/sathyam/media/media_files/2025/04/07/3uyIeVFHaQiVTwLzbU8w.jpg)
കോട്ടയം: കുടുംബശ്രീയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് ആരംഭിക്കുന്ന പ്രീമിയം കഫേകളുടെ സംസ്ഥാനതല ഉദ്ഘാടനവും കോഴായിലെ കെ.എം. മാണി തണൽ വഴിയോര വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനവും ചൊവ്വാഴ്ച (ഏപ്രിൽ എട്ട്) നടക്കുമെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗർ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഉച്ചയ്ക്കു 12.00 മണിക്കു നടക്കുന്ന ചടങ്ങിൽ പ്രീമിയം കഫേകളുടെ സംസ്ഥാനതല ഉദ്ഘാടനവും കെ.എം. മാണിയുടെ ഫോട്ടോ അനാച്ഛാദനവും തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും.
കെ.എം. മാണി തണൽ വിശ്രമകേന്ദ്രം ജോസ് കെ.മാണി എം.പി. നാടിന് സമർപ്പിക്കും. ആധുനിക സൗകര്യങ്ങളോടു കൂടിയ കോൺഫറൻസ് ഹാളിന്റെ സമർപ്പണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേമം സാഗർ നിർവഹിക്കും. ചടങ്ങിൽ മോൻസ് ജോസഫ് എം.എൽ.എ. അധ്യക്ഷത വഹിക്കും.
ജില്ലാ പഞ്ചായത്തിന്റെയും ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും നേതൃത്വത്തിൽ 3.22 കോടി രൂപ മുടക്കിയാണ് എം.സി. റോഡരികിൽ ബ്ലോക്ക് പഞ്ചായത്തോഫീസിനു സമീപം വിശ്രമകേന്ദ്രം യാഥാർഥ്യമാകുന്നത്. കോട്ടയം ജില്ലാ പഞ്ചായത്ത് 2.52 കോടി രൂപയും ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് 70 ലക്ഷം രൂപയുമാണ് തണൽ വിശ്രമ കേന്ദ്രത്തിന്റെ നിർമാണത്തിനായി വകയിരുത്തിയത്.
കൊച്ചി ആസ്ഥാനമായ കേരള ഇലക്ട്രിക്കൽസ് ലിമിറ്റഡ് ആണ് നിർമാണം. മൂന്നുനിലകളിലായി 13,046 ചതുരശ്രയടി വിസ്തീർണത്തിലാണ് കെട്ടിടം. ബ്ലോക്ക് പഞ്ചായത്തിന്റെ 19.589 സെന്റ് സ്ഥലം കെട്ടിടത്തിനും പാർക്കിംഗ് സൗകര്യത്തിനുമായി വിനിയോഗിച്ചിട്ടുണ്ട്.
രണ്ടാം നിലയിൽ ഡോർമിറ്ററിയും 150 പേർക്കിരിക്കാവുന്ന ആധുനിക സൗകര്യങ്ങളോടുകൂടിയ കോൺഫറൻസ് ഹാളുമാണുള്ളത്. രണ്ടാം ഘട്ടമായി മൂന്നാം നില പൂർത്തിയാക്കി വനിതകൾക്കുള്ള ഷീ ലോഡ്ജ് സജ്ജമാക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us