കളമശ്ശേരി: സ്കൂട്ടറില്‍ സഞ്ചരിച്ച യുവതിയെ ബൈക്കില്‍ പിന്തുടര്‍ന്ന് ശല്യപ്പെടുത്തി അപകടം സൃഷ്ടിച്ച കേസില്‍ മൂന്ന് യുവാക്കളെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ കോടശ്ശേരി സ്വദേശികളായ ചട്ടികുളം ചെമ്പകശ്ശേരി വീട്ടില്‍ എബിന്‍ ലോയ്ഡ് (20), മേട്ടിപ്പാടം കടമ്പോടന്‍ വീട്ടിൽ അനന്ദു കൃഷ്ണന്‍ (20), കൊരട്ടി തെക്കുമുറി മുരിങ്ങൂര്‍ പുളിക്കല്‍ വീട്ടില്‍ സുജിത് ശങ്കര്‍ (18) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്ന ആലുവ സ്വദേശിനിയായ യുവതിയെ ബൈക്കിലെത്തിയ സംഘം ഇടപ്പള്ളി മുതൽ പിന്തുടർന്ന് കമന്‍റടിക്കുകയും കൈകൾകൊണ്ട് മോശപ്പെട്ട ആംഗ്യങ്ങൾ കാണിക്കുകയും ചെയ്തു. ഭയന്ന യുവതി വേഗം കൂട്ടിപ്പോകാൻ ശ്രമിക്കവെ ബൈക്കിലുള്ളവർ വീണ്ടും പിന്തുടർന്ന് പിന്നാലെയെത്തി ബൈക്കിൽ അഭ്യാസം കാണിച്ച് യുവതിയെ ഭയപ്പെടുത്തുകയായിരുന്നു. ഇതോടെ നിയന്ത്രണം തെറ്റിയ യുവതി റോഡിൽ വീണു പരിക്കേറ്റു.
യുവാക്കള്‍ ഓടിച്ച ബൈക്കിന്‍റെ നമ്പർ ഉൾപ്പെടെ യുവതി നൽകിയ പരാതിയില്‍ കളമശ്ശേരി പൊലീസ് ഇൻസ്പെക്ടർ വിബിൻ ദാസിന്‍റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ അരുൺ കുമാർ, സീനിയർ സി.പി.ഒമാരായ അനിൽ കുമാർ, ശ്രീജിത്, സി.പി.ഒ ഷിബു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ ചാലക്കുടി ഭാഗത്തുനിന്ന് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.