കൊച്ചി-മുസിരിസ് ബിനാലെ; ഇടം കലാപ്രദര്‍ശനത്തിന് തുടക്കമായി

New Update
Pic  .1
കൊച്ചി: കേരളത്തിൽ നിന്നുള്ള പ്രാദേശിക കലാകരന്മാർക്കായി കൊച്ചി ബിനാലെ ഫൗണ്ടേഷൻ (കെ.ബി.എഫ്) ഒരുക്കുന്ന ‘ഇടം’ പ്രദർശനത്തിന് തുടക്കമായി. ശനിയാഴ്ച ആരംഭിച്ച ഈ പ്രദർശനം ഡിസംബർ 12-ന് തുടങ്ങുന്ന കൊച്ചി-മുസിരിസ് ബിനാലെയ്ക്ക് (കെ.എം.ബി) സമാന്തരമായാണ് നടക്കുന്നത്.
Advertisment

കലാകാരരായ ഐശ്വര്യ സുരേഷും കെ.എം. മധുസൂദനനും ക്യൂറേറ്റ് ചെയ്യുന്ന 'ഇടം', മട്ടാഞ്ചേരിയിലെ ബസാർ റോഡിൽ ക്യൂബ് ആർട്ട് സ്പേസസ്, അർമാൻ കളക്ടീവ് ആൻഡ് കഫേ, ഗാർഡൻ കൺവെൻഷൻ സെന്റർ എന്നിവിടങ്ങളിലായാണ് നടക്കുന്നത്. 36 കലാകാരന്മാര്‍/കളക്റ്റീവുകള്‍ എന്നിവര്‍ ഇതില്‍ പങ്കെടുക്കും.

അന്തർദേശീയ തലത്തിൽ പ്രശസ്തനായ ചലച്ചിത്രകാരനും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ആർട്ടിസ്റ്റുമാണ്  കെ.എം. മധുസൂദനൻ. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന, ടെക്സ്റ്റൈൽ അധിഷ്ഠിത ആർട്ടിസ്റ്റും ക്യൂറേറ്ററും കലാധ്യാപികയുമാണ് ഐശ്വര്യ സുരേഷ്.

കേരളത്തിലെ കലാകാരന്മാരുടെ  ആശയങ്ങളെയും ചിന്തകളെയും സമകാലീനകലാലോകത്തിലെ പ്രമുഖര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതിനുള്ള വലിയ വേദിയാണ് ഇടമെന്ന് കൊച്ചി-മുസിരിസ് ബിനാലെ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി പറഞ്ഞു. കേരളത്തിന്റെ പാരമ്പര്യം, പൈതൃകം, സംസ്കാരം തുടങ്ങിയവയില്‍ ആഴ്ന്നിറങ്ങിയ കലാസൃഷ്ടികള്‍ ലോകമെമ്പാടുമുള്ള മറ്റ് സംസ്കാരങ്ങളുടെ സൃഷ്ടികളുമായി എത്രമാത്രം ചേര്‍ന്ന് നില്‍ക്കുന്നുവെന്ന് ഇതിലൂടെ അറിയാനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രാദേശിക കലാപ്രവര്‍ത്തകര്‍ നടത്തുന്ന ചെറുത്തുനിൽപ്പുകളെ ആദരിക്കുന്നതിനോടൊപ്പം അവരുടെ കലയ്ക്ക് നല്‍കുന്ന അംഗീകാരം കൂടിയാണ് ഇടമെന്ന് കെബിഫ് ഡയറക്ടർ ഓഫ് പ്രോഗ്രാംസ് മാരിയോ ഡിസൂസ പറഞ്ഞു. തലമുറകളെ ബന്ധിപ്പിക്കുന്ന ഒരു സംവാദമായിട്ടാണ് ഞങ്ങൾ ഈ പ്രദർശനത്തെ സമീപിക്കാൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഭിമന്യു ഗോവിന്ദൻ, അബിൻ ശ്രീധരൻ കെ.പി, അബുൽ കലാം ആസാദ്, അനു ജോൺ ഡേവിഡ്, അരുൺ ബി, അഷിത പി.എച്ച്, അസ്ന എം.എ-തസ്നി എം.എ, ദേവിക സുന്ദർ, ദേവു നെന്മാറ, ഡിബിൻ തിലകൻ, ഗ്രീഷ്മ സി, ഡോ. ഇന്ദു ആന്റണി, ജോഷ് പി.എസ്, കീർത്തന കുന്നത്ത്, കീർത്തി ആർ, ലതീഷ് ലക്ഷ്മൺ, മധു കപ്പാരത്ത്, മധുരാജ്, മെഹ്ജ വി.എസ്, മുരളി ചീരോത്ത്, സുധീഷ് യെഴുവത്ത്, പി.എൻ. ഗോപീകൃഷ്ണൻ, ജയരാജ് സുന്ദരേശൻ, നിഖിൽ വെട്ടുകാട്ടിൽ, നിത്യ എ.എസ്, പ്രീതി വടക്കത്ത്, രാധ ഗോമതി, രാഹുൽ ബുസ്കി, രാജീവൻ അയ്യപ്പൻ, രാമു അരവിന്ദൻ, രഞ്ജിത്ത് രാമൻ, സെബാസ്റ്റ്യൻ വർഗ്ഗീസ്, ഷാദിയ സി.കെ, സിബി മെർലിൻ അഭിമന്യു, സോണിയ ജോസ്, ശ്രീജു രാധാകൃഷ്ണൻ, ടോം ജെ. വട്ടക്കുഴി, ഉമേഷ് പി.കെ, വിശാഖ് മേനോൻ എന്നിവരാണ് 'ഇടം' പ്രദർശനത്തിൽ പങ്കെടുക്കുന്ന കലാകാരന്മാർ.
Advertisment