കൊല്ലം: വളർന്നുവരുന്ന തലമുറകൾക്ക് പരിസ്ഥിതിയുടെ ‘തണലൊരുക്കുന്ന’ മാതൃകയുമായി കൊല്ലം ജില്ലാ ശിശുക്ഷേമ സമിതി.
‘തളിർ ബാല്യത്തിന് ഒരു കരുതൽ' പദ്ധതിയിലൂടെ ഇനി സർക്കാർ വിക്‌ടോറിയ ആശുപത്രിയിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് വൃക്ഷതൈ സമ്മാനമായി നൽകും.
തളിരിടുന്ന ബാല്യത്തിനൊപ്പം വരുമാനസ്രോതസായും വളരുന്ന തേക്കിൻതൈകളാണ് സമ്മാനിക്കുക. നാല് ഘട്ടങ്ങളിലായി നടപ്പിലാക്കുന്ന പദ്ധതിയിലൂടെ 1000 തൈകൾ അമ്മയ്ക്കും കുഞ്ഞിനും നൽകും.
വിതരണംചെയ്ത തൈകളുടെ പരിപാലനം അംഗനവാടികൾ വഴി നിർവഹിക്കും. റോട്ടറി ക്ലബ് ഓഫ് കൊല്ലം ബൈപാസ് സിറ്റിയുടെ സഹകരണത്തോടെയാണ് പദ്ധതിനിർവഹണം.
ബാലസൗഹൃദ ജില്ലായാക്കി മാറ്റുന്നതിന്റെ ഭാഗമായി വിദ്യാർഥികൾക്ക് പ്രചോദനമാകുന്ന പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
പരിസ്ഥിതിപാലനത്തിൽ മികവു പുലർത്തുന്ന സ്‌കൂളുകൾക്ക് ‘ഭൂമിത്രവിദ്യാലയം' പുരസ്‌കാരവും ഏർപ്പെടുത്തും.
ശിശു വികസന സമിതിയുടെ ‘മാതൃയാനം’ പദ്ധതിവഴി പ്രസവശേഷം അമ്മയെയും കുഞ്ഞിനെയും സൗജന്യമായി വാഹനത്തിൽ വീട്ടിലെത്തിക്കുന്നുണ്ട് എന്ന് ശിശുക്ഷേമ സമിതി സെക്രട്ടറി ഡി. ഷൈൻദേവ് അറിയിച്ചു.
‘തളിർ ബാല്യത്തിന് ഒരു കരുതൽ' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം സർക്കാർ വിക്‌ടോറിയ ആശുപത്രിയിൽ 13ന് രാവിലെ 11ന് ബാലവകാശ കമ്മീഷൻ ചെയർമാൻ കെ.വി.മനോജ് കുമാർ നിർവഹിക്കും.
ഉദ്ഘാടനതലേന്ന് ആശുപത്രിയിൽ ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം കണക്കാക്കി അത്രയും വൃക്ഷതൈകൾ ആശുപത്രി പരിസരത്ത് നടുന്നുമുണ്ട്.