കൊല്ലം: ഭിന്നശേഷിവിഭാഗത്തെ പരിമിതികളില്ലാത്തവണ്ണം മുഖ്യധാരയില്‍ നിലനിര്‍ത്തുന്നതിന് സര്‍ക്കാര്‍നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൂടുതല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയാണെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍.
ജില്ലാ പഞ്ചായത്ത് ഹാളില്‍ ഭിന്നശേഷിവിഭാഗത്തിലെ ഗുണഭോക്തകള്‍ക്കായുള്ള മുചക്രവാഹനങ്ങളുടെ വിതരണഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സ്‌കൂളുകള്‍, സര്‍ക്കാര്‍ കാര്യാലയങ്ങള്‍ എന്നിവിടങ്ങളില്‍ പ്രത്യേകപരിഗണന ആവശ്യമുള്ളവര്‍ക്കായി തടസരഹിത സൗകര്യങ്ങള്‍ ഉറപ്പാക്കുകയാണ്.
ജില്ലാ പഞ്ചായത്തിന്റെ പദ്ധതിപ്രകാരം 57 മുചക്ര വാഹനങ്ങളാണ് നല്‍കുന്നത്. തദേശ സ്ഥാപനങ്ങളും ഇതര സര്‍ക്കാര്‍ വകുപ്പുകളും ഭിന്നശേഷി വിഭാഗത്തിന്റെ ക്ഷേമത്തിനായി ഒട്ടേറെ പദ്ധതികള്‍ നടപ്പിലാക്കുന്നു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വിവിധ ക്ഷേമ പദ്ധതികള്‍ക്കായി ബഡ്ജറ്റില്‍ നീക്കിവച്ചപണം പൂര്‍ണമായിചിലവഴിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.
ജില്ലാ പഞ്ചായത്ത് 60 ലക്ഷം രൂപയ്ക്കാണ് പദ്ധതി നടപ്പിലാക്കുന്നത് 40 ശതമാനത്തില്‍ കൂടുതല്‍ ചലനവൈകല്യമുള്ള ബിപിഎല്‍ വിഭാഗത്തിലുള്ളവരാണ് ഗുണഭോക്താക്കള്‍.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ ഗോപന്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, സ്റ്റാന്‍ഡിങ് കമ്മിറ്റികളുടെ അധ്യക്ഷരായ അനില്‍ എസ്. കല്ലേലിഭാഗം, ജെ നജീബത്ത്, അംഗങ്ങളായ അഡ്വ. സി പി സുധീഷ് കുമാര്‍, ഗേളി ഷണ്മുഖന്‍, അംബിക കുമാരി, ഷൈന്‍ കുമാര്‍, ജയശ്രീ വാസുദേവന്‍ പിള്ള, പ്രിജി ശശിധരന്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.