കൊല്ലം: കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം രാമായണമാസം പ്രമാണിച്ച് തൃശൂര്‍, എറണാകുളം, കോട്ടയം ജില്ലകളിലെ നാലമ്പല ദര്‍ശനവും ആറന്മുള വള്ളസദ്യ ഉള്‍പ്പെടുന്ന പഞ്ചപാണ്ഡവക്ഷേത്ര യാത്രകള്‍ ഒരുക്കി.
തൃശൂര്‍ നാലമ്പലങ്ങളായ തൃപ്രയാര്‍, കൂടല്‍ മാണിക്യം, മൂഴിക്കുളം, പായമ്മല്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുന്ന നാലമ്പല തീര്‍ത്ഥാടനം ഓഗസ്റ്റ് ഒന്ന്, ഏഴ്, 13, 15 തീയതകളില്‍ രാത്രി എട്ടിന് ആരംഭിച്ച് അടുത്ത ദിവസം വൈകുന്നേരത്തോടെ മടങ്ങി എത്തുന്ന യാത്രയ്ക്ക് 1320 രൂപയാണ് നിരക്ക്.
ഓഗസ്റ്റ് ഒമ്പത്,10, 15, 16 തീയതികളിലാണ് എറണാകുളം നാലമ്പല യാത്ര. മാമലശ്ശേരി ശ്രീരാമ ക്ഷേത്രം, മേല്‍മുറി ഭരത ക്ഷേത്രം, മുളക്കുളം ശ്രീ ലക്ഷ്മണ ക്ഷേത്രം, മാമലശ്ശേരി ശത്രുഘ്‌ന ക്ഷേത്രം എന്നിവയാണ് ഉള്‍പ്പെട്ടിരിക്കുന്നത്.
രാവിലെ അഞ്ചിന് ആരംഭിച്ച് രാത്രി ഒമ്പതോടെ മടങ്ങിയെത്തുന്ന യാത്രയ്ക്ക് 840 രൂപയാണ്.
ഓഗസ്റ്റ് മൂന്ന്, 16 തീയതകളില്‍ കോട്ടയം നാലമ്പല യാത്ര ഉണ്ടായിരിക്കും. ആറന്മുള വള്ളസദ്യ ഉള്‍പ്പെടുന്ന പഞ്ചപാണ്ഡവ ക്ഷേത്രദര്‍ശനം ഓഗസ്റ്റ് 10, 14, 15, 23, 30 ദിവസങ്ങളിലാണ്. പഞ്ചപാണ്ഡവരാല്‍ പ്രതിഷ്ഠിതമായ അഞ്ചു മഹാവിഷ്ണു ക്ഷേത്രങ്ങളാണ് തീര്‍ത്ഥാടനത്തില്‍ ഉള്‍പ്പെടുന്നത്.
പള്ളിയോട സേവാ സംഘം ഒരുക്കുന്ന വള്ളസദ്യ ഉള്‍പ്പെടെ 910 രൂപയാണ് നിരക്ക്.
തീര്‍ത്ഥാടന യാത്രകള്‍ക്ക് പുറമേ നിരവധി വിനോദസഞ്ചാര യാത്രകളും ചാര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഓഗസ്റ്റ് രണ്ട്, ഒമ്പത്, 17 തീയതികളില്‍ മലരിക്കല്‍ ആമ്പല്‍ പാടം, ഹില്‍ പാലസ് മ്യൂസിയം, കൊച്ചൊരിക്കല്‍ ഗുഹ, അരീക്കല്‍ വെള്ളച്ചാട്ടം എന്നിവ ഉള്‍പ്പെടുന്ന യാത്ര സംഘടിപ്പിച്ചിട്ടുണ്ട്.
890 രൂപയാണ് നിരക്ക്. ഓഗസ്റ്റ് മൂന്നിന്റെ വാഗമണ്‍ യാത്ര രാവിലെ അഞ്ചിന് ആരംഭിക്കും. ഉച്ചഭക്ഷണം ഉള്‍പ്പെടെ 1020 രൂപയാണ് നിരക്ക്. കാനന യാത്രയായ ഗവി ഏഴ്,19 തീയതികളിലാണ്.
1750 രൂപയാണ് നിരക്ക്. ഓഗസ്റ്റ് ഒമ്പതിലെ പൊന്മുടി യാത്ര രാവിലെ 6.30 ന് ആരംഭിച്ചു രാത്രി ഒമ്പതോടെ മടങ്ങി എത്തും. 650 രൂപയാണ് നിരക്ക്.
ഇല്ലിക്കല്‍ കല്ല്- ഇലവീഴാ പൂഞ്ചിറ യാത്ര 10, 17 തീയതികളില്‍ ചാര്‍ട്ട് ചെയ്തിട്ടുണ്ട്. 820 രൂപയാണ് നിരക്ക്. അന്വേഷണങ്ങള്‍ക്ക്: 9747969768, 9995554409.