കോട്ടയം: സംസ്ഥാനത്തെ നെൽകർഷകർക്ക് നെല്ല് സംഭരിച്ച ശേഷം നേരിട്ട് പൈസ നൽകാതെ പി.ആർ.എസ് വായ്പയായി നൽകുന്ന രീതി നിർത്തലാക്കി ഇരുപത് ശതമാനം അധികം നൽകി കർഷകരിൽ നിന്ന് നെല്ല് സംഭരിച്ച് തുക നേരിട്ട് കർഷകന് നൽകാൻ സർക്കാർ നടപടി വേണമെന്ന് കേരള പ്രദേശ് ഗാന്ധിദർശൻ വേദി സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച കാർഷിക പ്രമേയത്തിൽ ആവശ്യപ്പെട്ടു.
ആത്മഹത്യയുടെ വക്കിലെത്തി നിൽക്കുന്ന റബ്ബർ കർഷകരെ രക്ഷിക്കാൻ ഒരു കിലോ റബ്ബറിന് മുന്നൂറ് രൂപ തറവില നിശ്ചയിക്കുക. കുരുമുളക്, ഏലം ഉൾപ്പെടെയുള്ള തോട്ടവിളകളെ രക്ഷിക്കാൻ പാക്കേജ് പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രമേയത്തിൽ ഉന്നയിച്ചു.
കർഷകരുടെ മുന്നോട്ടുള്ള ജീവിതത്തിന് സഹായകരമല്ലാത്തതും , ആശാവഹമല്ലാത്തതുമായ നിലപാടുകളും ,നടപടിക്രമങ്ങളും നടപ്പാക്കുന്നതിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും പ്രമേയം അഭ്യർത്ഥിച്ചു. കർഷകനും, ഗാന്ധിദർശൻ വേദി കോട്ടയം ജില്ലാ ചെയർമാനുമായ പ്രസാദ് കൊണ്ടൂപ്പറമ്പിലാണ് പ്രമേയം അവതരിപ്പിച്ചത്. സംസ്ഥാന സെക്രട്ടറി ചെറാശ്ശേരി കൃഷ്ണകുമാർ അനുവാദകനായിരുന്നു.