/sathyam/media/media_files/2025/09/15/7384a9f2-c742-4222-aa7a-a31b1f10eb5b-2025-09-15-15-20-44.jpg)
തിരുവനന്തപുരം: മഹാരാഷ്ട്രയിൽ അന്യായ തടങ്കലിൽ കഴിയുന്ന മലയാളിയായ മാധ്യമ പ്രവർത്തകൻ റിജാസിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എറണാകുളത്ത് നടന്ന ഐക്യദാർഢ്യ പരിപാടിയിൽ പങ്കെടുത്തവർക്കെതിരെ കേസെടുത്ത പോലീസ് നടപടി തീർത്തും പ്രതിഷേധാർഹമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ.
പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ച വെൽഫെയർ പാർട്ടി സംസ്ഥാന ട്രഷറർ സജീദ് ഖാലിദിനെതിരെയും കേസ് എടുത്തിട്ടുണ്ട്. സിദ്ദീഖ് കാപ്പൻ അടക്കം പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ച എല്ലാവർക്കുമെതിരെ പോലീസ് കേസെടുത്തിരിക്കുകയാണ്. നേരത്തെ അറിയിപ്പ് നൽകിയും പ്രചരണം നൽകിയും കോർപ്പറേഷൻ്റെ വകയായ വഞ്ചി സ്ക്വയറിൽ വാടക കൊടുത്ത് ബുക്ക് ചെയ്താണ് പരിപാടി സംഘടിപ്പിച്ചത്. പ്രഭാഷകരുടെ വിവരങ്ങളും സാമൂഹ്യമാധ്യമങ്ങൾ വഴിയും മറ്റ് മാധ്യമങ്ങളിലൂടെയും സംഘാടകർ അറിയിക്കുകയും ചെയ്തതാണ്.
ഭരണകൂടത്തിന്റെ അനീതിയെയും മനുഷ്യാവകാശ ധ്വംസനങ്ങളെയും വിചാരണ ചെയ്യുന്ന ജനാധിപത്യപരമായ സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കുമെതിരെ എഫ് ഐ ആർ എഴുതുന്നത് സംഘ്പരിവാറിനെ തൃപ്തിപ്പെടുത്താനാണ്. എറണാകുളത്ത് ഇന്നലെയെടുത്ത കേസ് പിൻവലിക്കണം. യു എ പി എ വിഷയത്തിലുള്ള സംസ്ഥാന സർക്കാരിന്റെ ഇരട്ടത്താപ്പാണ് ഇത്തരം സംഭവങ്ങളിലൂടെ വെളിപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.