. സുശീലൻ, സുമ പ്രകാശ്, അസിസ്റ്റൻറ് എൻജിനീയർ പ്രിയ മേരി ഫിലിപ്പ്, സെക്രട്ടറി മിനി തോമസ്, ഡി.സി.എച്ച്. വൈസ് പ്രസിഡന്റ് കെ.എൻ. വേണുഗോപാൽ എന്നിവർ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us