കൊല്ലം: ഭിന്നശേഷി കുട്ടികളുടെ വിനോദ-ഉല്ലാസവും, ആരോഗ്യ സംരക്ഷണവും ഉറപ്പാക്കി ചവറ ബ്ലോക്ക് പഞ്ചായത്ത്. 2024-25 കാലയളവിൽ 36,68,571 രൂപ വകയിരുത്തി വ്യത്യസ്ത പദ്ധതികളാണ് പഞ്ചായത്ത് നടപ്പാക്കിയത്.
ഭിന്നശേഷി കുട്ടികൾക്ക് ആകാശത്തിന്റെ അതിർവരമ്പുകൾ കാണാനും ആസ്വദിക്കാനും ചവറ ബ്ലോക്ക് പഞ്ചായത്ത് മുന്നോട്ടുവെച്ച പദ്ധതിയാണ് 'ഉല്ലാസം'.
2024-25 കാലയളവിൽ ബ്ലോക്ക് വികസന ഫണ്ടിൽ നിന്നും 3,50,000 രൂപ വകയിരുത്തി സംസ്ഥാന ടൂർ ഫെഡ് മുഖേനയാണ് പഞ്ചായത്ത് പദ്ധതി നടപ്പാക്കിയത്.
വീടിന്റെ ജനൽ പാളികളിലൂടെ മാത്രം ആകാശം കാണാൻ വിധിക്കപ്പെട്ടവർ എന്ന് സ്വയം ആശ്വസിക്കാൻ പഠിച്ച കുഞ്ഞുങ്ങൾക്ക് ആകാശയാത്ര സാധ്യമാക്കാൻ ചവറ ബ്ലോക്ക് പഞ്ചായത്തും കൊല്ലം, എറണാകുളം ജില്ലകളിലെ റെയിൽവേ പോട്ടർമാരും എത്തി.
പദ്ധതിയുടെ ആദ്യഘട്ടമായി പഞ്ചായത്ത് തലത്തിൽ ഭിന്നശേഷി ഗ്രാമസഭ നടത്തി വിശദമായ ശാരീരിക പരിശോധനയ്ക്ക് ശേഷമാണ് കുട്ടികളെ തിരഞ്ഞെടുത്തത്.
2024 ഡിസംബറിൽ 11 ഭിന്നശേഷി കുട്ടികളും അവരുടെ രക്ഷകർത്താക്കളും നിരീക്ഷണസമിതി സംഘവും, ആരോഗ്യസംഘവും ചവറ ബ്ലോക്ക് പഞ്ചായത്തിൽ നിന്നും ബസ് മാർഗം തിരുവനന്തപുരം എയർപോർട്ടിലേക്ക് പുറപ്പെട്ടു.
വിമാനമാർഗം കൊച്ചിയിലെത്തിയ സംഘം അവിടെനിന്ന് മറ്റൊരു വാഹനത്തിൽ മറൈൻഡ്രൈവിൽ എത്തി, 'സാഗരറാണി' കപ്പലിൽ രണ്ടുമണിക്കൂർ നീണ്ട ഉല്ലാസയാത്ര നടത്തി.
ജലയാത്ര ആഘോഷമാക്കി തീർക്കാൻ ഡിജെ പാർട്ടിയും, നാദ മേളങ്ങളും അണിചേർന്നു. എറണാകുളത്ത് നിന്നും ട്രെയിൻ വഴി കൊല്ലത്ത് എത്തിച്ചേർന്നു. ഈ വർഷവും 'ഭിന്നശേഷി കുട്ടികൾക്ക് വിമാനയാത്ര' എന്ന പേരിൽ പദ്ധതി വകയിരുത്തിട്ടുണ്ട്.
ബ്ലോക്ക് പരിധിയിൽ സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള ഭിന്നശേഷി കുട്ടികൾക്ക് സൗജന്യമായി മരുന്നു നൽകുന്ന പദ്ധതിയാണ് ''വിദ്യാസാന്ത്വന കിരണം'.
2024-25 സാമ്പത്തിക പദ്ധതിയിൽ ഉൾപ്പെടുത്തി വികസന ഫണ്ടിൽ നിന്നും 11 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കിയത്. ആദ്യഘട്ടം മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ച് മുഴുവൻ ഭിന്നശേഷി കുട്ടികൾക്കും ഡോക്ടർ നിർദ്ദേശിച്ച മരുന്നുകൾ സൗജന്യമായി ചവറ സി.എച്ച്.സി വഴി വിതരണം നടത്തി.
എല്ലാ മാസവും രക്ഷിതാക്കൾ സി.എച്ച്.സി യിലെത്തിയാണ് മരുന്നുകൾ കൈപ്പറ്റുന്നത്. മാസം 4,000 രൂപ വിലവരുന്ന മരുന്നുകളാണ് ലഭ്യമാക്കുന്നത്. കുട്ടികൾക്ക് വേണ്ടുന്ന ഡയപ്പർ വിതരണവും നടത്തുന്നു.
ചവറ ബ്ലോക്ക് പരിധിയിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഫിസിയോതെറാപ്പി ചികിത്സാ ഉറപ്പാക്കുന്നതിന് ബ്ലോക്ക് പഞ്ചായത്ത് മുന്നോട്ട് വെച്ച നൂതന ആശയമാണ് മൊബൈൽ ഫിസിയോതെറാപ്പി.
ഇതിനായി 2024-25 സാമ്പത്തിക വർഷം വികസന ഫണ്ടിൽ നിന്നും 60,000 രൂപ വകയിരുത്തി 'സാന്ത്വന സാരഥി' പദ്ധതി നടപ്പിലാക്കി. ആദ്യഘട്ടം ബി.ആർ.സി യുടെ പങ്കാളിത്തത്തോടെ വാഹനം വാടകയ്ക്ക് എടുത്ത് കുട്ടികളെ വീടുകളിൽ നിന്ന് ഫിസിയോതെറാപ്പി സെന്ററുകളിലേക്ക് എത്തിച്ചു.
രണ്ടാം ഘട്ടം ഫിസിയോതെറാപ്പി സെന്ററുകളിൽ എത്താൻ ബുദ്ധിമുട്ട് നേരിടുന്ന കുട്ടികളുടെ വീടുകളിലേക്ക് ബി.ആർ.സി യിലെ ഫിസിയോതെറാപ്പിസ്റ്റും അനുബന്ധ സംവിധാനങ്ങളുമെത്തിയാണ് പരിചരണം നൽകുന്നത്.
ഈ പദ്ധതികൾക്ക് പുറമെ 2024-25 വർഷം 1,25,000 രൂപ വകയിരുത്തി ഭിന്നശേഷി കലോത്സവവും, 20,50,000 രൂപ ഭിന്നശേഷി കുട്ടികൾക്ക് സ്‌കോളർഷിപ്പും നൽകിവരുന്നു.
വരും വർഷങ്ങളിലും ഇത്തരം പദ്ധതികൾ വിജയിപ്പിച്ച് ഭിന്നശേഷി സൗഹൃദ ബ്ലോക്കെന്ന അംഗീകാരം നേടുകയാണ് ലക്ഷ്യമെന്ന് ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി വ്യക്തമാക്കി.