ഞങ്ങൾ സന്തുഷ്ടരാണ്.. വയോജനങ്ങൾക്കായി കോന്നി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പകൽവീട് ഒരുങ്ങി

അറുപതു വയസിനു മുകളിലുള്ളവർക്കാണ് പ്രവേശനം. രാവിലെ പത്തിന് പകൽവീട് ഉണരും. കളിയും ചിരിയും സന്തോഷവും പങ്കിട്ട് ഒരു കൂട്ടം വയോജനങ്ങൾ പകൽ മുഴുവൻ ആസ്വദിക്കും. 

New Update
pakalveedu 3

കോന്നി: വയോജനങ്ങൾക്ക് തണലൊരുക്കി കോന്നി ബ്ലോക്ക് പഞ്ചായത്തിന്റെ പകൽവീട്. വീടുകളിലെ ഏകാന്തതയുടെ മോചനമാണ് പകൽവീട്. വയോജന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ബ്ലോക്ക് പഞ്ചായത്ത് പകൽവീട്  ആരംഭിച്ചത്. 

Advertisment

അറുപതു വയസിനു മുകളിലുള്ളവർക്കാണ് പ്രവേശനം. രാവിലെ പത്തിന് പകൽവീട് ഉണരും. കളിയും ചിരിയും സന്തോഷവും പങ്കിട്ട് ഒരു കൂട്ടം വയോജനങ്ങൾ പകൽ മുഴുവൻ ആസ്വദിക്കും. 


കുടുംബശ്രീയുമായി ചേർന്ന് രാവിലെയും വൈകിട്ടും ചായയും ലഘു ഭക്ഷണവും ഉച്ചയൂണും നൽകുന്നു. എല്ലാ ആഴ്ചയും മീനും ചിക്കനും ഉറപ്പ്. 88 അംഗങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 


ദിവസവും 30 പേരിൽ കുറയാതെ എത്തും. കൂട്ടത്തിലെ മുതിർന്നയാൾക്ക് 87 വയസ്.

ടെലിവിഷൻ, ദിനപത്രം എന്നിവ ഒരുക്കിയിട്ടുണ്ട്. ഉണർവോടുകൂടി ദിനം വരവേൽക്കാൻ യോഗ പരിശീലനം നൽകുന്നു. പ്രമാടം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറിന്റെ സേവനം എല്ലാ മാസവും ലഭ്യം.


വനിതാ ശിശു വികസന വകുപ്പുമായി ചേർന്ന് മാനസിക ശാരീരിക പിരിമുറുക്കങ്ങളിൽ നിന്ന് മോചനത്തിനായി ബോധവൽകരണ ക്ലാസുകളും കാൻസർ, കുഷ്ഠരോഗ പ്രതിരോധ മെഡിക്കൽ ക്യാമ്പുകളും സംഘടിപ്പിക്കുന്നു. 


തൊഴിൽ അധിഷ്ഠിത കവർ നിർമാണ ക്ലാസ്സുകളിൽ ഉത്സാഹമുള്ള വിദ്യാർത്ഥികളാണ് വയോജനങ്ങളെന്ന് പകൽവീട് ചുമതല വഹിക്കുന്ന ഷൈനി കെ. ജോർജ് പറഞ്ഞു.

പകൽവീടിനായി പയർ, പാവൽ, മുളക് , തക്കാളി ഉൾപ്പെട്ട അടുക്കള തോട്ടവും അംഗങ്ങൾ ഒരുക്കിയിട്ടുണ്ട്. വിത്തുകളും ഗ്രോ ബാഗുകളും കൃഷിഭവനിൽ നിന്ന് ലഭിച്ചു. 


വാർധക്യം മറന്ന് വിഷു, ഓണം , റംസാൻ, ക്രിസ്തുമസ്, ജ•ദിനം പോലുള്ളവ ഒരുമിച്ച് ആഘോഷിക്കുന്നു.


ജീവിത സായാഹ്നത്തിൽ സുഖദു:ഖങ്ങൾ പങ്കുവയ്ക്കാനാകാതെ ഏകാന്തത അനുഭവിക്കുന്നവർക്കുള്ള ആശ്വാസമാണ് പകൽവീട്. 

മുതിർന്നവരുടെ അനുഭവസമ്പത്തും അറിവും പ്രയോജനപ്പെടുത്തുന്നതിനൊപ്പം ഇവരെ സ്നേഹിക്കാനും ആദരിക്കാനുമാണ് പകൽ വീട് തയ്യാറാക്കിയതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം വി അമ്പിളി പറഞ്ഞു.

Advertisment