/sathyam/media/media_files/em61Fbq9eYkuueNsZhKu.jpeg)
കുണ്ടറ∙ വേനൽ കടുത്തതോടെ മേഖലയിൽ ശുദ്ധജല ക്ഷാമം അതിരൂക്ഷമായി. കുണ്ടറ, ഇളമ്പള്ളൂർ, പെരിനാട്, പേരയം, കൊറ്റങ്കര, കിഴക്കേ കല്ലട പഞ്ചായത്തുകളിലാണ് ഏറെ പ്രതിസന്ധി. ഭൂരിഭാഗം വീടുകളിലെയും കിണറുകൾ വറ്റി. വെള്ളമുള്ള കിണറുകളിൽ നിന്നു നിത്യോപയോഗത്തിന് ആവശ്യമായ അളവിൽ ലഭ്യമല്ല. പഞ്ചായത്തുകളിൽ ജല ജീവൻ പദ്ധതി നടപ്പിലാക്കിയെങ്കിലും ആവശ്യാനുസരണം വിതരണം ചെയ്യാൻ ജല അതോറിറ്റിക്കും കഴിയുന്നില്ല. പദ്ധതിയിൽ ഉപഭോക്താക്കൾ കൂടിയെങ്കിലും ആനുപാതികമായി ജല സംഭരണികൾ ഇല്ലാത്തതാണു വകുപ്പ് നേരിടുന്ന പ്രശ്നം.
നിയന്ത്രണ വിധേയമായിട്ടാണ് ജല വിതരണം നടത്തുന്നത്. എന്നാൽ വിതരണ പൈപ്പിൽ നിന്ന് ആദ്യമുള്ള ഉപഭോക്താക്കൾ വെള്ളം എടുക്കുമ്പോൾ ഉയർന്ന പ്രദേശങ്ങളിൽ കിട്ടാതാകും. വിതരണം ഇല്ലെങ്കിലും ബിൽ നൽകുന്നതായും പരാതി ഉണ്ട്. പെരിനാട് പഞ്ചായത്തിന്റെ പ്രധാന പദ്ധതിയായ നാന്തിരിക്കൽ സൂനാമി ജല വിതരണ പദ്ധതിയിലെ കുഴൽക്കിണർ ഇടിഞ്ഞതിനെ തുടർന്നു ജല വിതരണം തടസ്സപ്പെട്ടിട്ടു മാസങ്ങളായി. പുതിയ കിണർ കുഴിച്ചെങ്കിലും പമ്പ് സ്ഥാപിക്കാനുള്ള നടപടിക്രമങ്ങൾ ഇതുവരെ പൂർത്തിയായിട്ടില്ല.
കെഐപി കനാലിനെ ആശ്രയിച്ചാണ് ഇളമ്പള്ളൂർ പെരുമ്പുഴ ചിറ പദ്ധതി വഴി ജല വിതരണം നടക്കുന്നത്. കനാൽ അടച്ചതോടെ വിതരണം അവതാളത്തിലായി. കുണ്ടറ, പേരയം പഞ്ചായത്തുകളിൽ വാർഡ്തല കുഴൽക്കിണർ പദ്ധതികൾ ഉണ്ടെങ്കിലും കൂടുതൽ പേരും ആശ്രയിക്കുന്നത് ജല അതോറിറ്റിയെ ആണ്. മുൻപില്ലാത്ത വിധം ചിറ്റുമല ചിറ വരണ്ടതാണു ചിറയെ ആശ്രയിക്കുന്ന കിഴക്കേ കല്ലട പഞ്ചായത്തിൽ ജലക്ഷാമം രൂക്ഷമാകാൻ കാരണം. ഇരുപതോളം കുഴൽക്കിണറുകളെ ആശ്രയിച്ചാണു കൊറ്റങ്കര പഞ്ചായത്തിലെ ജല വിതരണം.
വരൾച്ച കടുത്തതോടെ ഭൂഗർഭ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നു. ഇതോടെ കുഴൽ ക്കിണറുകളിൽ ആവശ്യമായ വെള്ളം പമ്പ് ചെയ്യാൻ കഴിയാതെയായി. നിലവിലുള്ളവ മാറ്റി ശക്തി കൂടിയ പമ്പുകൾ സ്ഥാപിക്കേണ്ട സ്ഥിതിയാണ്. വാഹനത്തിൽ വെള്ളം വിതരണം ചെയ്യാൻ പഞ്ചായത്തുകൾ നടപടി സ്വീകരിച്ചുവരുന്നു. പെരിനാട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വാഹനങ്ങളിൽ ജലവിതരണം ആരംഭിച്ചിട്ടുണ്ട്. കൊറ്റങ്കര പഞ്ചായത്തിൽ ടെൻഡർ പൂർത്തിയായി. നാളെ മുതൽ വിതരണം ആരംഭിക്കും. ഇളമ്പള്ളൂർ പഞ്ചായത്തിൽ ഇന്നു ടെൻഡർ എടുക്കും. തനതു ഫണ്ട് കുറവുള്ള പേരയം, കിഴക്കേ കല്ലട, പഞ്ചായത്തുകളിൽ ജല വിതരണത്തിനു ഫണ്ട് അനുവദിക്കാൻ കലക്ടർക്കു കത്ത് നൽകാൻ തീരുമാനിച്ചതായി പഞ്ചായത്ത് അധികൃതർ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us