പെരുമ്പാവൂര്‍: അയ്യപ്പസേവാസംഘം കൂടാലപ്പാട് ശാഖ ഡിസംബര്‍ 2 ശനിയാഴ്ച (വൃശ്ചികം 16)കിഴക്കേ കൂടാലപ്പാട് ഉദയം നഗറില്‍ സംഘടിപ്പിയ്ക്കുന്ന രണ്ടാമത് ദേശവിളക്കുത്സവത്തിനുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങി. സന്തോഷ് കെ. കെ., രാജന്‍ എം.വി. എന്നിവര്‍ രക്ഷാധികാരികളായും പ്രസാദ് പനമഠത്ത് (പ്രസിഡന്റ്), വിനോദ് എം. കെ. (സെക്രട്ടറി), സുമേഷ് ശങ്കര്‍ (ട്രഷറര്‍), അനിഷ്മ സാബു (മാതൃസമിതി കണ്‍വീനര്‍) തുടങ്ങിയവരും പ്രദേശത്തെ അയ്യപ്പഭക്തരുമടങ്ങുന്ന സംഘം ദേശപരിധിയില്‍ വിപുലമായ പ്രചരണം തുടങ്ങി.
ഇതിന്റെ ഭാഗമായി ദേശവിളക്ക് കമ്മിറ്റി ഓഫീസും ആരംഭിച്ചു. സത്യയുഗത്തില്‍ അവതാരപ്പിറവിയെടുത്ത ഭൂലോകനാഥന്‍ സാക്ഷാല്‍ ശ്രീധര്‍മ്മശാസ്താവായ ശബരിമല അയ്യപ്പന്റെ അനുഷ്ഠാന ഭക്തിധാരയൊഴുകിപ്പരക്കുന്ന വൃശ്ചികമാസത്തില്‍ കൂടാലപ്പാട് ദേശപരിധിയില്‍ ഇൗ വര്‍ഷവും അയ്യപ്പസേവാസംഘത്തിന്റെ ആഭിമുഖ്യത്തില്‍ സര്‍വ്വമതസാഹോദര്യം വിളിച്ചോതുന്ന അയപ്പസേവാസംഘത്തിന്റെ ദേശവിളക്ക് രണ്ടാം വര്‍ഷമാണ് നടക്കുന്നത്.
സ്വാമിഭക്തിയില്‍ മനസ്സിനെയും ശരീരത്തെയും ആനന്ദാവേശത്തിലേയ്ക്കത്തിയ്ക്കുന്ന ദേശവിളക്ക് വിപുലമായിത്തന്നെയാണ് ആഘോഷിയ്ക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. കൂടാലപ്പാട് ഗ്രാമത്തിന്റെ ഐശ്വര്യാഭിവൃദ്ധിയ്ക്കും ജനങ്ങളുടെ നന്മയ്ക്കുമായി നടത്തുന്ന ഭക്തിപ്രഹര്‍ഷമേകുന്ന ദേശവിളക്കില്‍ പങ്കാളികളാകുവാന്‍ സര്‍വ്വരേയും സര്‍വ്വാത്മനാ സ്വാഗതം ചെയ്യുകയാണ് സംഘാടകര്‍. കിഴക്കേ കൂടാലപ്പാട് ഉദയം നഗറില്‍ ഒരുക്കുന്ന വിളക്കനുഷ്ഠാനമണ്ഡപത്തിലെ ശ്രീകോവിലില്‍ ആണ് ചടങ്ങുകള്‍ നടക്കുക.
ഡിസംബര്‍ 2 ശനിയാഴ്ച വൈകിട്ട് 5.30ന് ഭദ്രദീപം പ്രോജ്ജ്വലിപ്പിച്ച് ചടങ്ങുകളിലേയ്ക്ക് കടക്കും. 6 മണിയോടെ കൂടാലപ്പാട് പടിഞ്ഞാറ് ഭാഗത്തെ ഗുരുമന്ദിരത്തിനു സമീപത്തുനിന്നും കിഴക്ക് സിദ്ധന്‍കവലയില്‍ നിന്നും താലപ്പൊലി ഘോഷയാത്ര സംഘടിപ്പിച്ചിട്ടുണ്ട്.
അയ്യപ്പമണ്ഡപത്തിലെ വിശേഷാല്‍ ശ്രീകോവിലില്‍ ദീപാരാധന ഏഴു മണിയ്ക്ക്. തുടര്‍ന്ന് അന്നദാനം. അകനാട് ഓംകൃഷ്ണ സംഘത്തിന്റെ ശാസ്താംപാട്ട്, വേങ്ങൂര്‍ കതിര്‍വേല്‍ സംഘത്തിന്റെ ചിന്തുപാട്ട്, മേളവിദ്വാന്‍ പിഷാരിയ്ക്കല്‍ മഹാദേവന്‍ നയിക്കുന്ന ചെണ്ടമേളം എന്നിവ ദേശവിളക്കിനു പൊലിമയേകും.
രാത്രി 12 മണിയ്ക്ക് എതിരേല്പും ആഴിപൂജയും. ദേശവിളക്കിന്റെ വിജയത്തിനായി എല്ലാ സ്വാമിഭക്തരുടെയും സഹായസഹകരണങ്ങള്‍ ക്ഷണിയ്ക്കുകയാണ് അയ്യപ്പസേവാസംഘം പ്രവര്‍ത്തകര്‍. 9847942023, 9744034511, 9947426493 എന്നീ നമ്പറുകളില്‍ ദേശവിളക്ക് കമ്മിറ്റി ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതാണ്.