/sathyam/media/media_files/2025/08/25/images-1280-x-960-px284-2025-08-25-01-33-31.jpg)
കൊച്ചി: കൃഷിക്ക് ഒപ്പം കളമശ്ശേരിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന കളമശ്ശേരി കാർഷികോത്സവം ആഗസ്റ്റ് 26 മുതൽ ആരംഭിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. കേരള പ്രോഡക്റ്റിവിറ്റി കൗൺസിൽ ഹാളിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
കാർഷികോത്സവം ആഗസ്റ്റ് 26 മുതൽ സെപ്തംബർ രണ്ട് വരെ കളമശ്ശേരി ചാക്കോളാസ് ഗ്രൗണ്ടിൽ നടക്കും. ആഗസ്റ്റ് 26 വൈകിട്ട് 6 ന് ചലച്ചിത്ര താരം പൃഥിരാജ് ചടങ്ങ് ഉദ്ഘാടനം ചെയ്യും.
വ്യവസായ വകുപ്പ് മന്ത്രി പി.രാജീവിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കളമശ്ശേരി കാർഷികോത്സവത്തിൻ്റെ മൂന്നാം പതിപ്പാണ് നടക്കാൻ പോകുന്നത്.
നിയമസഭാ സ്‌പീക്കർ എ.എൻ. ഷംസീർ, മന്ത്രിമാരായ എം.ബി. രാജേഷ്, ഒ.ആർ കേളു, കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് , മജീഷ്യൻ ഗോപിനാഥ് മുതുകാട്, മറ്റ് ജനപ്രതിനിധികൾ, കാർഷിക- കലാ-സാഹിത്യ -വ്യവസായ മേഖലകളിലെ പ്രമുഖർ തുടങ്ങിയവർ വിവിധ ദിവസങ്ങളിലായി ചടങ്ങിൽ പങ്കാളികളാവും.
കാർഷിക - വ്യവസായ പ്രദർശന മേള, കലാവിരുന്ന്, ഭക്ഷ്യമേള, സാഹിത്യസംഗമം, പ്രതിഭാസംഗമം, ഫൺ കോർണർ തുടങ്ങി അതിവിപുലമായ പരിപാടികൾ കാർഷികോത്സവത്തിന്റെ ഭാഗമായി നടക്കും.
വിപുലമായ കാർഷിക പ്രദർശന- വിപണനമേളയിൽ എല്ലാത്തരം കാർഷികോൽപന്നങ്ങൾ, പദ്ധതിയുടെ ഭാഗമായി കളമശ്ശേരി മണ്ഡലത്തിൽ തുടക്കം കുറിച്ച പുതിയ കാർഷിക വിളകളുടെ വിൽപന, മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന മൂല്യവർധിത യൂണിറ്റുകളിൽ നിന്നുള്ള ഉൽപന്നങ്ങൾ, കൃഷി ഉപകരണങ്ങൾ, കൃഷി അനുബന്ധ ഉൽപന്നങ്ങൾ എന്നിവയുമുണ്ടാകും. 132 സ്റ്റാളുകളാണ് കാർഷികോൽസവത്തിനായി സജ്ജീകരിച്ചിട്ടുള്ളത്.
വ്യവസായ പ്രദർശനമാണ് ഇത്തവണത്തെ മേളയുടെ മറ്റൊരു പ്രത്യേകത. കാർഷികോൽപന്നങ്ങൾക്കു പുറമേ, കയർ, മുള, കൈത്തറി ഉൽപന്നങ്ങളുടെ സ്റ്റാളുകൾ, പൊക്കാളി അരി, കടുങ്ങല്ലൂർ കുത്തരി, കാളാഞ്ചി തുടങ്ങിയ വൈവിധ്യമാർന്ന ഉൽപന്നങ്ങളുടെ വിഭവങ്ങളും മേളയിൽ ലഭ്യമാകും.
കളമശ്ശേരി മണ്ഡലത്തിലെ കലാകാരൻമാർ അവതരിപ്പിക്കുന്ന കലാപരിപാടികൾ എല്ലാ ദിവസവും അരങ്ങേറും. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാക്കളും കളമശ്ശേരി സ്വദേശികളുമായ ഡോ. എം. ലീലാവതി, സേതു, പ്രൊഫ. എം. തോമസ് മാത്യു, സുഭാഷ് ചന്ദ്രൻ, ഗ്രേസി എന്നിവർക്കുള്ള ആദര സമ്മേളനം, വിവിധ രംഗങ്ങളിലെ പുരസ്‌കാര ജേതാക്കളെ ആദരിക്കുന്ന പ്രതിഭാ സംഗമം, വയോജന സംഗമം, ഹരിത കർമ്മസേനാ സംഗമം, കുട്ടി കർഷക സംഗമം എന്നിവ വിവിധ ദിവസങ്ങളിലായി സംഘടിപ്പിക്കും.
സിനിമയിൽ 40 വർഷം പൂർത്തിയാക്കിയ സംവിധായകൻ സിബി മലയിലിനെ ആദരിക്കും. ഡിജിറ്റൽ വള്ളംകളി, ഉറങ്ങുന്ന മാവേലിയെ വിളിച്ചുണർത്തൽ, ആകാശ നിരീക്ഷണം, 360 ഡിഗ്രി ഫോട്ടോഗ്രാഫി തുടങ്ങിയ വിനോദ ഇനങ്ങൾ ഉൾപ്പെടുത്തിയ ഫൺ കോർണർ എന്നിവയും മേളയിൽ ഉണ്ടാകും.
ആഗസ്റ്റ് 26 ന് വൈകിട്ട് നാലിന് നടക്കുന്ന സാംസ്ക്കാരിക ഘോഷയാത്രയോടെ കാർഷികോൽസവത്തിന് തുടക്കമാകും. കളമശ്ശേരി മുനിസിപ്പൽ ഓഫീസിന് മുന്നിൽ നിന്നാരംഭിക്കുന്ന ഘോഷയാത്രയിൽ പഞ്ചായത്തുകളുടെ ബാനറിൽ ജനങ്ങൾ അണിനിരക്കും.
വിവധ കലാരൂപങ്ങൾ, വാദ്യ സംഘങ്ങൾ തുടങ്ങിയവ ഘോഷയാത്രയുടെ മാറ്റ് കൂട്ടും. വ്യവസായ മന്ത്രി പി.രാജീവ് അധ്യക്ഷനാക്കുന്ന ചടങ്ങിൽ ഹൈബി ഈഡൻ എം.പി. ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മൂത്തേടൻ, ജില്ലാ കളക്ടർ ജി. പ്രിയങ്ക, കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും.
ആഗസ്റ്റ് 26 മുതൽ സെപ്റ്റംബർ രണ്ട് വരെ വിവിധ കലാമത്സരങ്ങൾ, സാംസ്കാരിക പരിപാടികളുടെ അവതരണം, വയോജന സംഗമം, വ്യവസായികളുടേയും സംരംഭകരുടേയും സംഗമം, കളമശ്ശേരിയുടെ സാഹിത്യപ്പെരുമ, കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ജേതാക്കളെ ആദരിക്കൽ, കുട്ടി കർഷക സംഗമം, ഹരിത കർമ്മ സേനാ സംഗമം, കളമശ്ശേരി മണ്ഡലത്തിലെ വിവിധ മേഖലകളിലുള്ള പുരസ്കാര ജേതാക്കളെ ആദരിക്കൽ, കാർഷികോത്സവ സമ്മേളനം എന്നിവ നടക്കും.
എല്ലാ ദിവസവും വൈകിട്ട് ഏഴിന് പ്രമുഖരായ കലാകാരന്മാർ അണിനിരക്കുന്ന സംഗീതനിശാ, നൃത്തസന്ധ്യ എന്നിവയും അരങ്ങേറും. സമാപന ദിവസമായ സെപ്‌തംബർ രണ്ടിന് ഓണാഘോഷവും പൂക്കളമത്സരം, വടംവലി, പാചക മത്സരം എന്നിവയും നടക്കും.
പരിപാടിയുടെ മുന്നോടിയായി 18 അനുബന്ധ സെമിനാറുകൾ പൂർത്തിയായി കഴിഞ്ഞു. മണ്ഡലത്തിന്റെ വിവിധ മേഖലകളിൽ കാർഷിക സംഗമങ്ങളോടെയാണ് സെമിനാറുകൾ സംഘടിപ്പിച്ചത്.
കൂവ കർഷകർ, നെൽകർഷകർ, കരിമ്പ് കർഷകർ, യുവ - കുട്ടി കർഷകർ, പൊക്കാളി കർഷകർ, ചെറുധാന്യ കർഷകർ, മരച്ചീനി കർഷകർ, മുട്ട കർഷകർ, പച്ചക്കറി കർഷകർ, ക്ഷീര കർഷകർ, മത്സ്യകർഷകർ, കൂൺ കർഷകർ, ഉദ്യോഗസ്ഥർ, റസിഡന്റ്സ് അസോസിയേഷനുകൾ, കുടുംബശ്രീ, തദ്ദേശസ്ഥാപനങ്ങൾ എന്നിവരുടെ പ്രത്യേക സംഗമങ്ങളും നടന്നു.
കാർഷിക സംസ്കൃതി വീണ്ടെടുക്കണമെന്ന സന്ദേശവുമായി കാർഷികോത്സവ കലാരൂപമായ കടമ്പൻ മൂത്താൻ മണ്ഡലത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തി.
കൃഷിക്കൊപ്പം കളമശ്ശേരിയുടെ ഭാഗമായുള്ള വിളവെടുപ്പുത്സവം ആഗസ്റ്റ് 25 ന് നടക്കും. കാർഷികോത്സവത്തിലേക്കുള്ള പ്രവേശനം സൗജന്യമാണ്.