കോട്ടയിൽ ക്ഷേത്രത്തിൽ മകരവിളക്കും താലപ്പൊലിയും; ജനുവരി 14നും 15നും വിപുലമായ ആഘോഷങ്ങൾ

New Update
6

പെരുമ്പാവൂർ: ചേലാമറ്റം കോട്ടയിൽ ക്ഷേത്രത്തിൽ മകരവിളക്കിനോടനുബന്ധിച്ചുള്ള ഉത്സവത്തിനായി 
ഒരുക്കങ്ങൾ തുടങ്ങി. ജനുവരി 14, 15 ഞായർ, തിങ്കൾ ദിവസങ്ങളിലായാണ് വിപുലമായ ആഘോഷങ്ങൾ. 
ഞായറാഴ്ച പുലർച്ചെ 5.30യ്ക്ക് നടതുറന്ന് നിർമ്മാല്യദർശനം. ക്ഷേത്രം മേൽശാന്തി ജയദേവൻ പോറ്റിയുടെ കാർമ്മികത്വത്തിൽ ക്ഷേത്രച്ചടങ്ങുകൾക്കു പുറമെ, രാവിലെ 8ന് പെരുമ്പാവൂർ ശാസ്താഭജൻസ് അവതരിപ്പിക്കുന്ന ഭജനയുണ്ട്. ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിനുള്ളിൽ ശ്രീകോവിൽചുറ്റിലും പുറത്തെ പ്രദക്ഷിണവഴിയിലും തിരുമുറ്റത്തും അലങ്കാരഗോപുരം മുതൽ പടിക്കെട്ടുകൾക്ക് മുകളിൽവരെയും കല്ലുവിരിച്ചു മനോഹരമാക്കിയിട്ടുണ്ട് ഇത്തവണ. ഉത്സവത്തിന്റെ ആദ്യദിനത്തിൽ രാവിലെ 9.30യ്ക്ക് ഇതിന്റെ സമർപ്പണച്ചടങ്ങുനടക്കുമെന്ന് ഭരണസമിതി പ്രസിഡന്റ് ഗോപി വെള്ളിമറ്റം പറഞ്ഞു.

Advertisment

9.45ന് നെയ്യഭിഷേകം തുടർന്ന് കടുങ്ങലൂർ പ്രേമാനന്ദൻ അവതരിപ്പിക്കുന്ന സോപാനസംഗീതം എന്നിവയ്ക്കുശേഷം പ്രഭാതഭക്ഷണം. വൈകിട്ട് 5ന് നടതുറക്കും. 6 മുതൽ ഗായിക പെരുമ്പാവൂർ യമുനാ ഗണേഷിന്റെ ശിക്ഷണത്തിൽ ക്ഷേത്രത്തിലെ ശ്രീശാസ്താസംഗീതവിദ്യാലയത്തിൽ സംഗീതമഭ്യസിയ്ക്കുന്ന കുട്ടികളുടെ അരങ്ങേറ്റവും സംഗീതാർച്ചനയും. 6.30ന് വിശേഷാൽ ചുറ്റുവിളക്കോടെ ദീപാരാധന. രാത്രി 8ന് പ്രസാദമൂട്ടുണ്ട്.

6

പ്രാദേശിക കലാപ്രതിഭകൾക്കായുള്ള ഗ്രാമോത്സവം പരിപാടി 8.30 മുതൽ. ഉത്സവത്തിന്റെ രണ്ടാം ദിവസമായ തിങ്കളാഴ്ച പുലർച്ചെമുതലുള്ള പതിവു പൂജകൾ. വൈകിട്ട് വല്ലം കുന്നയ്ക്കാട്ടുമല ശ്രീഭഗവതി മുത്തപ്പൻ ക്ഷേത്രത്തിൽ നിന്നും താലപ്പൊലി.6ന് വിവിധ കലാരൂപങ്ങൾ, വാദ്യമേളം, തെയ്യം, ചിന്ത്, കാവടി ഇവയുടെ അകമ്പടിയോടെ താലപ്പൊലിയാരംഭിക്കും. പറവൂർ വടക്കുംനാഥൻ, ശ്രീശാസ്താ വല്ലം, ശ്രീഭദ്ര കലാസമിതി വല്ലം, പിഷാരിയ്ക്കൽ ശങ്കര വാദ്യകലാക്ഷേത്രം എന്നിവയിലെ കലാകാരന്മാർ അണിനിരക്കും. രാത്രി 7.30-യോടെ കോട്ടയിൽ ദേവസ്ഥാനത്ത്  ഘോഷയാത്ര എത്തിച്ചേരും. തുടർന്ന് സ്വീകരണം. 7.45ന് പുഷ്‌പാഭിഷേകം. 8ന് കൃഷ്ണവിലാസം ദിനേശ്ബാബുവിന്റെ സമർപ്പണമായി പ്രസാദമൂട്ട്. 

Advertisment