കൂവപ്പടി ജി. ഹരികുമാർ
പെരുമ്പാവൂർ: തൊണ്ണൂറിന്റെ നിറവിലാണ് ഭാഗവതാചാര്യ കാവുംപുറം നായാട്ടുകാവിനടുത്ത് 'നന്ദന'ത്തിൽ ഹൃദയകുമാരി. മലയാളത്തിലെ പ്രശസ്ത കവയിത്രി സഹോദരിമാരായ അന്തരിച്ച സുഗതകുമാരിയുടെയും ഹൃദയകുമാരിയുടെയും കുടുംബത്തിൽ നിന്നുതന്നെയാണ് ഈ ഹൃദയകുമാരിയും. അച്ഛൻ സംസ്കൃതാധ്യാപകനായിരുന്ന വാസുദേവൻ നായർ സുഗതകുമാരി ടീച്ചറുടെയും ഹൃദയകുമാരി ടീച്ചറുടെയും നേരമ്മാവൻ.
സുഗതകുമാരി ടീച്ചറുടെ അച്ഛൻ സ്വാതന്ത്ര്യസമരസേനാനിയും സാമൂഹിക പരിഷ്കർത്താവും കവിയുമായിരുന്ന ബോധേശ്വരന്റെ നെയ്യാറ്റിൻകര താഴമൺ കുടുംബവഴിയിൽ അങ്ങനെയാണ് രണ്ടു ഹൃദയകുമാരിമാരുണ്ടായത്. പെരുമ്പാവൂർ തെറ്റിക്കോട്ട് ശിവശങ്കരപ്പിള്ളയുമായുള്ള വിവാഹം കഴിഞ്ഞതോടെ പെരുമ്പാവൂരിലെത്തിയതാണ് ഈ ഹൃദയകുമാരി. വർഷങ്ങളോളം കോടനാട് മേനോൻ കവലയ്ക്കടുത്ത് പുത്തൻപുരയിൽ വീട്ടിൽ ജീവിച്ചു.
/sathyam/media/media_files/NjIK7A9eANa4ffnkBQc8.jpeg)
അച്ഛനിൽ നിന്നും പകർന്നുകിട്ടിയതാണ് പുരാണേതിഹാസങ്ങളോടും കാവ്യങ്ങളോടുമുള്ള പ്രതിപത്തി. ഭാഗവതവും നാരായണീയവും ഭഗവത്ഗീതയുമൊക്കെ നന്നേ ചെറുപ്പത്തിൽ ഹൃദിസ്ഥമാക്കിയത് അച്ഛനിൽ നിന്നാണ്. ഇരുപത്തഞ്ചു വർഷത്തോളമായി ആചാര്യസ്ഥാനീയയായി ഭാഗവതസപ്‌താഹവേദികളിലും നാരായണീയ സത്സംഗങ്ങളിലും സജീവമായിട്ടുണ്ട്. 2000-ൽ അഖിലകേരള നാരായണീയ പുരസ്‌കാരം ലഭിച്ചത് ഹൃദയകുമാരിചേച്ചിയ്ക്കായിരുന്നു.
ഇടപ്പള്ളി സ്വരുപം ഗണപതിക്ഷേത്രത്തിൽ നിന്നും തമ്പുരാൻ വക ഭാഗവതവിശാരദ പുരസ്‌കാരം. കേരളത്തിൽ പലയിടങ്ങളിലായി 2000-ല്പരം ശിഷ്യർ. നവതിയാഘോഷം തോട്ടുവ ധന്വന്തരി ക്ഷേത്രത്തിൽ ഗംഭീരമായി ഈയടുത്തയിടെ നടന്നു. നവതീസമർപ്പണമായി ശ്രീമഹാശിവപുരാണം സമ്പൂർണ്ണമായി പാരായണം ചെയ്യണമെന്ന ആഗ്രഹം തോന്നിയപ്പോൾ വായനയ്ക്കായി തിരഞ്ഞെടുത്ത ഇടം അയ്മുറി ശിവക്ഷേത്രമാണ്.
/sathyam/media/media_files/sdwILqLVy1Dwx8CSjaK2.jpeg)
അഷ്ടാദശപുരാണങ്ങളിലൊന്നായ ശിവപുരാണത്തിലെ പന്ത്രണ്ട് സംഹിതകളിലായുള്ള ഒരു ലക്ഷം ശ്ലോകങ്ങൾ പത്തുദിവസത്തോളമെടുത്താണ് വായിച്ചുതീർക്കുകയെന്ന് അവർ പറഞ്ഞു. തിങ്കളാഴ്ചയാണ് വായന തുടങ്ങിയത്. നിത്യേന രാവിലെ 8ന് ആരംഭിച്ച് വൈകിട്ട് 6 മണിയോടെ പൂർത്തിയാക്കും. ക്ഷേത്രത്തിൽ നിന്ന് നൽകുന്ന നിവേദ്യമാണ് ഭക്ഷണം.
വാർദ്ധക്യത്തിലെ ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ ഇടവേളകളിൽ വായനയ്ക്കായി ശിഷ്യരും കൂടെയുണ്ട്. മുടക്കുഴ തൃക്കയിൽ ഉണ്ണികൃഷ്ണൻ, അയ്മുറി ഉണ്ണികൃഷ്ണ വാര്യർ, കൂവേലിമഠം ഭൂവനേശ്വരിക്കുഞ്ഞമ്മ തുടങ്ങിയവർ പാരായണത്തിൽ സഹായിക്കുന്നു. ലീല (റിട്ട. ഹെഡ്മിസ്ട്രസ്സ് - മഞ്ഞുമ്മൽ), വേണുഗോപാൽ (യു.എസ്.) എന്നിവരാണ് ഹൃദയകുമാരിയുടെ മക്കൾ.