/sathyam/media/media_files/ejlk2xv9EXrGhL8ww7pk.jpeg)
പെരുമ്പാവൂർ: പെരുമ്പാവൂരിൽ നിന്നും പൂപ്പാനി വഴി അയ്മുറിയിൽ എത്തിച്ചേരുന്ന റോഡിലെ പതിറ്റാണ്ടുകൾ പഴക്കമുള്ള വാച്ചാൽ പാലത്തിന്റെ പുനർനിർമ്മാണ ജോലികൾ വ്യാഴാഴ്ച്ച തുടങ്ങി.
വീതികുറഞ്ഞ ഈ പാലം അപകടാവസ്ഥയിലായിട്ട് വർഷങ്ങളേറെയായി. ബലക്ഷയം വന്ന കൈവരികൾക്കിടയിലൂടെ തൊട്ടു താഴെയുള്ള തോട്ടിലേയ്ക്ക് വാഹനങ്ങൾ മറിഞ്ഞ് അപകടങ്ങൾ ഉണ്ടാവുന്നത് പതിവായിരുന്നു.
നിരവധി ജനകീയ പ്രക്ഷോഭങ്ങൾക്കൊടുവിൽ പൊതുമരാമത്ത് വകുപ്പധികൃതർ പാലം പൊളിച്ചു പണിയാൻ തീരുമാനിയ്ക്കുകയായിരുന്നു. തൊടാപ്പറമ്പിലും അയ്മുറിയിലും ഗതാഗതം നിരോധിച്ചിരിക്കുന്നതായി കാണിച്ച് സൂചനാബോർഡുകൾ സ്ഥാപിയ്ക്കുകയും ചെയ്തു. ബദൽ സംവിധാനമായി പ്രദേശത്തെ പഞ്ചായത്ത് റോഡുകൾ വഴി സഞ്ചരിയ്ക്കാനുള്ള സൂചന
നൽകിക്കൊണ്ടാണ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. തൊടാപ്പറമ്പ് കവലയിൽ നിന്നും ഗതാഗതം പിഷാരിയ്ക്കൽ ക്ഷേത്രം റോഡുവഴി തിരിച്ചുവിട്ടിരിയ്ക്കുകയാണിപ്പോൾ. വീതി കുറഞ്ഞ ഈ റോഡും അനുബന്ധ പഞ്ചായത്ത് റോഡുകളെല്ലാം തന്നെ കുണ്ടും കുഴിയുമായി സഞ്ചാരയോഗ്യമല്ലാതായി കിടക്കുകയാണ്.
/sathyam/media/media_files/XAcqGydjjs1ch7dgCgMt.jpeg)
വ്യാഴാഴ്ച മുതൽ ഇടറോഡുകളിലെല്ലാം വാഹനബാഹുല്യം മൂലം ഗതാഗത സ്തംഭനം തുടങ്ങി. പാലംപണി തുടങ്ങുന്നതിനു മുമ്പേ പകരം സംവിധാനമായി ഉപയോഗപ്പെടുത്തേണ്ട പഞ്ചായത്ത് റോഡുകളുടെ അറ്റകുറ്റപ്പണികളൊന്നും പൂർത്തിയാക്കാതെ വന്നതുകൊണ്ട് പ്രദേശവാസികളാണ് ദുരിതത്തിലായത്. കഴിഞ്ഞ ദിവസം പെയ്ത മഴയെത്തുടർന്ന് റോഡിൽ പലയിടങ്ങളിലും വെള്ളക്കെട്ടാണ്.
ഭാരവാഹനങ്ങളടക്കം ഇതുവഴിയെ പോയിത്തുടങ്ങിയതോടെ പ്രദേശവാസികൾക്ക് വഴിനടക്കാൻ പോലും ആകുന്നില്ല. പഞ്ചായത്തിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും അനാസ്ഥയ്ക്കെതിരെ പൊതുജനരോഷം ഉയരുന്നുണ്ട്. കൂടിയാലോചനകൾ ഇല്ലാതെ പൊട്ടിപ്പൊളിഞ്ഞ ഇടറോഡുകളിലൂടെ വാഹനം തിരിച്ചുവിടുന്നതിൽ തൊടാപ്പറമ്പ് പൗരസമിതി കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. അടിയന്തര തീരുമാനമുണ്ടായില്ലെങ്കിൽ പ്രക്ഷോഭപരിപാടികളുമായി മുന്നോട്ടുപോകുവാൻ
തീരുമാനിച്ചിരിക്കുകയാണ് പ്രദേശവാസികൾ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us