/sathyam/media/media_files/YAPaBPWTFMEn3Fcwpz1p.jpeg)
ചടയമംഗലം ∙ വേനലിൽ കടുത്ത ചൂടിൽ വൻ കൃഷി നാശം. ചുട്ടുപൊള്ളുന്ന വെയിലിൽ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയും. ചൂടേറ്റു വാഴകൾ നശിക്കുന്നത് പതിവായതോടെ കർഷകർക്കു വൻ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. റബർ കർഷകരുടെ സ്ഥിതിയും മറിച്ചല്ല. നൂറുകണക്കിനു വാഴകൾ ആണ് നശിച്ച് പല കർഷകർക്കും നഷ്ടമുണ്ടായിരിക്കുന്നത്. കുലച്ചതും കുലയ്ക്കാത്തതും ആയ വാഴകൾ ഒടിഞ്ഞു വീഴുകയാണ്.
കുലച്ചു പാകമാകും മുൻപ് വാഴകൾ നശിക്കുന്നത് കർഷകർക്ക് കനത്ത ആഘാതമാണ് ഏൽപ്പിച്ചിരിക്കുന്നത്. ചടയമംഗലം പഞ്ചായത്തിൽ വരുന്ന മഞ്ഞപ്പാറയിൽ അഫ്സൽ കോട്ടേജിൽ അബ്ദുൽ മനാഫിന്റെ നൂറുകണക്കിന് വാഴകൾ നശിച്ചു.ചടയമംഗലം, കടയ്ക്കൽ, ഇട്ടിവ, നിലമേൽ, ചിതറ, കുമ്മിൾ പഞ്ചായത്തുകളിൽ കർഷകർക്ക് വൻ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. പഞ്ചായത്തിലും കൃഷിഭവനുകളിലും നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതി നൽകിയാൽ ഒന്നും ലഭിക്കുന്നില്ലെന്നു കർഷകർ പറയുന്നു.
കൃഷി ഭവൻ വഴി നൽകുന്ന പരാതിക്ക് ചിലപ്പോൾ ചെറിയൊരു നഷ്ട പരിഹാരം കിട്ടിയേക്കും. അതിനും കൃത്യത ഇല്ല.റബറിനെയും ഉണക്ക് ബാധിച്ചു. റബർ മരങ്ങളിൽ ഇലകൾ കരിഞ്ഞു ഉണങ്ങിയ നിലയിൽ ആണ്. കൃഷി വകുപ്പിന്റെ കടയ്ക്കൽ വിത്തുൽപാദന കേന്ദ്രത്തിൽ നെൽക്കൃഷി നടത്താൻ ആകാത്ത സ്ഥിതിയാണ്. ചില സ്ഥലങ്ങളിലെ നെൽക്കൃഷി കരിഞ്ഞുണങ്ങി. ഫാമിനകത്തെ കുളങ്ങളിലും വെള്ളം കുറഞ്ഞു. ഫാമിനകത്തു കൂടിയുള്ള തോടും വറ്റി വരണ്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us