തിരുവനന്തപുരം: കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് വിദ്യാർത്ഥികൾക്കിടയിൽ ജൈവവൈവിധ്യ സംരക്ഷണം സംബന്ധിച്ച് അവബോധം വരുത്തുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്നു നടത്തുന്ന പതിനേഴാമത് വിദ്യാർത്ഥികളുടെ ജൈവവൈവിധ്യ കോൺഗ്രസ് തിങ്കളാഴ്ച കോട്ടൺഹിൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തി.
'ശാക്തീകരിക്കപ്പെട്ട യുവ മനസ്സുകളും ജൈവവൈവിധ്യ സംരക്ഷണം' എന്ന മുഖ്യപ്രമേയം അടിസ്ഥാനമാക്കിയാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. നവീന സംരക്ഷണ ഗവേഷണ പ്രബന്ധങ്ങൾ കുട്ടിശാസ്ത്രജ്ഞർ അവതരിപ്പിച്ചു. ജൈവവൈവിധ്യ ശോഷണം തടയാനുള്ള മാർഗങ്ങളും, വികസന മാർഗനിർദ്ദേശങ്ങളും പ്രബന്ധ വിഷയങ്ങളായി.
അതോടൊപ്പം പുരയിട ജൈവവൈവിധ്യ അവതരണ മത്സരം, പെയിന്റിംഗ്, ഡ്രോയിങ്, എന്നീ മത്സരങ്ങളിലും വിദ്യാർത്ഥികൾ മികവ് തെളിയിച്ചു. കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഡോ.എൻ അനിൽകുമാർ അവതരണ വിജയികൾക്കുള്ള സമ്മാനം നൽകി.
ഓരോ വിദ്യാർത്ഥിയും ഒരു ശാസ്ത്രജ്ഞനും ഒരു കലാകാരമാണെന്ന ആശയം മുൻനിർത്തി ബോർഡിന്റെ ഇരുപതാമത് വാർഷികം അനുബന്ധിച്ച് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ആശയം അദ്ദേഹം വിദ്യാർത്ഥികളിലേക്ക് എത്തിക്കുകയും ചെയ്തു.
ഡി.ഇ.ഒ ബിജു ആർ, സ്കൂൾ പ്രിൻസിപ്പൽ ഗ്രീഷ്മ, ഹെഡ്മിസ്ട്രെസ് ഗീത, ജൈവവൈവിധ്യ ബോർഡ് തിരുവനന്തപുരം ജില്ലാ കോർഡിനേറ്റർ അക്ഷയ അനിൽ, അധ്യാപക പ്രതിനിധി പി.വി. ഗുരുദത്ത് തുടങ്ങിയവർ സംസാരിച്ചു.
വി.ബി.ഭാഗ്യരാജ് ഇടത്തിട്ട