കൊല്ലം: തരിശിടങ്ങളിൽ നെൽകൃഷിയുടെ സമൃദ്ധിവിളയിക്കുകയാണ് ജില്ലാ പഞ്ചായത്ത്. ‘കതിർമണി’ പദ്ധതിക്ക് വയസ് രണ്ടാകുമ്പോൾ വിപണിയിൽ നിറയുന്നത് 60 ടൺ മട്ടഅരി.
തരിശ്‌നെൽപ്പാടങ്ങളിൽനിന്ന് മുണ്ടകൻ കൃഷിക്ക് അനുയോജ്യമായവ ഏറ്റെടുത്താണ് കൃഷി. കൃഷിയിടങ്ങൾ കണ്ടെത്തുന്നത് കൃഷിഭവനുകളാണ്.
ഉദ്പാദിപ്പിക്കുന്ന നെല്ലിന് താങ്ങ് വില നൽകുന്നു. അരി സംഭരിച്ച് ജില്ലാ പഞ്ചായത്തിന്റെ ലേബലിൽ ഗുണനിലവാരമുള്ള ഉൽപന്നമാക്കിമാറ്റിയാണ് വിപണയിൽ എത്തിക്കുന്നത്.
325 രൂപയ്ക്ക് അഞ്ച് കിലോ വീതമുള്ള പാക്കറ്റുകളായാണ് വിൽപന. ഉപോൽപ്പന്നങ്ങളായി പൊടിയരിയും തവിടും കൂടിയുണ്ട്.
തനതു പ്ലാൻ ഫണ്ടുകളിൽ നിന്ന് ഒരു കോടി രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 2023-24ലായിരുന്നു ആദ്യഘട്ടം; ജനകീയാസൂത്രണ പദ്ധതിയിലൂടെ 25 കൃഷിഭവനുകൾ മുഖേന 350 ഏക്കർ തരിശിൽ.
സബ്സിഡിയായി ഹെക്ടറിന് 35,000 രൂപയും ഭൂവുടമകൾക്ക് ഇൻസെന്റീവായി 5,000 രൂപയും നൽകി. കിലോയ്ക്ക് 28.20 രൂപ നൽകി നെല്ല് സംഭരിച്ചു.
ഓയിൽ പാം ഇൻഡ്യ ലിമിറ്റഡിന്റെ വെച്ചൂരിലുള്ള മോഡേൺ റൈസ് മില്ലിൽ സംസ്‌കരിച്ച് 'കതിർമണി' ബ്രാൻഡിൽ 60 ശതമാനം തവിട്കലർന്ന ഗുണമേൻയുള്ള അരിയായി വിപണിയിൽ എത്തിച്ചു.
പാടശേഖരസമിതികൾ, സ്വയംസഹായ സംഘങ്ങൾ, കൃഷിക്കൂട്ടങ്ങൾ, ഗ്രന്ഥശാല കൂട്ടായ്മകൾ എന്നിവ മുഖേനയാണ് കൃഷി നടത്തിയത്. 350 ടൺ നെല്ല് ഉദ്പാദിപ്പിച്ചു.
രണ്ടാം ഘട്ടത്തിൽ (2024-25) 241.4 ഏക്കർ തരിശ്‌നിലത്തിൽ കൃഷി നടത്തി. തട്ടാർക്കോണം, ചെറിയേല, ചടയമംഗലം, തേവലക്കര പാടശേഖരങ്ങളിൽ ജ്യോതി, ഉമ, ശ്രേയസ് നെല്ലിനങ്ങൾ കൃഷിചെയ്ത് 52 ടൺ നെല്ല് സംഭരിച്ചു.
ജില്ലാപഞ്ചായത്ത് ഓഫീസ് ഔട്ട്‌ലെറ്റ്, കുടുംബശ്രീ എക്കോ ഷോപ്പുകൾ, കൃഷിഭവനുകൾ, തിരഞ്ഞെടുക്കപ്പെട്ട സൂപ്പർമാർക്കറ്റുകൾ വഴി കതിർമണി നാടാകെയെത്തിച്ചു.
മൂന്നാംഘട്ടത്തിൽ (2025-26) പുതുതായി 250 ഏക്കറിൽ വ്യാപിപ്പിക്കുന്ന കൃഷി സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ ആരംഭിക്കും. തരിശായ 450 ഏക്കറിൽ നെൽകൃഷി വ്യാപിപ്പിക്കാനാണ് പദ്ധതികാരണമായത്.
തരിശു നിലങ്ങൾ കൃഷിയോഗ്യമാക്കുന്നതിനൊപ്പം കർഷകർക്ക് മികച്ച വരുമാനവും ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ.ഗോപൻ വ്യക്തമാക്കി.