ഫോർട്ട് കൊച്ചിയിൽ പ്രോന്റോ പ്ലേറ്റ് ലിത്തോഗ്രാഫി വർക്ക്ഷോപ്പുമായി കൊച്ചി-മുസിരിസ് ബിനാലെ

New Update
abc work shope
കൊച്ചി: കലാവാസന ഏറെ ആവശ്യമായ പ്രോന്റോ പ്ലേറ്റ് ലിത്തോഗ്രാഫിയിൽ രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ‘പ്രതിബിംബ്’ പരിശീലന കളരിയുമായി കൊച്ചി-മുസിരിസ് ബിനാലെ. ഫോർട്ട് കൊച്ചി വാട്ടർ മെട്രോയിലുള്ള എബിസി ആർട്ട് റൂമിൽ ബുധനാഴ്ച ആരംഭിക്കുന്ന ഈ വർക്ക്ഷോപ്പിന് പ്രശസ്ത കലാകാരനും പ്രിന്റ് മേക്കറുമായ ജയസിംഹ ചന്ദ്രശേഖർ നേതൃത്വം നൽകും. താൽപ്പര്യമുള്ളവര്‍ക്ക് ഈ പരിപാടിയിൽ സൗജന്യമായി പങ്കെടുക്കാവുന്നതാണ്.

പരമ്പരാഗത ലിത്തോഗ്രാഫിയെന്നാല്‍ കല്ല് കൊണ്ടുള്ള അച്ചടിയിലാണ്. ഇതിന്റെ ആധുനികവും ലളിതവുമായ വകഭേദമായ പ്രോന്റോ പ്ലേറ്റ് ലിത്തോഗ്രാഫി. പോളിസ്റ്റര്‍ പ്രതലത്തില്‍ അക്ഷരങ്ങളും വരകളും തീര്‍ത്ത് അച്ചടിച്ച് എടുക്കുകയാണ് ചെയ്യുന്നത്. യന്ത്രസാമഗ്രികളുടെ സഹായമില്ലാതെ എങ്ങനെ മനോഹരമായ പ്രിന്റുകൾ നിർമ്മിക്കാം എന്നതാണ് പരിശീലനകളരിയിലൂടെ പഠിപ്പിക്കുന്നത്.

ബുധനും വ്യാഴവുമായി നടക്കുന്ന പരിപാടിയില്‍ ലിത്തോഗ്രാഫിക് അച്ചടിയുടെ അടിസ്ഥാനമായ ഓയിൽ-വാട്ടർ രീതിയെക്കുറിച്ചും ഗ്രീസ് അധിഷ്ഠിത ചിത്രരചനാ രീതികളെക്കുറിച്ചും പങ്കെടുക്കുന്നവര്‍ക്ക് നേരിട്ട് മനസ്സിലാക്കാൻ സാധിക്കും.

ഭംഗിയ്ക്കപ്പുറത്തേക്ക് ഈ അച്ചടിയുടെ പ്രക്രിയയ്ക്കാണ് വർക്ക്ഷോപ്പ് പ്രാധാന്യം നല്‍കുന്നത്. പരീക്ഷണങ്ങൾക്കും സർഗ്ഗാത്മകമായ ആവിഷ്കാരങ്ങൾക്കും പറ്റിയ മാധ്യമമാണിത്. ലിത്തോഗ്രാഫി പ്ലേറ്റ് തയ്യാറാക്കൽ, ചിത്രമൊരുക്കല്‍, മഷി പുരട്ടൽ, ഹാൻഡ് പ്രിന്റിംഗ് സാങ്കേതിക വിദ്യകൾ എന്നിവയിൽ വിദഗ്ധ പരിശീലനം ലഭിക്കുന്ന പങ്കാളികൾക്ക് പരിശീലനത്തിന്റെ അവസാനം സ്വന്തമായി പ്രിന്റുകൾ തയ്യാറാക്കാനും അവസരമുണ്ടാകും.

രാവിലെ 9.30 മുതൽ 12.30 വരെയും ഉച്ചയ്ക്ക് ശേഷം 3.00 മുതൽ 6.00 വരെയുമാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. തുടക്കക്കാർക്കും ഈ മേഖലയിലുള്ള കലാകാരന്മാർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ മുൻപരിചയം ആവശ്യമില്ല. താൽപ്പര്യമുള്ളവർക്ക് ഓൺലൈൻ ഫോം വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്യാവുന്നതാണ്.

രജിസ്ട്രേഷനായി ഈ ലിങ്ക് സന്ദർശിക്കുക:  https://docs.google.com/forms/d/e/1FAIpQLSee9ieUwtOdc5lJEaDNSzdBwDFveI8UHu1T6JLJRS2cJCq82w/viewform?usp=dialog
Advertisment
Advertisment