അതിദരിദ്രരില്ലാത്ത കേരളം; ആദ്യമെത്തിയതിന്റെ അഭിമാനത്തിൽ കോട്ടയം

New Update
Extreme Poverty-Free State announcement

കോട്ടയം: കേരളത്തെ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മുഖ്യമന്ത്രി പിണറായി വിജയൻ നവംബർ ഒന്നിനു പ്രഖ്യാപിക്കുമ്പോൾ ആദ്യചുവടുകൾ വച്ചതിന്റെയും പൂർത്തിയാക്കിയതിന്റെയും അഭിമാനത്തിൽ കോട്ടയം ജില്ല. 2025 ജൂൺ 28നാണ് കോട്ടയത്തെ സംസ്ഥാനത്തെ ആദ്യ അതിദാരിദ്ര്യമുക്ത ജില്ലയായി തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പുമന്ത്രി എം.ബി. രാജേഷ് പ്രഖ്യാപിച്ചത്.  

Advertisment

    ജില്ലയിൽ അതിദാരിദ്ര്യം അനുഭവിക്കുന്നവരെ കണ്ടെത്താനുള്ള വിവരശേഖരണ പ്രക്രിയ 2021 ഒക്ടോബറിൽ തന്നെ ആരംഭിച്ചു. ഭക്ഷണം, ആരോഗ്യം, വരുമാനം, വാസസ്ഥലം (വീടില്ലാത്തവർ, വീടും സ്ഥലവും ഇല്ലാത്തവർ) എന്നീ ക്ലേശഘടകങ്ങൾ അടിസ്ഥാനമാക്കിയാണ് അതിദാരിദ്ര്യം നിർണയിച്ചത്. 2022 ജനുവരി 10ന് അതിദാരിദ്ര്യ നിർണയ പ്രക്രിയ സംസ്ഥാനത്ത് ആദ്യമായി പൂർത്തീകരിച്ച ജില്ലയായി കോട്ടയം. അന്തിമപട്ടികയിൽ 903 പേരെ അതിദരിദ്രരായി കണ്ടെത്തി. അതിദരിദ്രരുടെ പുനരധിവാസത്തിനും ഉപജീവനത്തിനുമായി 2022 ഓഗസ്റ്റിൽ 978 മൈക്രോപ്ലാനുകൾ തയാറാക്കി കോട്ടയം വീണ്ടും മുന്നിലെത്തി. 2022 ഒക്ടോബറിൽ സംസ്ഥാനത്ത് ആദ്യമായി നിർവഹണം ആരംഭിച്ചതും കോട്ടയത്താണ്.

  തദ്ദേശസ്വയംസ്ഥാപനങ്ങൾ വഴി മൈക്രോപ്ലാനുകൾ നടപ്പാക്കി. തദ്ദേശ സ്വയം ഭരണ സ്ഥാപനതലത്തിൽ തയാറാക്കിയ മൈക്രോപ്ലാൻ പ്രകാരം ഭക്ഷണവും മരുന്നുകൾ, പാലിയേറ്റീവ് കെയർ, ആരോഗ്യ സഹായ ഉപകരണങ്ങൾ എന്നിങ്ങനെയുള്ള ആരോഗ്യസേവനങ്ങളും ആവശ്യമുള്ള മുഴുവൻ കുടുംബങ്ങൾക്കും ലഭ്യമാക്കി.
   
 ഭക്ഷണത്തിനു ബുദ്ധിമുട്ടു നേരിട്ട കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്യൽ, ആഹാരം പാകം ചെയ്യാൻ സാധിക്കാത്ത കുടുംബങ്ങൾക്ക് പാകം ചെയ്ത് ഭക്ഷണം നൽകൽ തുടങ്ങിയവ ലഭ്യമാക്കി തുടർന്നുവരുന്നുണ്ട്. നിലവിൽ 540 പേർക്ക് ഇത്തരത്തിൽ ഭക്ഷണം നൽകുന്നുണ്ട്. മരുന്നുകൾ ആവശ്യമുള്ള 693 കുടുംബങ്ങൾക്ക് അവ ലഭ്യമാക്കി. പാലിയേറ്റീവ് കെയർ സേവനങ്ങൾ ആവശ്യമായിരുന്ന 206 കുടുംബങ്ങൾക്കും സേവനം നൽകുന്നു.ആരോഗ്യ സുരക്ഷാ സാമഗ്രികൾ ആവശ്യമായിരുന്ന 6 കുടുംബങ്ങൾക്കും ലഭ്യമാക്കി. വരുമാനമാർഗം ഒരുക്കിക്കൊടുക്കേണ്ടിയിരുന്ന 155 കുടുംബങ്ങൾക്ക് അതിനുള്ള സൗകര്യമൊരുക്കി.


അതിദരിദ്ര്യ കുടുംബങ്ങളിലെ വീട് മാത്രം ആവശ്യമായ 67 കുടുംബങ്ങൾക്ക് വീട് ഉറപ്പാക്കി.വീടും വസ്തുവും വീടും ആവശ്യമായിട്ടുള്ള 50 കുടുംബങ്ങൾക്ക് ഭൂമിയും വീടും ഉറപ്പാക്കി. 22 കുടുംബങ്ങളെ വാടക വീടുകളിലേക്ക് മാറ്റി. ലൈഫ് പദ്ധതി, പി.എം.എ.വൈ പദ്ധതി, സ്‌പോൺസർഷിപ്പ്, മറ്റ് സന്നദ്ധ സംഘടനകളുടെ സഹായം വഴിയാണ് ഇവ യാഥാർഥ്യമാക്കിയത്.

 490 ഗുണഭോക്താക്കൾക്ക് ആധാർ, റേഷൻ കാർഡ്, ബാങ്ക് അക്കൗണ്ട്, മറ്റു തിരിച്ചറിയൽ കാർഡുകൾ അടക്കമുള്ള അവകാശ രേഖകൾ ലഭ്യമാക്കി. 55 വിദ്യാർത്ഥികൾക്കു സൗജന്യ ബസ്പാസും ലഭ്യമാക്കി. ഈ കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകുന്നതിനൊപ്പം പഠനമാർഗ നിർദേശ പരിപാടികളും ഒരുക്കി. പദ്ധതിയുടെ ഭാഗമായി അലഞ്ഞുതിരിഞ്ഞ് നടക്കുന്നവർ, മാനസികവെല്ലുവിളി നേരിടുന്നവർ എന്നിവരെ പുനരധിവസിപ്പിക്കാനും, ചികിത്സയ്ക്കുമുള്ള നടപടികൾ സ്വീകരിച്ചു.

Advertisment